Follow Us On

28

May

2025

Wednesday

ദൈവസ്വരം ശ്രവിക്കുന്നതിലൂടെ യഥാര്‍ത്ഥ ഐക്യം സാധ്യമാകും: ലിയോ 14 -ാമന്‍ മാര്‍പാപ്പ

റോമിന്റെ ബിഷപ് എന്ന നിലയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ ആദ്യ പ്രസംഗം

ദൈവസ്വരം ശ്രവിക്കുന്നതിലൂടെ യഥാര്‍ത്ഥ ഐക്യം സാധ്യമാകും: ലിയോ 14 -ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവസ്വരത്തിന് കാതോര്‍ക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ കൂട്ടായ്മ കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നതെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിന്റെ ബിഷപ് എന്ന നിലയില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏക ആര്‍ച്ച്ബസിലിക്കയായ സെന്റ് ജോണ്‍ ലാറ്ററന്‍ ദൈവാലയമാണ് റോമിലെ ബിഷപ്പിന്റെ ആസ്ഥാനം.

വിജാതീയ മതങ്ങളില്‍നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന ക്രൈസ്തവര്‍ മോശയുടെ നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ എന്ന ആദിമസഭയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ജറുസലേം കൗണ്‍സില്‍ സഭ ദൈവസ്വരത്തിന് കാതോര്‍ത്ത അവസരത്തിന് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാണിച്ചു.  വളരെ സങ്കീര്‍ണമായ പ്രശ്‌നമായിരുന്നു അത്. സഹിഷ്ണുതയും പരസ്പരമുള്ള ശ്രവണവും ഈ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായിരുന്നു. പുതിയതായി വിശ്വാസം  സ്വീകരിച്ചവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കൂടുല്‍ ഭാരം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കണ്ടെന്നും അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രം അവര്‍ ചെയ്താല്‍ മതിയെന്നുമുള്ള തീരുമാനത്തിലേക്ക് കൗണ്‍സില്‍ എത്തി. അങ്ങനെ സഭ നേരിട്ട വലിയൊരു പ്രതിസന്ധി വിചിന്തനത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരമായി മാറി. ദൈവസ്വരത്തിനായി കൗണ്‍സില്‍ കാതോര്‍ത്തു എന്നതാണ് ഇതില്‍ ഏറ്റവും പ്രസക്തമായ കാര്യം. അത് മറ്റെല്ലാം സാധ്യമാക്കി.

ദൈവസ്വരത്തിനായി കാതോര്‍ക്കുമ്പോള്‍ മാത്രമേ നമ്മുടെ ഉള്ളില്‍ നിന്നുള്ള നിന്ന് ‘അബ്ബാ, പിതാവേ’ എന്ന് നിലവിളിക്കുന്ന ആത്മാവിന്റെ സ്വരം ശ്രവിക്കാനാവുകയുള്ളൂവെന്നും  അങ്ങനെ മറ്റുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവരെ ശ്രവിക്കാന്‍ സാധിക്കുമെന്നും പാപ്പ പറഞ്ഞു.
സുവിശേഷത്താല്‍ നാം എത്രത്തോളം രൂപാന്തരം പ്രാപിക്കുന്നുവോ  അത്രയധികം അതിന്റെ സന്ദേശം പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും എണ്ണമറ്റ രക്തസാക്ഷികളുടെയും സാക്ഷ്യത്തിന്റെ  മഹത്തായ ചരിത്രമുള്ള റോമന്‍ സഭയുടെ പൈതൃകത്തെ അനുസ്മരിച്ച പാപ്പ ‘എല്ലാ സഭകളുടെയും മാതാവ്’ ആയിരിക്കുക എന്നതാണ് റോമായിലെ സഭയുടെ ദൗത്യമെന്ന് ഓര്‍മിപ്പിച്ചു.

എ.ഡി. 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി മതസ്വാതന്ത്ര്യം നിയമവിധേയമാക്കിയതിനുശേഷം റോമില്‍ നിര്‍മ്മിച്ച ആദ്യത്തെ വലിയ ക്രൈസ്തവ കെട്ടിടമായ ബസിലിക്കയില്‍ എത്തുന്നതിനുമുമ്പ്, മാര്‍പാപ്പ റോമിലെ മേയറായ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരിയുമായി കൂടിക്കാഴ്ച നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?