Follow Us On

28

May

2025

Wednesday

ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു

ഒഡീഷയില്‍ വൈദികരെ  മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു

ഒഡീഷയില്‍ സാമ്പര്‍പ്പൂരില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു. മൂന്ന് വര്‍ഷത്തിനിടെ സമാനമായ ആറാമത്തെ സംഭവമാണിത്.

മെയ് 22-ന് രാത്രിയില്‍, നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്‍വിന്‍ ഒസിഡി ഉണര്‍ന്നത്. ടോര്‍ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ ഒരു കൂട്ടം കൊള്ളക്കാര്‍ ചേര്‍ന്ന് കീഴടക്കി.  സംഘത്തിലെ മറ്റ് അംഗങ്ങള്‍ പ്രധാന കവാടം തകര്‍ത്ത് ഫാ. സില്‍വിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  പുലര്‍ച്ചെ 1.30 ഓടെയായിരുന്നു കൊള്ളക്കാരുടെ ആക്രമണം. തുടര്‍ന്ന് അവിടെ താമസിച്ചിരുന്ന വീട്ടുജോലിക്കാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറി കൈകളും വായും കെട്ടി. മറ്റൊരു വൈദികനായ ഫാ. ലിനസിനെ അക്രമികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറി പുറത്തേക്ക് വലിച്ചിഴച്ചു. അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരെയും ഒരു മുറിയിലാക്കി വൈദികരെ ക്രൂരമായി മര്‍ദ്ദിച്ചു. മുപ്പത് വയസ്സുള്ള ഫാ. സില്‍വിനാണ് ഏറ്റവുമധികം മര്‍ദ്ദനമേറ്റത്.അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റി.
പുലര്‍ച്ചെ 4.30 വരെ കവര്‍ച്ച തുടര്‍ന്നു, ഒടുവില്‍ അവര്‍ മൂന്നുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 2023 മുതല്‍, കവര്‍ച്ചയുടെ മറവില്‍ ഒഡീഷയില്‍ വൈദികര്‍ക്കെതിരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിതെന്നും ഒറീസയില്‍ നിന്നുള്ള വൈദികര്‍ പറയുന്നു. നിര്‍ഭാഗ്യവശാല്‍, ഇതുവരെ ഒരു കുറ്റവാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സിവില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം കൊള്ളക്കാര്‍ക്ക് കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

ഇതുവരെ നടന്ന ആക്രമണങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്നതും ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ ഇടവകകള്‍/സ്‌കൂളുകള്‍/സ്ഥാപനങ്ങള്‍ എന്നിവയെയാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. വേനല്‍ക്കാലത്തും മറ്റ് പ്രധാന അവധിക്കാല സമയങ്ങളിലും, വിദ്യാര്‍ത്ഥികളും ഹോസ്റ്റലുകാരും ഇല്ലാത്തതിനാല്‍ കാമ്പസും പരിസര പ്രദേശങ്ങളും ശൂന്യമായിരിക്കും. സംഭവത്തിന്റെ  സാമുദായിക മാനവും തള്ളിക്കളയാനാവില്ല, കാരണം സമീപകാല ആക്രമണങ്ങളില്‍, പുരോഹിതന്മാരോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് ചോദിക്കുകയും ഉടന്‍ സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ ആക്രമണങ്ങളിലൂടെ, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയാണെന്ന ്‌സംഭവങ്ങളോട് പ്രതികരിച്ച സാംബല്‍പ്പൂര്‍ ബിഷപ് ഡോ. നിരഞ്ജന്‍ സുവല്‍ സിംഗ് അഭിപ്രായപ്പെട്ടു. ശാരീരികവും മാനസികവുമായ ആഘാതം സൃഷ്ടിച്ചുകൊണ്ട് അവര്‍ ഒരു സന്ദേശം നല്‍കാന്‍ ശ്രമിക്കുന്നു. സിവില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം അവരുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതായി ബിഷപ് ചൂണ്ടിക്കാണിച്ചു.

ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഒറീസയിലെ ഉള്‍നാടുകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ ഭയത്തിന്റെ നിഴലിലാണ്. അവര്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന് ഇരകളാകാം എന്ന ദാരുണമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?