സണ്‍ഡേ ശാലോം പത്രത്തിന്റെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദുഃഖകരമായ ഒരു വാര്‍ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്‍ഷത്തെ സഭാസേവനം പൂര്‍ത്തിയാക്കി സണ്‍ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു.
കാല്‍നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര്‍ മാധ്യമങ്ങളുടെ സഭാവാര്ത്തകളോടുള്ള തിരസ്കരണം, ഒരു രൂപതയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ, സഭാസമൂഹങ്ങള്ക്കിടയിലെ അകലങ്ങള്‍, ഈ സാഹചര്യത്തിലാണ് കേരളസഭ ഒന്ന് എന്ന വീക്ഷണത്തില്‍, കത്തോലിക്ക സഭയിലെ എല്ലാ റീത്തുകളെയും ഒരേപോലെ കണ്ട്, മറ്റ് അപ്പസ്തോലിക സഭകളെയും ചേര്‍ത്തുനിര്‍ത്തി സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത്. അന്നത്തെ സഭാസാഹചര്യത്തില്‍ അത്തരം ഒരു പത്രം ഏറെ അനുഗ്രഹകരമായിരുന്നു. സഭയുടെ ശബ്ദമായി നിലകൊള്ളാനും വിവിധ സഭാസമൂഹങ്ങളിലെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും എല്ലാവരിലേക്കും എത്തിക്കുവാനും സണ്‍ഡേ ശാലോം പത്രത്തിന് കഴിഞ്ഞു.
പ്രസ്ഥാനങ്ങളെയും ശുശ്രൂഷകളെയും വ്യക്തികളെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഈ പത്രം സദാ ജാഗരൂകമായിരുന്നു. വിശ്വാസത്തെ അപകടപ്പെടുത്തുന്ന പ്രവണതകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി മുന്നറിയിപ്പുകള്‍ നല്‍കാനും സഭയുടെ ജീര്‍ണതകളെ വിവേകപൂര്‍വം തുറന്നു കാട്ടാനും സണ്‍ഡേ ശാലോം മടിച്ചിരുന്നില്ല. അല്മായരും സമര്‍പ്പിതരും മെത്രാന്മാരും ഒന്നുപോലെ സണ്‍ഡേ ശാലോമിനെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ഈ പത്രം നിര്‍ത്തുന്നത്? അതിന് ഒരു ഉത്തരമേയുള്ളൂ – ദൈവം ‘മതി’ എന്നു പറയുമ്പോള്‍ നമ്മളും അതു മതിയാക്കണം.
ഒരു കമ്പ്യൂട്ടര്പോലുമില്ലാത്ത സാഹചര്യത്തില്‍, ഒരു പത്രപ്രവര്ത്തകനുമില്ലാതെ ഒറ്റയ്ക്കിരുന്ന് സണ്‍ഡേ ശാലോമിന്റെ പൈലറ്റ് ഇഷ്യു തയാറാക്കിയത് പ്രാര്‍ത്ഥനയിലൂടെ ദൈവം നല്കിയ ഒരു പ്രചോദനത്തിന്റെ പിന്‍ബലത്തില്‍ മാത്രമായിരുന്നു. 27 വര്‍ഷത്തിനുശേഷം പ്രാര്‍ത്ഥനയിലൂടെ ദൈവം നല്കിയ മറ്റൊരു പ്രചോദനത്തെ പിന്തുടര്ന്നുകൊണ്ട് സണ്‍ഡേ ശാലോം നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ദൈവഹിതം അന്വേഷിക്കാനും പ്രാര്‍ത്ഥിക്കാനും പ്രേരിപ്പിച്ച സാഹചര്യമിതാണ്.
കാല്‍നൂറ്റാണ്ടുമുമ്പ് ഇത്തരം ഒരു പത്രം കേരളസഭയ്ക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തിലൊരു പ്രസക്തി സണ്‍ഡേ ശാലോമിനില്ല. എല്ലാ രൂപതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ വിശേഷങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കുവാന്‍ അവരവരുടേതായ യൂ ട്യൂബ് ചാനലുകളും ഇതര സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ഉണ്ട്. ദീപിക ദിനപത്രവും ഇന്ന് മാധ്യമലോകത്ത് ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയായിലൂടെ വാര്‍ത്തകള്‍ അപ്പപ്പോള്‍ എല്ലാവരിലും എത്തിച്ചേരുന്നതിനാല്‍ ദിനപത്രങ്ങളും ടിവി ചാനലുകള്‍പോലും പ്രസക്തി നിലനിര്‍ത്താന്‍ പാടുപെടുന്നുണ്ട്. അതിനിടയില്‍ ഒരു ആഴ്ചപത്രത്തിലൂടെ വരുന്ന വാര്‍ത്തകള്‍ രണ്ടാഴ്ചകൊണ്ട് പുതുമ നഷ്ടപ്പെട്ട് പ്രസക്തിയില്ലാത്തതായിത്തീരും. എങ്കില്പിന്നെ 27 വര്‍ഷത്തെ പാരമ്പര്യത്തിന്റെ പേരിലും വ്യര്‍ത്ഥാഭിമാനത്തിന്റെ പേരിലും ഇതിന്റെ പ്രസിദ്ധീകരണം നിലനിര്‍ത്തുന്നത് അര്‍ത്ഥശൂന്യമല്ലേ? ഈ ചിന്തകളാണ് ദൈവഹിതം തേടുവാന്‍ ഞങ്ങള്‍ക്ക് പ്രേരകമായിത്തീര്‍ന്നത്.
മാറിയ ഈ സാഹചര്യത്തില്‍ സണ്‍ഡേ ശാലോമിനുവേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന മനുഷ്യവിഭവ ശേഷിയും സമ്പത്തും സഭയ്ക്ക് കൂടുതല്‍ പ്രയോജനപ്രദമായ മേഖലയിലേക്ക് തിരിച്ചുവിടുന്നതാണ് ഉചിതം എന്ന ഉള്‍ക്കാഴ്ചയാണ് കര്‍ത്താവ് നല്‍കിയത്. സണ്‍ഡേ ശാലോമിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയാലും അതിന്റെ ദൗത്യം ശാലോം തീര്‍ച്ചയായും തുടരുകതന്നെ ചെയ്യും. ‘ശാലോം ന്യൂസ്’ എന്ന ബാനറില്‍ ശാലോം വേള്‍ഡ് ടിവിയുടെയും ശാലോം ടിവിയുടെയും സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും സമീപഭാവിയില്‍തന്നെ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും. സഭയ്ക്ക് മെച്ചപ്പെട്ട സേവനം ചെയ്യാനുള്ള കാലാനുസൃതമായ ഒരു മാറ്റം എന്ന നിലയില്‍മാത്രം നമുക്കീ സാഹചര്യങ്ങളെ വിലയിരുത്താം.
സണ്‍ഡേ ശാലോമിന്റെ അവസാനത്തെ ഈ എഡിറ്റോറിയല്‍ എഴുതുമ്പോള്‍ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതിയ നിമിഷങ്ങളിലേക്കുതന്നെയാണ് മനസ് പോകുന്നത്. ഒന്നുമില്ലായ്മയിലാണ് തുടങ്ങിയത്. എന്നാല്‍ ദൈവം കൂടെ നടന്നു. അനുഗ്രഹിച്ചു. 27 വര്‍ഷം നിലനിര്‍ത്തി. നല്ല ദൈവത്തിന് നന്ദി… ഈ പത്രം ജനങ്ങളിലേക്കെത്തിക്കാന്‍ സഹായിച്ച ‘വിതരണക്കാര്‍’ അപ്രകാരം ചെയ്തത് അവരുടെ പ്രേക്ഷിതതീഷ്്ണതകൊണ്ടുമാത്രമായിരുന്നു. പ്രതിഫലമില്ലാതെ അധ്വാനിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഏജന്റുമാര്‍ക്ക് നന്ദി. വാര്‍ത്തകള്‍ നല്കി സഹായിച്ച റിപ്പോര്‍ട്ടര്‍മാരുടെ അലച്ചിലുകള്‍ക്ക് ദൈവം പ്രതിഫലം നല്കട്ടെ. തങ്ങളുടെ രചനകള്വഴി സണ്‍ഡേ ശാലോമിന്റെ പേജുകളെ ധന്യമാക്കിയ എല്ലാ എഴുത്തുകാരെയും ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.
പരസ്യത്തിന്റെ വരുമാനമില്ലാതിരുന്നിട്ടും ഇതിനെ താങ്ങിനിര്‍ത്താന്‍ സാമ്പത്തിക സഹായം നല്കിയ ശാലോമിന്റെ അഭ്യുദയകാംക്ഷികള്‍, ഇതിനെ പ്രോത്സാഹിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാര്, ഇടവക വികാരിമാര്‍, സന്യാസ സമൂഹങ്ങള്‍, അല്മായ ശ്രേഷ്ഠര്‍, വായനക്കാര്‍ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാറ്റിലും ഉപരിയായി കഴിഞ്ഞ 27 വര്‍ഷം ഇതിന്റെ പ്രസിദ്ധീകരണത്തിനുപിന്നില് സമയം നോക്കാതെ അധ്വാനിച്ച പ്രിയപ്പെട്ട എഡിറ്റോറിയല്‍ ടീം അംഗങ്ങള്‍, ലേ ഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഇതര ഓഫീസ് ജോലികള്‍ നിര്‍വഹിച്ചവര്‍… എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി…. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാവുകയില്ലായിരുന്നു.
ഇന്നലെകളില്‍ ചെയ്തതുതന്നെ എക്കാലവും നാം ചെയ്തുകൊണ്ടിരിക്കേണ്ടതില്ല.
ദൈവത്തിനും സഭയ്ക്കും പ്രയോജനമില്ലാത്തവയ്ക്കുവേണ്ടി ജീവിതം വ്യയം ചെയ്യുന്നത് വ്യര്‍ത്ഥവുമാണ്.
അതിനാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം ദൈവത്തിനും സഭയ്ക്കും
ഏറെ പ്രയോജനമുണ്ടായിരുന്ന സണ്‍ഡേ ശാലോം
അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക് മടങ്ങുന്നു.
പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കട്ടെ.
ചരിത്രത്തിന്റെ നാഥനും നായകനുമായ കര്‍ത്താവ് എന്നെന്നും വാഴ്ത്തപ്പെടട്ടെ..!
ബെന്നി പുന്നത്തറ
Leave a Comment
Your email address will not be published. Required fields are marked with *