മിന്‍സ്‌ക്: ബെലാറസില്‍ മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ വൈദികനും പോളണ്ട് സ്വദേശിയുമായ ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെ 13 വര്‍ഷം രാഷ്ട്രീയ കുറ്റങ്ങള്‍ ചുമത്തി തടവുശിക്ഷയ്ക്ക് വിധിച്ചു. ബെലാറാസ് സഭയിലെ മേജര്‍ സുപ്പീരിയര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും അപ്പസ്‌തോലിക് സൊസൈറ്റികളുടെയും പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന കൂട്ടായ്മയുടെ ചെയര്‍മാനായിരുന്നു ഫാ. ആന്‍ഡ്രെജ് ജുച്നിവിച്ച്.
നേരത്തെ ബെലാറസിലെ വലോസിനില്‍ നിന്നുള്ള വയോധികനായ ഇടവക റെക്ടറായ ഫാ. ഹെന്റിക്ക് അകലാറ്റോവിച്ചിന് 11 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
ഫാ. ആന്‍ഡ്രെജ് ജുച്നീവിച്ചിനെയും ഫാ. ഹെന്റിക്ക് അകലാറ്റോവിച്ചിനെയും ബെലാറസിലുള്ള 1186 രാഷ്ട്രീയതടവകുകാരുടെ പട്ടികയിലാണ് മനുഷ്യാവകാശസംഘടനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കേസ് ബെലാറസിലെ മതജീവിതത്തില്‍ ഭയാനകമായ സ്വാധീനം ചെലുത്തുമെന്നും അസത്യമായ ആരോപണങ്ങളിലൂടെ കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനോ വിസ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഫാ. ആന്‍ഡ്രെജ് ഉള്‍പ്പെടുന്ന മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ വക്താവ് ഫാ. മാര്‍സിന്‍ വര്‍സോസ് പറഞ്ഞു. സെമിനാരി പഠനം മുതല്‍ ഈ വൈദികനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ ഞെട്ടിപ്പോയെന്നും ഫാ. വര്‍സോസ് പറഞ്ഞു. ഏപ്രില്‍ 30-ന് വിറ്റെബ്സ്‌കിലെ റീജിയണല്‍ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കിയിട്ടുണ്ട്.
നീണ്ട വിചാരണയ്ക്ക് ശേഷം ഫാ.ജുച്നീവിച്ചിനെ ജയിലിലടച്ച വിവരം ബെലാറസില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല, ഒരു വര്‍ഷം മുമ്പ് അദ്ദേഹത്തെ ആദ്യമായി കസ്റ്റഡിയിലെടുത്ത ഷുമിലിനയിലെ ഫാത്തിമ മാതാവിന്റെ ഇടവകയിലെ അംഗങ്ങളെ ഈ വിവരം അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു.
ബെലാറഷ്യന്‍, ഉക്രേനിയന്‍ പതാകകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായിരുന്നു ഫാ. ആന്ധ്രേജിനെതിരെ ആദ്യം ചുമത്തിയിരുന്ന കുറ്റം. പിന്നീട് ‘ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍’ ആയി ഇവ മാറ്റുകയായിരുന്നു എന്ന് സന്യാസസഭയുടെ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഫാ.അകലാറ്റോവിച്ചിനു എതിരായ ”രാജ്യദ്രോഹ’ ശിക്ഷയ്ക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളിയതിനെത്തുടര്‍ന്ന് 11 വര്‍ഷത്തെ തടവ് ശിക്ഷ ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ രഹസ്യമായി നിയമിതനായ ഈ വൈദികന്‍ ബെലാറസിലെ അടിച്ചമര്‍ത്തപ്പെട്ട കത്തോലിക്കാ സഭയെ പുനരുജ്ജീവിപ്പിച്ചതിന് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് വിചാരണസമയത്ത് തടങ്കലില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയും ഗ്യാസ്ട്രിക് കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തുവെന്ന് മനുഷ്യാവകാശ സംഘടനയായ വിയാസ്‌ന റിപ്പോര്‍ട്ട് ചെയ്തു. പ്രാര്‍ത്ഥിക്കാനോ കുര്‍ബാന അര്‍പ്പിക്കാനോ ഉള്ള അവസരങ്ങള്‍ ഈ വൈദികന് നിഷേധിച്ചിരിക്കുകയാണ്. ബെലാറസിലെ 9.4 ദശലക്ഷം നിവാസികളില്‍ ഏകദേശം പത്തിലൊന്ന് കത്തോലിക്കരാണ്. 2020 ഓഗസ്റ്റ് മുതല്‍ ഡസന്‍ കണക്കിന് കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് പുരോഹിതന്മാര്‍ ഇവിടെ തടവിലായിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *