വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം.
യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’ എന്ന് നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് ഇന്‍കോര്‍പ്പറേറ്റഡ് പ്രസിഡന്റ് ജേസണ്‍ ഷാങ്ക്‌സ് പറഞ്ഞു. ‘ഇതാണ് കുരിശിന്റെ വഴിയിലുള്ള തീര്‍ത്ഥാടനം. ആക്രമണങ്ങള്‍ക്കെതിരെ നമ്മുടെ കര്‍ത്താവിനോടൊപ്പം നടക്കുന്ന രീതി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രധാന റൂട്ടായ സെന്റ് കാതറിന്‍ ഡ്രെക്‌സല്‍ റൂട്ട് 20 രൂപതകളിലും 10 സംസ്ഥാനങ്ങളിലുമായി 3,340 മൈല്‍ സഞ്ചരിച്ചാണ് ലോസ് ആഞ്ചല്‍സില്‍ സമാപിക്കുന്നത്. ഇത് കൂടാതെ നാല് ചെറിയ റൂട്ടുകളിലും ദിവ്യകാരുണ്യ തീര്‍ത്ഥാടനം ക്രമീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 2024 ജൂലൈയില്‍ നടന്ന 10-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി ആദ്യമായി നടത്തിയ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ഇന്ത്യാനാപോളിസിലാണ് സമാപിച്ചത്. എട്ട് ആഴ്ച നീണ്ടുനിന്ന, നാല് പ്രധാന റൂട്ടുകളിലൂടെ ഒരേ സമയം നടത്തിയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം സമാനമായ പ്രതിഷേധങ്ങള്‍ നേരിട്ടില്ലെന്ന് ഷാങ്ക്‌സ് പറഞ്ഞു.
2025 തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന കത്തോലിക്കര്‍ പ്രതിഷേധക്കാരോട് പ്രതികരിക്കേണ്ട വിധവും ഷാങ്ക്‌സ് പങ്കുവച്ചു. ‘നമുക്ക് ഈ ആളുകളുമായി ഇടപഴകേണ്ട ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു. ‘നമ്മുടെ കണ്ണുകള്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും കര്‍ത്താവില്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. നാം ധൈര്യശാലികളും ദൃഢചിത്തരും ആയിരിക്കണം,’ ഷാങ്ക്‌സ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *