Follow Us On

11

September

2025

Thursday

സുവര്‍ണഹൃദയമുള്ള പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍

സുവര്‍ണഹൃദയമുള്ള പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങള്‍

വാഷിംഗ്ടണ്‍ ഡിസി:  കത്തോലിക്കാ വിശ്വാസിയായ  ആന്‍ഡ്രിയ പോളിയും ബാപ്റ്റിസ്റ്റ് വിശ്വാസിയായ എറിക്കും എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നതിടെയാണ് വിവാഹിതരാകുന്നത്.  ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്നതിനാല്‍ എറിക്കിന് കത്തോലിക്കാ വിശ്വാസ രീതികളോട് വല്ലാത്ത എതിര്‍പ്പായിരുന്നു. ആന്‍ഡ്രിയയാകട്ടെ  തന്റെ  കത്തോലിക്ക വിശ്വാസത്തില്‍ തുടര്‍ന്നു. എന്നാല്‍ മകന്‍ ബ്രൂസിന്റെ ജനനത്തോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയത്തില്‍ വൈകല്യം കണ്ടെത്തിയിരുന്നു.  ഈ അസുഖം കാലക്രമേണ മാറുമെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജീവന് തന്നെ  ഭീഷണിയായി അത് മാറി.

അങ്ങനെ എറിക്കും ആന്‍ഡ്രിയയും  കൂടുതല്‍ പ്രാര്‍ത്ഥനയിലേക്കും, വിദഗ്ധ ചികിത്സയിലേക്കും തിരിഞ്ഞു.  മകന് വേണ്ടി അവര്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. ആന്‍ഡ്രിയയുടെ സഹോദരി നതാലിയയും സഹോദരീ ഭര്‍ത്താവ്  ഡാല്‍ട്ടണ്‍ നെഫും, പ്രാര്‍ത്ഥിച്ചുകൊണ്ട് പോള്‍ കുടുംബത്തോടൊപ്പം കൈകോര്‍ത്തു. അവര്‍ സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ ഫാ.  മാഡിസണ്‍ ഹെയ്സിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആഴമായ അറിവ് എറിക്കിനു  നല്കാന്‍ ഈ ചങ്ങാത്തം സഹായിച്ചു. ‘കത്തോലിക്കാ തെറ്റിദ്ധാരണകളുടെ ഒരു നീണ്ട പട്ടിക കൊണ്ടുവന്നിട്ടുണ്ട്’ എന്നാണ് എറിക്ക് ആദ്യം വൈദികനോട് പറഞ്ഞത്. എന്നാല്‍ ബൈബിളില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന വിശദീകരണങ്ങള്‍ ഉപയോഗിച്ച് ആ നല്ല പുരോഹിതന്‍ എല്ലാ സംശയങ്ങള്‍ക്കും ക്ഷമയോടെ ഉത്തരം നല്‍കി.

കത്തോലിക്കാ വിശ്വാസത്തില്‍ എറിക്കിനെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം തിരുശേഷിപ്പുകളുടെ ഉപയോഗമായിരുന്നു. അപ്പോസ്തലിക കാലം മുതല്‍, രോഗശാന്തിക്കായി അവ ഉപയോഗിച്ചുവരുന്നുവെന്നത് എറിക്കിന് വിശ്വാസിക്കാനായില്ല. ഫാ. മാഡിസണ്‍ ഇതിനു പിന്നിലെ രഹസ്യം ഇപ്രകാരമാണ് വിവരിച്ചത്, ‘സുവിശേഷത്തില്‍ ജന്മനാ അന്ധനായ മനുഷ്യന്റെ കണ്ണുകളില്‍ പുരട്ടിയ ചെളിയോ, പത്രോസിന്റെ നിഴലോ, പൗലോസിന്റെ തൂവാലയോ ആരെയും സുഖപ്പെടുത്തിയിട്ടില്ല! രക്തസ്രാവം ബാധിച്ച സ്ത്രീ യേശുവിന്റെ വസ്ത്രത്തിലെ തൊങ്ങല്‍ കൊണ്ട് സുഖം പ്രാപിച്ചുവെന്ന് ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുന്നില്ല. മറിച്ച്, ക്രിസ്തു തന്നെ അവളോട് പറഞ്ഞതുപോലെ, അത്ഭുതത്തിന് കാരണം അവളുടെ വിശ്വാസമായിരുന്നു.’ ഓരോ രോഗശാന്തിയും മനുഷ്യരുടെ ആഴമായ വിശ്വാസത്തിന്റെ ഫലമാണെന്ന് അച്ചന്‍ പറഞ്ഞുകൊടുത്തു.

എറിക്ക് പുച്ഛത്തോടെ കണ്ട കത്തോലിക്കാ ‘വിശ്വാസങ്ങളുടെ’ സത്യാവസ്ഥ മനസിലാക്കിക്കൊടുക്കാന്‍ ആ പുരോഹിതന് സാധിച്ചു.  തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് വിഷയങ്ങളിലും ഫാ. മാഡിസന്റെ വിശദീകരണങ്ങള്‍ വലിയ വഴിത്തിരിവുണ്ടാക്കി. വിനയത്തോടെ, തന്റെ മകന്റെ ജീവന് ഭീഷണിയായ രോഗം സുഖപ്പെടുത്തുന്ന എന്തും പരീക്ഷിക്കാന്‍ എറിക്ക് തയാറായി. ഇതറിഞ്ഞപ്പോള്‍, നതാലി, അലാസ്‌കയയിലുള്ള തിരുശേഷിപ്പുകള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതാന്‍ തുടങ്ങി. അങ്ങനെ ‘ഔവര്‍ ലേഡി ഓഫ് ദി ഗോള്‍ഡന്‍ ഹാര്‍ട്ടി’-ന്റെ അത്ഭുത തിരുസ്വരൂപം സമീപത്തുള്ള ടാല്‍ക്കീത്‌നയിലുണ്ടെന്ന് കണ്ടെത്തി.

 

2024 മാര്‍ച്ച് മാസത്തില്‍ പോള്‍, നെഫ് കുടുംബങ്ങള്‍ 50 മൈല്‍ ഡ്രൈവ് ചെയ്ത് ടാല്‍ക്കീത്‌നയിലേ’ഔവര്‍ ലേഡി ഓഫ് ദി ഗോള്‍ഡന്‍ ഹാര്‍ട്ടി’ന്റെ തിരുസ്വരൂപത്തിന് മുന്നിലെത്തി മാതാവിനോട് മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു.  പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബങ്ങള്‍ അവരുടെ കാറുകളിലേക്ക് മടങ്ങി.  പക്ഷേ അവിടെ അസാധാരണമായ ഒരു കാര്യം നടന്നു. അവരോടൊപ്പം ഉണ്ടായിരുന്നു വളര്‍ത്തുനായ്ക്കള്‍ ആരോ വിളിച്ചതുപോലെ തിരികെ മറിയത്തിന്റെ രൂപത്തിനരികിലേക്ക് ഓടി. അവര്‍ മാതാവിന് സമീപത്തെ മുള്ളുകള്‍ പടര്‍ന്ന ചെടികള്‍ കടിച്ചു മുറിക്കാന്‍ തുടങ്ങി.  അതിലൊരു ചെടിയുടെ പേര് ‘ഡെവിള്‍സ് ക്ലബ്’ എന്നായിരുന്നു.  ഇത് ഏകദേശം 5 മിനിറ്റ് തുടര്‍ന്നപ്പോള്‍ മുതിര്‍ന്നവര്‍ സ്തബ്ധരായി. സ്വതവേ അനുസരണയുള്ള നായ്ക്കള്‍ തിരിച്ചുവരുവാനുള്ള ഉടമസ്ഥരുടെ നിര്‍ദേശത്തെ പൂര്‍ണമായും അവഗണിച്ചു!. പുല്ലും വിവിധ പഴങ്ങളും തിന്നുന്ന നായ്ക്കള്‍ ഉണ്ടാകും. എന്നാല്‍ ഈ നായ്ക്കള്‍ ചെയ്തതുപോലെ ഒരു നായയും ചെയ്യാന്‍ ആഗ്രഹിക്കില്ല! തിരുസ്വരൂപം ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കിയ ശേഷം അവര്‍ കാറിനടുത്തേക്ക് വന്നു.
നായ്ക്കളുടെ അസാധാരണമായ ഈ പ്രവൃത്തി കണ്ട് നതാലി അമ്പരന്നുകൊണ്ട് ‘മാതാവ് ഇവിടെയുണ്ട്!’ എന്ന് പറഞ്ഞു. പ്രാര്‍ത്ഥനാപൂര്‍വം അവര്‍ മടങ്ങി. എന്നാല്‍  കാത്തിരുന്ന വലിയ അത്ഭുതത്തിന്റെ  സൂചന മാത്രമായിരുന്നു അത്. ഹോസ്പിറ്റലില്‍ നടന്ന പരിശോധനയില്‍ ഡോക്ടര്‍ അമ്പരപ്പോടെ ആ കാര്യം അറിയിച്ചു. ബ്രൂസിന്റെ ഹൃദയ വാല്‍വുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു! ഇനി ശസ്ത്രക്രിയ ആവശ്യമില്ലെന്ന സന്തോഷ വാര്‍ത്ത ഡോക്ടര്‍ അറിയിച്ചു. നിറകണ്ണുകളോടെയാണ് പോള്‍ കുടുംബം ഈ വാര്‍ത്ത കേട്ടത്. ഈ സംഭവം എറിക്കിനെ ആകെ മാറ്റിമറിച്ചു. ഒരുകാലത്ത് കടുത്ത ബാപ്റ്റിസ്റ്റായിരുന്ന എറിക് പോള്‍ ഇന്ന് മരിയ ഭക്തനായി ജീവിക്കുന്നു.

വര്‍ഷങ്ങളായി കാന്‍സര്‍ ബാധിച്ച് കഷ്ടപ്പെട്ട മറ്റൊരു അലാസ്‌കന്‍ ആണ്‍കുട്ടിയ്ക്കുണ്ടായ അനുഭവം ആ കുട്ടിയുടെ അമ്മയുടെ ഇപ്രകാരമാണ് പങ്കുവച്ചത്: ”അവന്‍ ‘ഔവര്‍ ലേഡി ഓഫ് ദി ഗോള്‍ഡന്‍ ഹാര്‍ട്ടി’-ന്റെ അത്ഭുത തിരുസ്വരൂപത്തിന്റെ അരികില്‍ കുറച്ചു നേരം ഒറ്റയ്ക്ക് ഇരുന്നു. പിന്നെ ഞങ്ങള്‍ ഒരു പിക്‌നിക് നടത്തി. ആ മാസം അവസാനം അടുത്ത എംആര്‍ഐ എടുത്തപ്പോള്‍ രോഗമില്ലെന്ന് വ്യക്തമായിരുന്നു. മുന്‍പുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്ന നട്ടെല്ലിലെ കാന്‍സര്‍ കോശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരെല്ലാം അത്ഭുതപ്പെട്ടു.” ചികിത്സകള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും ഇത് മറിയത്തിന്റെ മാധ്യസ്ഥതയിലൂടെ സംഭവിച്ച അത്ഭുതമാണെന്ന് ഈ കുടുംബം വിശ്വസിക്കുന്നു.

ലൂര്‍ദും മെഡ്ജുഗോറിയയും പോലുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ക്ക് പുറമെ ഇത്തരത്തില്‍ മറിയത്തിലൂടെ ദൈവം പ്രവര്‍ത്തിക്കുന്ന അനവധി അത്ഭുതങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇപ്രകാരം പരിശുദ്ധ അമ്മയുടെ  ഇടപെടലിന്റെ അതിശയകരമായ ശക്തി അനുഭവിക്കുന്ന അനേകം അവിശ്വാസികളും  വിശ്വാസികളും  അമ്മയിലൂടെ യേശുവിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?