മനില/ഫിലിപ്പൈന്‍സ്: ഗോവയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനും ഹോളിക്രോസ് സഭയുടെ ദക്ഷിണേന്ത്യന്‍ പ്രവിശ്യയിലെ അംഗവുമായ ഫാ. ടെറന്‍സ് അബ്രാഞ്ചസിനെ ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡിന്റെ ദേശീയ ഡയറക്ടറായി നിയമിച്ചു. 2019 മുതല്‍ 2025 മെയ് 31 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വില്‍സണ്‍ തോപ്പിലാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനായത്.
ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹോളിക്രോസ് സഭയുടെ സെമിനാരിയില്‍ പ്രവേശിച്ച ഫാ. ടെറന്‍സ് പൂനെയിലുള്ള ജ്ഞാന-ദീപ സര്‍വകലാശാലയിലാണ് തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചത്. 2014-ല്‍ വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് മുംബൈയിലെ സെന്റ് ലൂയിസ് സ്കൂളിലും സെന്റ് ലൂയിസ് പള്ളിയിലും അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് ഇടവക വികാരി, ഹോളി ക്രോസ് സഭയുടെ പ്രവിശ്യാ ഭരണത്തിന്റെ സെക്രട്ടറി, ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സെമിനാരിയുടെ രൂപീകരണ ഡയറക്ടര്‍ തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ ഫിലിപ്പൈന്‍സിലെ ഹോളി ക്രോസ് സഭയുടെ വൊക്കേഷന്‍ പ്രൊമോട്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
1947-ല്‍ ന്യൂയോര്‍ക്കിലെ അല്ബാനിയില്, ഹോളിക്രോസ് വൈദികനായ ഫാ. പാട്രിക് പെയ്റ്റണാണ് ഫാമിലി റോസറി ക്രൂസേഡ് ആരംഭിച്ചത്. മള്‍ട്ടിമീഡിയ അധിഷ്ഠിതമായ ഈ ശുശ്രൂഷ കുടുംബങ്ങളെ ഒരുമിച്ച് ജപമാല ചൊല്ലുന്നത് സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഫിലിപ്പൈന്‍സില്‍ ഫാമിലി റോസറി ക്രൂസേഡിന് ഇന്ത്യന്‍ വൈദികര്‍ നേരത്തെയും നേതൃത്വം നല്‍കിയിട്ടുണ്ട്. ഫാ. ജിമ്മി (നാഷണല്‍ ഡയറക്ടര്‍, 2016-2019), ഫാ. മാത്യു (2019 മുതല്‍ മിഷന് ഡയറക്ടര്‍), ഫാ. വില്‍സണ്‍ തോപ്പിലാന്‍ (നാഷണല്‍ ഡയറക്ടര്‍, 2019-2025) എന്നീ ഇന്ത്യന്‍ വൈദികരാണ് ഈ ശുശ്രൂഷക്ക് മുമ്പ് നേതൃത്വം നല്‍കിയത്.
Leave a Comment
Your email address will not be published. Required fields are marked with *