Follow Us On

21

June

2025

Saturday

‘ലിയോണ്‍ ഡി പെറു’ ; മാര്‍പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു

‘ലിയോണ്‍ ഡി പെറു’ ; മാര്‍പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു

ലിയോ പതിനാലാമന്‍ പാപ്പയുടെ മിഷനറി ജീവിതം ‘ലിയോണ്‍ ഡി പെറു’ എന്ന പേരില്‍ വത്തിക്കാന്‍ മീഡിയ ഡോക്യുമെന്ററിയാക്കുന്നു.  കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ  സ്‌നേഹവും സേവനവും നേരിട്ടനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നത്. ‘പാദ്രെ റോബര്‍ട്ടോ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. മിഷനറി വൈദികന്‍, ഇടവക വികാരി, പ്രഫസര്‍, ബിഷപ് എന്നീ നിലകളില്‍ ലിയോ പാപ്പ പ്രവര്‍ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്‌ലായോ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഈ ഡോക്യുമെന്ററി യാത്ര ചെയ്യുന്നത്.

ഒട്ടേറെ യുവാക്കളെ നേര്‍വഴിക്കു നയിച്ച  പ്രഫസര്‍, ദരിദ്രര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മിഷനറി, ഇടവക വൈദികന്‍ തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഡോക്യമെന്ററി വരച്ചുകാണിക്കുന്നു. മിഷന്‍ ശുശ്രൂഷയില്‍ അദ്ദേഹത്തോട് വളരെ അടുത്ത് പ്രവര്‍ത്തിച്ച വൈദികര്‍, ബിഷപ്പുമാര്‍, ഇടവകപുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അശരണരായ മനുഷ്യര്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ ലോകത്തിനു മാതൃകയാണ്. പെറുവിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന സമയത്ത്  കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തൊഴിലില്ലാത്തവര്‍ക്കും പട്ടിണിയിലായവര്‍ക്കും ഭക്ഷണവും മരുന്നും നല്‍കി സഹായിച്ചിരുന്നു. ചിക്ലായോയിലെ ബിഷപ് ആയിരിക്കുമ്പോള്‍, വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ജനതയെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. വെള്ളത്തില്‍ മുങ്ങിയ തെരുവുകളിലേക്ക് ധൈര്യത്തോടെ ഇറങ്ങിക്കൊണ്ട്  ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ കടന്നുവന്ന ലിയോ പാപ്പയെ ഇവിടെയുള്ളവര്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.

ഈ ഡോക്യുമെന്ററിയില്‍ നിരവധി അസാധാരണ വ്യക്തിഗത അനുഭവങ്ങളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വേശ്യാവൃത്തിയില്‍ നിന്ന് കന്യാസ്ത്രീകള്‍ രക്ഷപ്പെടുത്തിയ  സില്‍വിയ എന്ന  യുവതിയാണ് മനുഷ്യക്കടത്തിനെതിരെ ഒരു കമ്മീഷന്‍ സ്ഥാപിക്കാന്‍ കര്‍ദിനാള്‍  പ്രെവോസ്റ്റിനെ പ്രേരിപ്പിച്ചത്. അവരുടേതുള്‍പ്പെടെ ലിയോ പാപ്പയുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒട്ടേറെ ആളുകളുടെ അനുഭവങ്ങള്‍ ഇതില്‍ കാണാനാകും. വത്തിക്കാന്‍ മീഡിയയുടെ പത്രപ്രവര്‍ത്തകരായ സാല്‍വറ്റോര്‍ സെര്‍നുസിയോ, ഫെലിപ്പ് ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്‌കൈനോ ഹാരോ എന്നിവരാണ് ഈ ഡോക്യുമെന്ററിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?