ന്യൂയോര്‍ക്ക്: വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമനിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആത്മഹത്യ മരണങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും, വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് അംഗീഗരിക്കാനാവില്ലെന്നും വാള്‍ സട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച കര്‍ദിനാള്‍ ഡോളന്റെ ഓപ്പ് -എഡില്‍ പറയുന്നു
‘ആത്മഹത്യ ശ്രമം തടയുക; സഹായിക്കരുത്’ എന്ന നിലപാട് കര്‍ദിനാള്‍ ആവര്‍ത്തിച്ചു. നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളെ രക്ഷിക്കാന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ഏതറ്റം വരെയും പോകുമ്പോള്‍ ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഗുരുതരമായ രോഗമോ വൈകല്യമോ ബാധിച്ച് നിരാശയ്ക്ക് അടിമയായ മനുഷ്യന് സ്വയം ജീവനെടുക്കാന്‍ സംസ്ഥാനം കൂട്ടുനില്‍ക്കുന്നതിലെ വിരോധാഭാസം കര്‍ദിനാള്‍ ചൂണ്ടിക്കാണിച്ചു.
‘ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുന്ന മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഒരു മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാനായി നമ്മള്‍ എല്ലാവരും അണിനിരക്കേണ്ടതുണ്ട്,’ എന്നാണ് കര്‍ദിനാള്‍ ഡോളന്റെ വാക്കുകള്‍. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അതിരൂപത സ്‌കൂളുകളില്‍ പരിപാടികള്‍ നടത്തുന്നുണ്ടെന്നും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ‘ദശലക്ഷക്കണക്കിന് ഡോളര്‍’ ചെലവഴിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുളിന്റെ കീഴില്‍ മാനസികാരോഗ്യ ത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഡോളന്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് നിയമനിര്‍മാതാക്കള്‍ ആത്മഹത്യ നിയമവിധേയമാക്കുന്നതിന്റെ വക്കിലാണെന്ന് വായിക്കുമ്പോള്‍ താന്‍ കൂടുതല്‍ അമ്പരന്നുപോകുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. ”പാലത്തില്‍ നിന്ന് ചാടിയല്ല, മറിച്ച് ഫിസിഷ്യന്‍മാരും ഫാര്‍മസിസ്റ്റുകളും അതിലും എളുപ്പത്തില്‍ നല്‍കുന്ന വിഷ മരുന്ന് കൂടിച്ചാണ് ആളുകള്‍ മരിക്കാന്‍ പോകുന്നത്!’ കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ലോവര്‍ ചേമ്പറില്‍ പുതിയ ബില്ല് ചര്‍ച്ച ചെയ്തു. റിപ്പബ്ലിക്കന്‍ ന്യൂനപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷ പിന്തുണയോടെ, 81-67 എന്ന വോട്ടിനു ഈ ബില്‍ പാസായി. ഇരുപതിലധികം ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ക്കാന്‍ റിപ്പബ്ലിക്കന്‍മാരോടൊപ്പം ചേര്‍ന്നു. ബില്‍ ഇപ്പോള്‍ സെനറ്റിലാണുള്ളത്്.
കാനഡയിലെ പ്രോഗ്രാമിന്റെ ഉദാഹരണം
സാമൂഹ്യപിന്തുണ ലഭിച്ചാല്‍ ദയാവധം എന്ന വിപത്ത് എങ്ങനെ സമൂഹത്തെ മാറ്റിമറിക്കും എന്നതിന് ഉദാഹരണമാണ് കാനഡയിലെ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗ് (മെയിഡ്) പ്രോഗ്രാം. 2016-ല്‍ കാനഡ മെയിഡ് ആദ്യമായി നിയമവിധേയമാക്കിയപ്പോള്‍, അത് മാരകമായ രോഗം ബാധിച്ചവര്‍ക്ക് മാത്രം വേണ്ടിയായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2021-ല്‍, മാരകമല്ലെങ്കിലും ദീര്‍ഘകാലമായി രോഗബാധിതരായവരെയും അതില്‍ ഉള്‍പ്പെടുത്തി. 2027-ല്‍, വിട്ടുമാറാത്ത മാനസിക രോഗങ്ങളുള്ളവരെയും മെയിഡ് പദ്ധതി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഉപയോഗം വര്‍ഷം തോറും വര്‍ധിക്കുകയാണ്. ഇപ്പോള്‍ കാനഡയിലെ ആകെ മരണങ്ങളുടെ ഏകദേശം 5% മെയിഡ് വഴിയുള്ള മരണങ്ങളാണ്!നിലവില്‍ യുഎസിലെ 10 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും, പരിമിതമായ സാഹചര്യങ്ങളില്‍ ദയാവധം നിയമപരമാണ്.
Leave a Comment
Your email address will not be published. Required fields are marked with *