കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവും സമയക്രമവും വിവാദമാക്കി വഴി തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാര്‍ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയായി മാറ്റുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ട നയങ്ങളില്‍ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവില്‍ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുകയുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശ പ്രകാരം,ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവരുടെ സംസ്‌കാരം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്.
ഇന്ത്യന്‍ മതേതരത്വം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണ് എന്നിരിക്കെ, മതമില്ലാത്ത അവസ്ഥയാണ് മതേതരത്വം എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ഭരണഘടനാ ചിന്തകള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് .
ക്രിസ്മസ് അവധിയും ഓണാവധിയുമൊക്കെ മതപരമായ അവധിയാണെന്ന് വിവാദങ്ങളിലൂടെ രഹസ്യമായി പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *