റവ.ഡോ.ജോര്‍ജ്
നെരേപറമ്പില്‍ സിഎംഐ
ധ്യാനം നടത്തുന്നതിനായിരുന്നു അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപതയില്‍ ഇക്കഴിഞ്ഞ നോമ്പുകാലത്ത് പോയത്. മെഞ്ചിക്കോ, ടാറ്റോ, ആലോം, യെംഞ്ചോ, ടൂടിംഗ്, ഇങ്കിംഗ് എന്നീ ആറ് ഇടവക ദൈവാലയങ്ങളില്‍ ധ്യാനങ്ങള്‍ നടത്തി. അരുണാചലിലെ വിശ്വാസികളുടെ ജീവിത രീതികളും ഇടപെടലുകളും ഏറെ ആകര്‍ഷണീയമായിരുന്നു.പ്രേം ഭായ് എന്ന മഹാമിഷണറിയാണ് അരുണാചലില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയത്. ഞായറാഴ്ചകളിലെ ദിവ്യബലി ഭക്തിസാന്ദ്രമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കാഴ്ചവസ്തുക്കളുമായി പരിശുദ്ധ കുര്‍ബാനക്ക് എത്തുന്ന ഇവിടുത്തുകാരുടെ മനസുകളില്‍ കത്തിജ്ജ്വലിക്കുന്ന വിശ്വാസത്തെ തൊട്ടറിയാന്‍ സാധിക്കും.
വലിയ കുടുംബങ്ങള്‍
ആഴമേറിയ കത്തോലിക്ക വിശ്വാസം കൈമുതല്‍ ആയിട്ടുള്ളവരാണ് ഞാന്‍ ധ്യാനിപ്പിച്ച ഇടവകകളിലെ ജനങ്ങള്‍. എംഎസ്എഫ്എസ് വൈദികരാണ് ഇവിടുത്തെ ആദ്യ മിഷനറിമാര്‍. ഇപ്പോഴത്തെ ഇറ്റാനഗര്‍ രൂപതാധ്യക്ഷന്‍ മലയാളിയായ ഡോ. ബെന്നി വര്‍ഗീസ് ഈ സഭാംഗമാണ്. എംഎസ്എഫ്എസ് വൈദികരോടൊപ്പം ഇറ്റാനഗര്‍ രൂപതാ വൈദികരും ത്യാഗോജ്വലമായ അജപാലന ശുശ്രൂഷ ഇവിടെ ചെയ്തുവരുന്നു. സിഎംഐ വൈദികരും കപ്പൂച്ചിന്‍ വൈദികരും വിവിധ സന്യാസിനി സഭകളിലെ സിസ്റ്റേഴ്സും ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്.
കാഴ്ചക്ക് വളരെ സുന്ദരന്മാരും സുന്ദരികളുമായ ഇവര്‍ നിഷ്കളങ്ക പെരുമാറ്റ ശൈലിയുള്ളവരാണ്. എല്ലാ ദമ്പതികള്‍ക്കും ചുരുങ്ങിയത് അഞ്ച് മക്കളെങ്കിലും ഉണ്ടാകും. കുഞ്ഞുങ്ങള്‍ കുടുംബത്തിലുണ്ടായാല്‍ എപ്പോഴും വീട്ടില്‍ സന്തോഷമുണ്ടായിരിക്കും എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. വിവിധ ഗോത്രങ്ങളില്പ്പെട്ടവരാണെങ്കിലും ‘ആദി’ എന്നത് അവരുടെ പൊതുവായ ഗോത്രഭാഷയാണ്. ഈ ഭാഷയില്‍ ബൈബിളുണ്ട്. ജപമാല, കുരിശിന്റെ വഴി, ദൈവാലയഗീതങ്ങള്‍ തുടങ്ങിയവയും ആദി ഭാഷയിലുണ്ട്. ഇവരുടെ പ്രധാന സമ്പര്‍ക്കഭാഷ ഹിന്ദി തന്നെയാണ്. വലിയ അഭിമാനികളാണ് അരുണാചല്‍ പ്രദേശിലെ കത്തോലിക്കര്‍. പട്ടാളത്തില്‍ ചേരുകയാണ് വിദ്യാര്‍ത്ഥികളുടെ വലിയൊരു സ്വപ്നം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്.
വളരെ പ്രകൃതി സുന്ദരമാണ് അരുണാചല്‍ പ്രദേശ്. മലമ്പ്രദേശങ്ങളാണ് എല്ലായിടത്തും. ഏതു സമയത്ത് വേണമെങ്കിലും മലയിടിച്ചില്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ ചില വഴികള്‍ വളരെ ദുര്‍ഘടം പിടിച്ചവയാണ്. കാട്ടിലെ ഉറപ്പുള്ള മരങ്ങള്‍കൊണ്ട് പണിത് ഷീറ്റ് മേഞ്ഞവയാണ് ഇവിടുത്തെ വീടുകള്‍. അരുണാചല്‍ കുന്നിന് പ്രദേശമായതുകൊണ്ട് വീടുകള്‍ കുന്നിന്മേല് പണി തീര്‍ത്തതാണ്. നിലത്ത് ഉറപ്പിച്ച വലിയ മരക്കുറ്റികളില്‍ കെട്ടിപ്പടുത്തതാണ് വീടുകളില്‍ അധികവും. ചില വീടുകളില്‍ എത്തിച്ചേരണമെങ്കില്‍ നൂറ് അടികളോളമുള്ള സ്റ്റെപ്പുകള്‍ കയറണം. മറ്റു ചില വീടുകളില്‍ ചെന്നെത്തുവാന്‍ അറുപത്തിയഞ്ച് അടികളോളം താഴോട്ട് സ്റ്റെപ്പുകള്‍ ഇറങ്ങണം.
മരണവീടുകളിലെ ആഘോഷങ്ങള്‍
അരുണാചല്‍പ്രദേശിലെ വിശ്വാസികളുടെ ജീവിതം നമുക്ക് വലിയ മാതൃകകള്‍ നല്‍കുന്നുണ്ട്. കേരളത്തിലേതുപോലെ അടുത്തടുത്ത് ദൈവാലയങ്ങളൊന്നും അവിടെയില്ല. ഉള്ള ദൈവാലയങ്ങള്‍ വളരെ സൗകര്യങ്ങള്‍ കുറഞ്ഞവയുമാണ്. വളരെ ദൂരം നടന്നാണ് ദൈവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്കായി എത്തുന്നത്. വൈദികരുടെ അഭാവം വളരെയധികം ഉണ്ട്. എങ്കിലും കത്തോലിക്ക സമൂഹത്തില്‍നിന്ന് നിയുക്തനായിട്ടുള്ള അല്മായ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ അവര്‍ വിശ്വാസം കാത്തു സംരക്ഷിക്കുന്നു. ഒരു വിശ്വാസ സമൂഹത്തിനായി പുരുഷ പാസ്റ്ററും സ്ത്രീ പാസ്റ്ററുമുണ്ട്. ഞായറാഴ്ച്ച പരിശുദ്ധ കുര്‍ബാനക്ക് മുമ്പ് ജപമാലയും പരമ്പരാഗതമായ നമസ്കാര ജപങ്ങളും എല്ലാവരും ഒരുമിച്ച് ചൊല്ലുന്നു. ഈ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത് പാസ്റ്റര്‍മാരാണ്. ചിലപ്പോള്‍ മൃതസംസ്കാരം നടത്തുന്നതും പാസ്റ്റര്‍മാരുടെ നേതൃത്വ ത്തിലാണ്. വൈദികര്‍ക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പാസ്റ്റര്‍മാരുടെ സേവനത്തിന് വലിയ പ്രസക്തിയുണ്ട്.
മരണവും മരണാനന്തര ചടങ്ങുകളും ഒരു പരിധിവരെ ഇവര്‍ക്ക് ആഘോഷത്തിന്റെ അവസരങ്ങളാണ്. മൃതസംസ്കാരം അധികവും വീടുകളോട് ചേര്‍ന്നുള്ള കല്ലറകളിലാണ്. അതുകൊണ്ട് വൈദികന് വന്ന് കല്ലറയിലും വീട്ടിലും പ്രാര്‍ത്ഥന നടത്തുന്നു. തുടര്‍ന്ന് വലിയ സദ്യ ഉണ്ടാകും. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ ബന്ധുമിത്രാദികള്‍ക്ക് മത്സ്യ-മാംസാദികള്‍ കൂട്ടിയ സദ്യ നല്കുന്നു. വൈദികന് ഈ മത്സ്യ-മാംസാദികളുടെ ഒരു ഭാഗം കൊടുത്തുവിടുക എന്നതും ഇവരുടെ പാരമ്പര്യത്തില്‍പെട്ടതാണ്. അപൂര്‍വമായി ചില പള്ളികളില്‍ സെമിത്തേരികളുണ്ട്.
പവിത്രമായ പാരമ്പര്യങ്ങള്‍
വീടുകളില്‍ പ്രാര്‍ത്ഥനക്കായി എത്തുന്ന വൈദികനെ വലിയ ആദരവോടെയാണ് അരുണാചലുക്കാര് സ്വീകരിക്കുന്നത്. വീടുകളില്‍ ദൈവിക സംരക്ഷണം ലഭിക്കാന്‍ വൈദികനെ കൊണ്ടുവന്ന് പ്രാര്‍ത്ഥിപ്പിക്കുക എന്നത് ഇവരുടെ പവിത്രമായ പാരമ്പര്യമാണ്. ഞായറാഴ്ചകളിലെ ദിവ്യബലിക്ക് കൃഷിവിഭവങ്ങള് കാഴ്ചയായി നല്‍കും. ഈസ്റ്ററിനോട് അനുബന്ധിച്ചാണ് മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകള്‍ നല്‍കുന്നത്. വിവാഹത്തിനായി വധൂ-വരന്മാരെ ആഘോഷമായി താളമേളങ്ങളോടെയാണ് വീടുകളില്‍നിന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുന്നത്. വിവാഹത്തിന്റെ സാക്ഷികളായി സ്ത്രീയും പുരുഷനും ഉണ്ടായിരിക്കും. ഒരു പരിധിവരെ സ്ത്രീകള്‍ക്കാണ് ഇവിടെ സമൂഹത്തില്‍ പ്രാധാന്യമുള്ളത്. സമൂഹത്തിന്റെ നേതൃത്വം സ്ത്രീകളുടെ കൈകളിലാണ്.
തിരുസഭയുടെ കല്പനകള് നമുക്ക് അഞ്ച് ആണെങ്കില്‍, ഇവിടെ അത് ആറെണ്ണമാണ്. ദൈവാലയത്തെയും വൈദികനെയും സംരക്ഷിക്കണം എന്നതാണ് ഇവര്‍ക്കുള്ള ആറാമത്തെ കല്‍പ്പന. ഏറെ സ്നേഹബഹുമാനങ്ങളോടെയാണ് അരുണചലുകാര് വൈദികരെ കാണുന്നത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിന് മുമ്പ് പൈശാചിക ആരാധനാരീതികള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. സാത്താനെ പ്രീതിപ്പെടുത്താനുള്ള പൂജാവിധികള്‍ നടത്തുന്നതും പതിവായിരുന്നു. എന്നാല്‍ സാത്താന് പൂജയിലൂടെ ഒന്നും നേടിയെടുക്കുവാന്‍ സാധിക്കുകയില്ലെന്ന തിരിച്ചറിവാണ് അവരെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആകര്‍ഷിച്ചത്. സാത്താനെ പുറത്താക്കിയ യേശുവിന്റെ അനുയായികളായാല് സാത്താന്റെ ശക്തി അവരുടെ മേല്‍ ഉണ്ടാകുകയില്ല എന്നിവര്‍ ഉറച്ചുവിശ്വസിക്കുന്നു. സാത്താന്റെ ശക്തിയില്‍നിന്ന് വിടുതല്‍ നല്കുവാന് വൈദികര്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവും വൈദികരോടുള്ള ആദരവിന്റെ കാരണമാണ്.
അരുണാചലില്‍ അജപാലന ശുശ്രൂ ഷക്കായി വൈദികര്‍ ധാരാളമായി വേണം. തദ്ദേശീയമായ വൈദിക ദൈവവിളി വളരെ കുറവാണ്. വിശുദ്ധ കൊച്ചുത്രേസ്യ മിഷന് പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി എപ്പോഴും പ്രാര്ത്ഥിച്ചിരുന്നതു പോലെ നമുക്കും അരുണാചലിനുവേണ്ടി പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *