Follow Us On

01

July

2025

Tuesday

ഒരു കുടുംബത്തിലെ അഞ്ച് പെണ്മക്കള്‍ ഒരേ കോണ്‍വെന്റില്‍ !

ഒരു കുടുംബത്തിലെ അഞ്ച് പെണ്മക്കള്‍ ഒരേ കോണ്‍വെന്റില്‍ !

സ്‌പെയിനില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് സഹോദരിമാര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരേ കോണ്‍വെന്റില്‍  ചേര്‍ന്നത് ലോക  ശ്രദ്ധ നേടുകയാണ്. ഈ കുടുംബത്തില്‍ ആകെ ഏഴ് കുട്ടികളാണ് ആറു സഹോദരിമാരും ഒരു സഹോദരനും.

ഇതില്‍ അഞ്ച് സഹോദരിമാരും Iesu Communio എന്ന സ്പാനിഷ് സന്യാസ  സമൂഹത്തില്‍ ചേര്‍ന്നു. 2010-ല്‍ പോണ്ടിഫിക്കല്‍ റൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ട ഈ സമൂഹം ബര്‍ഗോസില്‍ സ്ഥിതിചെയ്യുന്നു. ജോര്‍ദാന്‍ ആയിരുന്നു ആദ്യം ചേര്‍ന്നത്. അടുത്ത വര്‍ഷം ഫ്രാന്‍സിസ്‌കയും അമേഡയും രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇവരില്‍ ഏറ്റവും മുതിര്‍ന്നവളായ റൂത്തും ഈ സമൂഹത്തില്‍ പ്രവേശിച്ചു. ആറുമാസങ്ങള്‍ക്ക് ശേഷം നസറേത്തും കൂടി ഇതേ കോണ്‍വെന്റില്‍ ചേര്‍ന്നു!

ഈ അപൂര്‍വ സംഭവം പങ്കുവയ്ക്കാന്‍ സന്യാസ സമൂഹം, അവരില്‍ ഒരാളായ സിസ്റ്റര്‍ അമേഡയുടെ  ഒരു ഇന്റര്‍വ്യു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. അമേഡ തന്റെ സാക്ഷ്യത്തില്‍ പറയുന്നു, ‘രണ്ടുവര്‍ഷത്തിനുള്ളില്‍ ഞങ്ങളെ അഞ്ചു പേരെയും ഈ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.ദൈവവിളി സംബന്ധിച്ച് ഒരിക്കലും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ഞങ്ങള്‍ ഓരോരുത്തരിലും ഉണ്ടാക്കിയ  പ്രചോദനത്തെ കുറിച്ച് ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു!’

നസറേത്ത് ഇങ്ങനെയാണ് ചിന്തിച്ചത്, ‘ഇത് സാധ്യമല്ല. ദൈവം എല്ലാവരെയും ഒരേ സ്ഥാപനത്തിലേക്ക് വിളിക്കുമോ? പക്ഷേ, എന്നെ അവിടുന്ന് ഇവിടേക്ക് വിളിക്കുന്നു, അതിനാല്‍ ആരോ കള്ളം പറയുകയാണ്, പക്ഷേ അത് ഒരിക്കലും ഞാന്‍ അല്ല! ദൈവത്തിന് തന്റെ പദ്ധതികള്‍ ഉണ്ട്, ഓരോരുത്തര്‍ക്കും അനുയോജ്യമായ സമയം അവിടുത്തേക്ക് അറിയാം.”

ബാല്യകാലം മുതല്‍ ദൈവത്തോടു വളരെ ലളിതമായ ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും, സന്യാസത്തിലേക്കുള്ള വിളി തിരിച്ചറിയാനും സ്വീകരിക്കാനും അത്ര  എളുപ്പമായിരുന്നില്ല എന്ന് സിസ്റ്റര്‍ അമേഡ പറയുന്നു. ‘ഒരു ഘട്ടത്തില്‍, അമേഡയ്ക്കു  ദൈവം എന്നെ  ‘തനിക്കായി’ ആഗ്രഹിക്കുന്നുവെന്ന് മനസിലായി. എന്നാല്‍ അതിനായി ഒരു സ്ത്രീ എന്ന നിലയില്‍  ഭാര്യ, അമ്മ എന്നീ റോളുകള്‍ ത്യജിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു എന്റെ ചിന്ത. എന്നെ അതിനു അനുവദിക്കല്ലേ എന്നായിരുന്നു എന്റെ ആദ്യ പ്രാര്‍ത്ഥന!’

Iesu Communio സന്യാസ സഭ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോള്‍, അവള്‍ക്ക് ‘വിടുതല്‍, രോഗശാന്തി ‘ അനുഭവങ്ങള്‍ പങ്കുവച്ച സന്യാസിനിമാരുടെ ജീവിത കഥകള്‍ കേള്‍ക്കാന്‍ അവസരമുണ്ടായി. ബുദ്ധി മാന്ദ്യമുള്ള കുട്ടികള്‍ക്കായുള്ള അധ്യാപികയാകാനാണ് അന്ന് അമേഡ പഠിച്ചുകൊണ്ടിരുന്നത്. അത് അവളുടെ വ്യക്തിപരമായ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. ‘ദൈവം ആ ഭിന്നശേഷിക്കാരുടെ ഇടയില്‍  ഉണ്ടെന്ന തിരിച്ചറിവ് എന്നെ കുറേക്കൂടി നല്ല വ്യക്തിയാകാന്‍ സഹായിച്ചു. ഓരോ ദിവസവും അവര്‍ക്കുവേണ്ടി പുതുതായി എന്തെങ്കിലും നല്ല കാര്യം ചെയ്യണം എന്ന് ചിന്തിച്ചുതുടങ്ങി.  സമ്പൂര്‍ണത എന്നത് സ്വയം സമര്‍പ്പണമാണ് എന്ന് അന്നു മനസിലാക്കി. നമ്മള്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സൃഷ്ടിക്കപ്പെട്ടവരാണ് അവിടുന്നാകട്ടെ സ്‌നേഹത്തിന്റെ സൃഷ്ടാവും!”

യേശു എന്നെ  ‘തനിക്കായി സമര്‍പ്പിക്കാനായി’ വിളിക്കുമ്പോള്‍, ഇത് ദൈവത്തിന്റെ വിളിയാണോ, അല്ലെങ്കില്‍ സ്വയം സൃഷ്ടിച്ച ഒരു ചിന്തയാണോ?’ എന്നറിയാന്‍ സ്ഥാപനത്തിന്റെ മദര്‍ സുപ്പീരിയറുമായി സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്ന് സിസ്റ്റര്‍ അമേഡ ഓര്‍മിച്ചു. ഈ അഞ്ചു  സഹോദരിമാരും സന്യാസത്തിലേക്ക് പ്രവേശിച്ചിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അമേഡ പറയുന്നു, ‘സമര്‍പ്പണത്തിന്റെ സമ്മാനം പരിമിതികളില്ലാത്തതാണ്. ഇന്നും ഞാന്‍ ഈശോയ്ക്ക് വേണ്ടി ഇവിടെ തുടരുന്നു, അവന്‍ എന്നെ വളരെ സ്‌നേഹിക്കുന്നു. ഞാന്‍ അവന്റെ സ്‌നേഹത്തിന്റെ  ആഴത്തില്‍ മുങ്ങിയിരിക്കുന്നു.’ ഈ അപൂര്‍വ സന്യാസ സഹോദരിമാരുടെ ജീവിതകഥ  Iesu Communio സന്യാസ സഭയുടെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്.

tthps://youtu.be/2z7y5n_e5x8?si=JQOxqoe3GAKe0RbZ

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?