Follow Us On

06

July

2025

Sunday

ഉറുമ്പിന്റെ സുവിശേഷം

ഉറുമ്പിന്റെ സുവിശേഷം

ഫാ. മാത്യു ആശാരിപറമ്പില്‍

സാധാരണ ജീവികള്‍ കാണാത്ത മധുരം കാണുകയും തലയിലേറ്റി തീര്‍ത്ഥയാത്ര നടത്തുകയും ചെയ്യുന്ന ഉറുമ്പുകളുടെ മനസിന്റെ മര്‍മ്മരങ്ങളാണ് ഉറുമ്പിന്റെ സുവിശേഷം എന്ന പേരില്‍ സണ്‍ഡേ ശാലോമില്‍ എഴുതിത്തുടങ്ങിയത്. ജെയ്‌മോന്‍ കുമരകത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ എന്നെ ഉണര്‍ത്തി, ചിന്തകളായും അക്ഷരങ്ങളായും ഉറുമ്പിന്റെ സുവിശേഷത്തിന് ജന്മം നല്‍കി. വലിയ കാതലുള്ള, ഗൗരവമായ പഠനക്കുറിപ്പുകളോ അവലോകനങ്ങളോ അല്ല, മറിച്ച് ചെറുചിരിയോടെ വായിച്ച് പോകാവുന്ന കുസൃതിക്കുറിപ്പുകളായിരുന്നു അതിലൂടെ പിറവിയെടുത്തത്! ആയിരക്കണക്കിന് ആളുകളുടെ പ്രോത്സാഹനജനകമായ ഫോണ്‍വിളികളും കുറിപ്പുകളും തുടര്‍ച്ചയായി എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയാണ് സണ്‍ഡേ ശാലോമിന്റെ എഴുത്തുകാരനായി ഞാന്‍ രൂപാന്തരപ്പെട്ടത്.

പ്രസിദ്ധീകരണത്തിന് അവ എത്രമാത്രം പ്രയോജനപ്രദമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചില്ല. പക്ഷേ ആ ചെറുകോളമെഴുത്ത് എന്നില്‍ പുതിയ ചിന്തകളും വീക്ഷണങ്ങളും വളര്‍ത്തിയെടുത്തു. ഓരോ ആഴ്ചയിലും പുതിയത് എഴുതണമല്ലോ എന്ന ചിന്ത പുതുമയുള്ളതും വ്യത്യസ്തവുമായ ആശയങ്ങള്‍ തേടുവാന്‍ എന്നെ പ്രേരിപ്പിച്ചു.
കോവിഡ് കാലത്ത് മുടങ്ങിപ്പോയ ഉറുമ്പിന്റെ സുവിശേഷം പിന്നീട് ചെറുലേഖനങ്ങളായി പുനര്‍ജന്മമെടുത്തു.
കാലികപ്രസക്തിയുള്ളതും എന്നാല്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെപോയതുമായ വിഷയങ്ങളെ ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുവാനും വായിക്കുവാനും ജനത്തെ പ്രേരിപ്പിച്ചു.

ശാലോമിന്റെ ഉള്‍പേജിലെ പകുതി പേജ് ലേഖനം ഏറെപ്പേരെ സ്വാധീനിക്കുന്നുണ്ടെന്ന് പലരുടെയും സംഭാഷണങ്ങളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആരെങ്കിലും തൊട്ടാല്‍, തൊഴിച്ചാല്‍മാത്രം ചലിക്കുന്ന ഫുട്‌ബോളാണ് ഞാന്‍. ദിനങ്ങള്‍ക്കുമുമ്പേ ജോസഫ് മൈക്കിള്‍ എന്നെ വിളിച്ച് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ലോകത്തിലേക്ക് എന്നെ ഉയര്‍ത്തി.

ശാലോമിന്റെ പേജുകള്‍ എനിക്ക് തലങ്ങും വിലങ്ങും ഫുട്‌ബോള്‍പോലെ ആശയങ്ങള്‍ തട്ടിക്കളിക്കുന്ന മൈതാനമായിരുന്നു. ജയിക്കുന്നതിനെക്കാള്‍ കളിക്കുന്നതില്‍ ലഹരി കണ്ടെത്തുന്നതുപോലെ ഈ രചന തന്നെ എന്റെ തിരക്കുള്ള ജീവിതത്തിലെ ലഹരിസമാനമായ വേറിട്ട അനുഭവമായിരുന്നു.
തിരക്കൊഴിയുന്ന രാത്രികളില്‍ ഒറ്റ ഇരിപ്പില്‍ ഞാന്‍ ഒരു ലേഖനം എഴുതിത്തീര്‍ക്കുമായിരുന്നു. പിറ്റേന്ന് അക്ഷരതെറ്റുകള്‍ തിരുത്തി, നല്ല കയ്യക്ഷരത്തില്‍ പകര്‍ത്തിയെഴുതി ഫോട്ടോ എടുത്ത് ജോസഫിന് അയച്ചുകൊടുക്കുകയായിരുന്നു.

സണ്‍ഡേ ശാലോം ഓണ്‍ലൈന്‍ ന്യൂസ് രൂപത്തിലേക്ക് മാറുകയാണെന്ന് കേട്ടപ്പോള്‍ കളിക്കളം നഷ്ടപ്പെട്ട കൗമാരക്കാരന്റെ ദയനീയതയാണ് മനസില്‍ വിടര്‍ന്നത്. സമാധാനത്തിന്റെ മീവല്‍പ്പക്ഷികള്‍ ആകാശത്ത് വീണ്ടും പറക്കട്ടെ! ദേശാടനക്കിളികള്‍ വീണ്ടും പറന്നെത്തുകയും ചെടികളില്‍ പൂക്കള്‍ വിരിഞ്ഞ് വസന്തവിരുന്നൊരുക്കുകയും മാനത്തു മഴവില്ലിന്റെ വര്‍ണങ്ങള്‍ വിരിയുകയും ചെയ്യുന്ന നല്ല ദിനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം. പ്രതീക്ഷയുടെ കവാടങ്ങള്‍ കടന്ന് നമുക്ക് യാത്ര തുടരാം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?