മുനമ്പം/കോട്ടപ്പുറം: മുനമ്പത്തെ താമസക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകളും നീതിപീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെആര്‍എല്‍സിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളില്‍ നടന്ന ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പം ജനതക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഇനി മുനമ്പത്തെ ഭൂമി വഖഫിന്റെ ആസ്തി വിവര പട്ടികയില്‍ നിന്ന് മാറ്റി നീതി നടപ്പാക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അത് നടപ്പാകും വരെ സമാധാന വഴികളിലൂടെ പോരാട്ടം തുടരുമെന്നും ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു.
കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്, കുടുംബി സേവാ സമാജം സംസ്ഥാന പ്രസിഡന്റ് ശ്യാംകുമാര്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരിയും ഭൂസംരക്ഷണ സമിതിയുടെ വക്താവുമായ ഫാ. ആന്റണി സേവ്യര്‍ തറയില്‍, മുനമ്പം ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റവും കൂടുതല്‍ ദിനം സമരമിരുന്ന അംബ്രോസ് വര്‍ഗീസ് ഇട്ടിത്തറ, സമരത്തിന്റെ പോസ്റ്ററുകള്‍ രൂപകല്പന ചെയ്ത ഭിന്നശേഷിക്കാരനായ അമ്പാടി ഷിബു കൈതക്കാട്ട് എന്നിവരെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *