കാക്കനാട്: പ്രതിസന്ധികളില്‍ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വര്‍ത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാ ക്ഷിത്വത്തിന്റെ ദുക്റാന തിരുനാള്‍ ആചരണവും സീറോമലബാര്‍ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളര്‍ച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതല്‍ ഉണര്‍വു പകരുന്നുണ്ട്. സീറോ മലബാര്‍ സഭ ലോകമെമ്പാടും വളരുകയാണെന്ന യാഥാര്‍ഥ്യം അനുസ്മരിച്ച മേജര്‍ ആര്‍ച്ചുബിഷപ് ദൈവ വിളികളില്‍ ഉണ്ടാകുന്ന പ്രത്യാശാ ജനകമായ വളര്‍ച്ചയും എടുത്തുപറഞ്ഞു.
സമുദായശാക്തീകരണ വര്‍ഷാചരണത്തിലേക്കു സീറോ മലബാര്‍ സഭ കടക്കുകയാണ്. ജീവനെ പ്രോത്സാഹിപ്പിക്കുന്ന ശൈലി ഈ വര്‍ഷം സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രധാന ലക്ഷ്യമാകണമെന്നു മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
ഈ കാലത്തു ശക്തമായിക്കൊണ്ടിരിക്കുന്ന അല്മായരുടെ ഇടയിലെ പ്രേഷിത അഭിമുഖ്യങ്ങളും പ്രവര്‍ത്തനങ്ങളും സഭയ്ക്കു പുതിയ പ്രതീക്ഷ നല്‍കുന്നതായും മാര്‍ തട്ടില്‍ പറഞ്ഞു.
പദ്മഭൂഷണ്‍ പുരസ്‌കാരം നേടിയ പ്രമുഖ ഹൃദയചികിത്സാ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ സീറോ മലബാര്‍ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങില്‍ ആദരിച്ചു.
കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സെന്റ് മര്‍ത്താസ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സ്നേഹ പോള്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയണ്‍ പ്രസിഡന്റ് അലക്സ് തോമസ്, കൂരിയ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, വൈസ് ചാന്‍സിലര്‍ ഫാ. പ്രകാശ് മറ്റത്തില്‍, സിഎസ്ടി ബ്രദേഴ്സ് അസി. ജനറല്‍ ബ്രദര്‍ തോമസ് കരോണ്ടുകടവില്‍, സിഎംഎല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
2026 സമുദായശാക്തീകരണ വര്‍ഷമായി ആചരിക്കാന്‍ സീറോമലബാര്‍ മെത്രാന്‍ സമിതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ സമുദായശാക്തീകരണ വര്‍ഷാചരണത്തിന്റെ രൂപരേഖ അവതരിപ്പിച്ചു.
മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസാ കുര്‍ബാന അര്‍പ്പിച്ചാണ് ദുക്റാന തിരുനാളാചരണം ആരംഭിച്ചത്. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, താമരശേരി എംസിബിഎസ് സനാതന സെമിനാരി റെക്ടര്‍ ഫാ. ഡെന്നീസ് പട്ടേരുപറമ്പില്‍ എന്നിവരും വിവിധ രൂപതകള്‍ പ്രതിനിധാനം ചെയ്തെത്തിയ വൈദികരും സഹകാര്‍മികരായി.
സീറോമലബാര്‍ സഭയിലെ വ്യത്യസ്ത രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *