Follow Us On

23

July

2025

Wednesday

മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും

മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും
ബുര്‍ഹാന്‍പൂര്‍  (മധ്യപ്രദേശ്):  മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് അര്‍ദ്ധനഗ്നരായി നടത്തി. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കള്ളക്കേസ് ചുമത്തി പോലീസ് അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. നീതി നടപ്പിലാക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഈ കാടത്തത്തിനു കൂട്ടുനിന്നതിനൊപ്പം അക്രമികളുടെ പക്ഷംചേര്‍ന്ന് ക്രൂരമായ വിധത്തില്‍ നീതിനിഷേധം നടത്തുകയും ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.
മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപനഗര്‍ ഗ്രാമത്തില്‍ ജൂണ്‍ 22-ന് രാത്രിയിലാണ് നിര്‍ബന്ധിത മതപരി വര്‍ത്തനം ആരോപിച്ച് ഒരു സംഘം പാസ്റ്റര്‍ ഗോഖാരിയ സോളങ്കിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെയും ആ വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയത്.
150-തോളം പേര്‍ വരുന്ന സംഘം  മൂന്ന് പുരുഷന്മാരെയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് അസഭ്യം പറഞ്ഞു പൊതു വഴികളിലൂടെ നടത്തിച്ചു. ആ സംഘത്തിലെ ചിലരെ പരിചയം ഉണ്ടായിരുന്നതിനാല്‍ നാലുപേരില്‍ ഒരാളെ വിട്ടയച്ചു. തുടര്‍ന്ന് അക്രമികള്‍ അവരെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ഹിന്ദു ദേവതയ്ക്ക് മുന്നില്‍ വണങ്ങണമെന്ന് ആവശ്യപ്പെട്ടു.
പിന്നീട് ദളിത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ പോലീസിന് കൈമാറുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജയിലിലടക്കുകയും ചെയ്തു.
അവിടെനടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയും അക്രമികളില്‍ ചിലരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.  മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന കള്ളപരാതിയില്‍ സാക്ഷികളാകാന്‍ അവിടെയുള്ള ഹിന്ദു കുടുംബത്തെ അക്രമികള്‍ നിര്‍ബന്ധിച്ച കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന മൂന്നു പേരെ ജാമ്യത്തിലിറക്കാനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ദളിതരും ആദിവാസി സമൂഹങ്ങളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ ക്കെതിരെ മതപരിവര്‍ത്തനം കുറ്റം ആരോപിക്കുന്നതും അവരെ ജയിലില്‍ അടയ്ക്കുന്നതും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പതിവു സംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?