താമരശേരി: 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി.
താമരശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയുമായ 2025-ല്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് അഖണ്ഡ ജപമാലയുടെ മുഖ്യനിയോഗം.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. കുര്യാ ക്കോസ് മുഖാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
യുദ്ധക്കെടുതിയില്‍ വലയുന്ന ഉക്രെയ്‌നിലെയും പാലസ്തീനയിലെയും ജനങ്ങള്‍ക്കുവേണ്ടിയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയയിലും ചൈനയിലും പീഡനം ഏല്‍ക്കേണ്ടി വരുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ മാര്‍ ഇഞ്ചനാനിയില്‍ ആഹ്വാനം ചെയ്തു.
അഖണ്ഡ ജപമാല സമര്‍പ്പണത്തോട് അനുബന്ധിച്ച് ബഥാനിയായില്‍ എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യമുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാകും. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരെ ഏഴിനും ദിവ്യബലി ഉണ്ടാകും.
എല്ലാ ദിവസവും പകല്‍ മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. ദിവസവും ഉച്ചയ്ക്കും രാത്രിയും നേര്‍ച്ച ഭക്ഷണമുണ്ട്. അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും.
ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോസഫ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *