Follow Us On

21

June

2025

Saturday

പൊളിച്ചെഴുത്ത്‌

പൊളിച്ചെഴുത്ത്‌

ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF

പീഡാനുഭവ വഴിയില്‍ ക്രിസ്തുവിന്റെ മൗനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതുവരെ വളരെയധികം സംസാരിച്ചിരുന്ന ക്രിസ്തു ആരോപണമുനകളുടെ നടുവില്‍ ഒന്നും ഉരിയാടാതെ നിന്നു. മനുഷ്യന്‍ വാര്‍ത്തകളെ ഭയക്കുന്ന കാലഘട്ടമാണിത്. ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് എന്ന് നമുക്കറിയാം. അങ്ങനെ സൃഷ്ടി ക്കപ്പെട്ട വാര്‍ത്തയാണ് ക്രിസ്തുവിന്റെ വിചാരണ. അതിലെ കഥാപാത്രങ്ങള്‍ എല്ലാം നന്നായി അഭിനയിച്ചു. ഒരാള്‍ ഒഴികെ. അയാളുടെ പേരാണ് ക്രിസ്തു. എന്തുകൊണ്ട് ക്രിസ്തു സംസാരിച്ചില്ല? ഒറ്റവാക്കില്‍ ഉത്തരം പറയാം. ദൈവഹിതം. താന്‍ കുരിശില്‍ മരിച്ച് ഉയര്‍ക്കണം എന്നതാണ് ദൈവിക പദ്ധതിയെന്ന് ഗദ്‌സെമന്‍ തോട്ടത്തില്‍ വച്ചു ക്രിസ്തുവിന് മനസിലായി.

നെഞ്ച് തകരുന്ന ദിനങ്ങള്‍

അമ്മ മരിച്ചു എന്നറിഞ്ഞു വീട്ടിലേക്ക് പോയ യാത്ര ഓര്‍ക്കുന്നു. അന്ന് വഴിയിലെ കാഴ്ചകളിലേക്ക് കണ്ണ് പോയതേയില്ല. അതുപോലെ മനസില്‍ വലിയ ദുഃഖം വരുമ്പോള്‍ നമുക്ക് ആശ്വാസം കിട്ടുന്ന സ്ഥലമാണ് അള്‍ത്താരകള്‍, മലമുകളുകള്‍, പ്രാര്‍ത്ഥനാത്തോട്ടങ്ങള്‍ എന്നിവ. പ്രതിസന്ധികളെ നേരിടാന്‍ കഴിയുമെന്ന് ഉറപ്പുകിട്ടുന്നതുവരെ പ്രാര്‍ത്ഥിക്കണം. എന്നാല്‍ ഭ്രമിപ്പിക്കുന്ന ലോകം പറയുന്നത് പുതിയ വസ്ത്രങ്ങള്‍ വാങ്ങൂ, പുതിയ യന്ത്രങ്ങള്‍ വാങ്ങൂ, ഹോട്ടല്‍ ഭക്ഷണം കഴിക്കൂ, സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോസ് എടുക്കൂ, എന്നൊക്കെയാണ്. നമ്മള്‍ക്ക് സന്തോഷം ഉണ്ടെന്ന് കാണിക്കാനായിട്ട് ഫോട്ടോ എടുക്കുന്ന ലോകം ആണിത്. മനുഷ്യര്‍ സന്തോഷം അഭിനയിക്കുന്ന റീല്‍സ് കണ്ട് അസൂയപ്പെടാന്‍ കുറെ പാവം മനുഷ്യരും. അപ്പോള്‍ പുതിയതൊന്നും ആവശ്യമില്ലേ?
വെറുതെ ഇരുന്നാല്‍ കിട്ടുന്ന സന്തോഷം കൃത്രിമമാണ് എന്ന സത്യം പങ്കുവയ്ക്കട്ടെ. അത് മൊബൈലില്‍ സ്‌ക്രോള്‍ ചെയ്താലോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചാലോ കിട്ടുന്നതല്ല. ഒന്നും പ്രതീക്ഷിക്കാതെ നമ്മള്‍ അതിനായി അധ്വാനിക്കണം. പണിയെടുത്ത് കഴിയുമ്പോള്‍ കിട്ടുന്നതല്ലല്ലോ ആനന്ദം. അത് ജോലി ചെയ്യുന്ന സമയത്ത് കിട്ടുന്നതാണ്. എന്താണീ പണി? കൂടെയുള്ളവന്റെ ജീവിതം മെച്ചപ്പെടുത്തുന്നത് എന്തും പണിയാണ്.

പുറപ്പാട്

നിനക്ക് ഒരു പണിയുമില്ലെങ്കില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു കൂടേ? എന്നു ചോദിക്കുന്നവരുണ്ടാകാം. പ്രാര്‍ത്ഥന ഒരു പണിയാണ്. കുടുംബ പ്രാര്‍ത്ഥന തന്നെ മടുപ്പോടെ ചൊല്ലുന്നവരാകാം നമ്മള്‍. ഇവിടെ അങ്ങനെയുള്ള പ്രാര്‍ത്ഥന അല്ല ഉദ്ദേശിക്കുന്നത്. മറിച്ച് നമ്മള്‍ ദൈവത്തിന്റെ കൂടെ കുറെ സമയം ചിലവഴിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ കൂടെ സമയം ചിലവഴിക്കുന്നതിനെ പണി എന്ന് പറയാറില്ല. എന്നാല്‍ എല്ലാവര്‍ക്കും ആ അടുപ്പം ഉണ്ടായെന്ന് വരില്ല. ഇവിടെ നമ്മള്‍ ബോധപൂര്‍വം കര്‍ത്താവിനോടൊത്ത് സമയം ചിലവഴിക്കുന്നു. അത് പണിയാണ് എന്നു പറയാന്‍ കാരണം തീര്‍ച്ചയായും അത് ചെയ്യണം എന്ന അര്‍ത്ഥത്തിലാണ്. കാരണം മുന്നോട്ടു പോകാനുള്ള ശക്തി സംഭരിക്കാന്‍ സാധിക്കുന്നത് ഉടയവനുമായുള്ള കൂടിക്കാഴ്ചയിലാണ്.

ഏത് കാര്യം ചെയ്യും മുമ്പ് ഇപ്രകാരം പ്രാര്‍ത്ഥനാത്താവളങ്ങള്‍ നമുക്കാവശ്യമാണ്. അവിടെ ദൈവഹിതം തിരിച്ചറിയാന്‍ സാധിക്കും. ഒന്നുറപ്പാണ്, ഈ ഇടത്താവളം നമുക്ക് പുതിയൊരു ട്വിസ്റ്റ് സമ്മാനിക്കും. ഇടത്താവളത്തിലെ വാസം എപ്പോഴും സുഖം പകരുന്ന ഒന്നാകണം എന്നു ചിന്തിക്കരുത്. പള്ളിയില്‍ നിന്ന് മുറിയിലേക്ക് ഇറങ്ങി ഓടിയ അനുഭവങ്ങള്‍ എനിക്കുണ്ട്. പ്രലോഭകന്‍ വെറുതെ ഇരിക്കുന്നില്ല. പ്രാര്‍ത്ഥിച്ചാല്‍ നമ്മള്‍ ഏത് കാര്യവും നന്നായി ചെയ്യുമെന്ന് പ്രലോഭകന് അറിയാം. അതിനാല്‍ അത് കുളമാക്കാന്‍ അവന്‍ പ്രയത്‌നിക്കും.

താത്ക്കാലിക ലാഭങ്ങള്‍

നമ്മുടെ ചോദ്യത്തിന് ഏറ്റവും സമഗ്രമായ ഉത്തരം ആദ്യമേ പറഞ്ഞു. അതോടൊപ്പം ചേര്‍ത്തുവയ്‌ക്കേണ്ട ഒന്നുണ്ട്. അതാണ് മനുഷ്യന്റെ ദുഷ്ടത. യൂദാസിന്റെ പണത്തോടുള്ള താല്പര്യം, പീലാത്തോസിന്റെ അധികാരത്തോടുള്ള അഭിനിവേശം, കാരണം ഒന്നും അറിയില്ലെങ്കിലും ഒരാളെ ക്രൂശിക്കാനുള്ള ആള്‍ക്കൂട്ട ത്തിന്റെ അര്‍മാദം ഇവയൊക്കെ ഇവിടെ നടമാടുന്ന കാര്യങ്ങളാണ്. മനുഷ്യന് എങ്ങനെ ഇങ്ങനെ ദുഷ്ടത പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു ? മനുഷ്യര്‍ എപ്പോഴും ചിന്തിക്കുന്നത് താത്കാലിക ലാഭങ്ങളെക്കുറിച്ചാണ്. നക്കാപ്പിച്ച ലാഭത്തിന് വേണ്ടി വന്‍ നഷ്ടം വരുത്തി വയ്ക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ വെട്ടത്തില്‍ ഇരിക്കുമ്പോള്‍ നമ്മള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നു. ക്രൂശിക്കാന്‍ വന്ന മനുഷ്യരോട് സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ക്രിസ്തു മൗനം പാലിച്ചു.

പഴയ നിയമ പ്രകാരം ഏറ്റവും ശപിക്കപ്പെട്ട മരണമാണ് കുരിശിലെ മരണം. എന്നാല്‍ ക്രിസ്തു അത് വരിക്കുമ്പോള്‍ ഉദാത്ത മരണമായി പരിവര്‍ത്തനപ്പെടുന്നു. ഇതു പോലെ ഒരു പൊളിച്ചെഴുത്ത് നമുക്കാവശ്യമാണ്. ഇംഗ്ലീഷില്‍ disruption  എന്ന വാക്ക് പറയുമ്പോള്‍ നമ്മള്‍ കണ്ടു വരുന്ന വ്യവസ്ഥിതിയിലെ മാറ്റം എന്നര്‍ത്ഥം കൂടി വരുന്നുണ്ട്. ഇന്നലെ ജീവിച്ചതു പോലെ ജീവിക്കാന്‍ അല്ല നമ്മള്‍ വന്നിരിക്കുന്നത്. പിന്നെയോ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ പുതിയ നിയമം രചിക്കാനാണ് നമ്മള്‍ ഇവിടെ പിറവി എടുത്തിരിക്കുന്നത്. അത് താത്കാലിക ലാഭത്തിന് വേണ്ടിയോ ശാരീരിക സുഖങ്ങള്‍ക്ക് വേണ്ടിയോ ആവരുത്. പിന്നെയോ ബുദ്ധിമുട്ടുകള്‍ സഹിച്ചും ദൈവഹിതം തിരിച്ചറിയുക. അത് നടപ്പില്‍ വരുത്തുക. അല്ലെങ്കില്‍ പൊളിച്ചെഴുത്തുകള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ പകച്ചു പോകും. നമ്മുടെ ഉയിര്‍ത്തെഴുന്നേല്പ് പ്രാര്‍ത്ഥനയിലാണ്. ക്രിസ്തുവിന്റെ കൂടെയുള്ള ധ്യാനത്തിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?