ഹാനോയി/വിയറ്റ്‌നാം: യേശുവിന്റെ തിരുഹൃദയ മാസമായ ജൂണില്‍ 40 പുതിയ പുരോഹിതരെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ വിയറ്റ്‌നാമിലെ സഭ. യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഹോ ചി മിന്‍ സിറ്റി അതിരൂപതയ്ക്ക് വേണ്ടിയാണ് ഇതില്‍ 21 വൈദികര്‍ അഭിഷിക്തരായത്. പുരോഹിതന്‍ ദൈവഹിതത്തെ ഗൗരവമായി കണ്ടുകൊണ്ട് ആരാധനാക്രമം, അജപാലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളിലൂടെയും സുവിശേഷം കൈമാറേണ്ട വ്യക്തിയാണെന്ന് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച ആര്‍ച്ചുബിഷപ് ജോസഫ് നുയെന്‍ നാങ് പറഞ്ഞു. അന്നേദിനം തന്നെ ബാറിയ രൂപതയിലെ ഔവര്‍ ലേഡി ഓഫ് ബായ് ദൗ ദൈവാലയത്തില്‍, ബിഷപ് ഇമ്മാനുവല്‍ നുയെന്‍ ഹോങ് സണ്ണിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ആറ് ഡീക്കന്‍മാരെ വൈദികരായി അഭിഷേകം ചെയ്തു.
ആറ് പുതിയ വൈദികരെ സ്വാഗതം ചെയ്ത മറ്റൊരു രൂപതയാണ് ഡാ നാങ് രൂപത, മറ്റൊരു ക്രിസ്തുവായി മാറുവാന്‍, ദൈവജനത്തിന്റെ ഇടയന്മാരാകാന്‍, തങ്ങള്‍ക്കുവേണ്ടി ജീവിക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും എല്ലാമാകാന്‍, പ്രതിഷ്ഠിക്കപ്പെട്ടവരാണ് വൈദികരെന്ന് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച ഹ്യൂവിലെ ആര്‍ച്ചുബിഷപ്പും ഡാ നാങ്ങിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ഡാങ് ഡക് എന്‍ഗാന്‍ പറഞ്ഞു.കാന്‍ തോ രൂപതയിലെ സോക് ട്രാങ് കത്തീഡ്രലില്‍ പുതിയ വൈദികര്‍ക്കുള്ള സ്ഥാനാരോഹണ ദിവ്യബലിക്ക് ബിഷപ് പീറ്റര്‍ ലെ ടാന്‍ ലോയ് നേതൃത്വം നല്‍കി.
അതിനിടെ ജൂണ്‍ 30ന്, ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിയറ്റ്‌നാമിന്റെ വൈസ് പ്രസിഡന്റ് വോ തി അന്‍ഹ് സുവാനുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഇതിനെ തുടര്‍ന്ന് പരിശുദ്ധ സിംഹാസനവും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധത്തിന്റെ ക്രിയാത്മകമായ വികാസത്തില്‍ മതിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. വിറ്റ്‌നാമില്‍ 9.3 നിവാസികളില്‍ ഏകദേശം 68 ലക്ഷം പേരാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്. ഇത് ജനസംഖ്യയുടെ 7.4% വരും.
Leave a Comment
Your email address will not be published. Required fields are marked with *