മാനന്തവാടി: മാനന്തവാടി രൂപതാ വൈദികന്‍ ഫാ. തോമസ് മണ്ണൂര്‍ (88) ഓര്‍മ്മയായി.ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയില്‍നിന്ന് 1966 മാര്‍ച്ച് 10ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ ആരംഭിച്ചു. ഷിമോഗയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയാ യിരിക്കേ നേതൃത്വം നല്‍കിയത് മണ്ണൂരച്ചനായിരുന്നു.
1967-ല്‍ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവര്‍ഷം സേവനം ചെയ്തു. 1969-ല്‍ അന്ന് തലശേരി രൂപതയുടെ ഭാഗമായിരുന്ന വയനാട്ടിലെ കോട്ടത്തറ സെന്റ് ആന്റണീസ് പള്ളിയിലും 1973-ല്‍ കൊട്ടിയൂര്‍ ഇടവകയിലും വികാരിയായി. പാല്‍ച്ചുരം, അമ്പായത്തോട് റോഡിന്റെ പണികള്‍ക്കും കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കൊണ്ടുവരുന്നതിനും അച്ചന്‍ നേതൃത്വം നല്‍കി.
പിന്നീട് ഒത്തിരി ത്യാഗങ്ങള്‍ സഹിച്ച് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ മണ്ണൂരച്ചന് കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് ഇരുളം-അങ്ങാടിശ്ശേരി ഇടവകയുടെ വികാരിയായും ശുശ്രൂഷ ചെയ്തത്. മുള്ളന്‍കൊല്ലിയില്‍ വികാരിയായിരിക്കേ 1982-ല്‍ മണ്ണൂരച്ചന്റെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളായ മരകാവ്, ആടിക്കൊല്ലി, മുള്ളന്‍കൊല്ലി എന്നീ ഇടവകകളില്‍ നിന്നുള്ള കുറേ വീട്ടുകാരെ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി തിരുഹൃദയ ഇടവകരൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ദൈവാലയം നിര്‍മ്മിക്കുകയും ചെയ്തു.
തുടര്‍ന്ന് വാഴവറ്റ, കാവുംമന്ദം ഇടവകകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തു. മിഷന്‍ വൈദികനാകണമെന്ന് ചെറുപ്പംമുതല്‍ ഉണ്ടായിരുന്ന ആഗ്രഹം മനസ്സില്‍ കെടാതെ സൂക്ഷിച്ച മണ്ണൂരച്ചന്‍ 62-ാമത്തെ വയസില്‍ 1999 ജൂണ്‍ 20-ന് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്‌കോട്ടെത്തി. വാങ്കനീര്‍ മിഷന്‍ കേന്ദ്രമായിരുന്നു പ്രവര്‍ത്തനമേഖല. 2001- ജനുവരിയില്‍ ഗുജറാത്തിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായപ്പോള്‍ മണ്ണൂരച്ചനും അതിന്റെ തീവ്രത അനുഭവിക്കേണ്ടി വന്നു.
2003-ല്‍ മണ്ണൂരച്ചന്‍ വീണ്ടും മാനന്തവാടി രൂപതയിലെത്തി. മാര്‍ എമ്മാനുവേല്‍ പോത്തനാമുഴി ആവശ്യമനുസരിച്ച് ഊട്ടിയിലേക്ക് പോയി. അവിടെ നാല്പത് വീട്ടുകാരുള്ള ഒരു സ്ഥലത്ത് പുതിയ ഇടവക തുടങ്ങുകയും ചെയ്തു.2009 മുതല്‍ മാനന്തവാടി രൂപതയിലെ കൊളവയല്‍ ഇടവകയില്‍ വികാരിയായി തോമസച്ചന്‍ സേവനം ചെയ്തു.
1937 നവംബര്‍ 15ന് പാലായില്‍ മുത്തോലി ഇടവകയിലെ മണ്ണൂര്‍ ഉലഹന്നാന്റെയും ഏലിയുടെയും ആറുമക്കളില്‍ അഞ്ചാമനായി തോമസച്ചന്‍ ജനിച്ചു. മുത്തോലി സെന്റ് ആന്റണീസ് സ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, വെള്ളാട് എന്ന സ്ഥലത്തേക്ക് കുടുംബം കുടിയേറുകയായിരുന്നു. സഹോദരങ്ങള്‍- പരേതരായ മത്തായി, ജോസഫ്, പാപ്പച്ചന്‍, വര്‍ക്കിച്ചന്‍. സഹോദരി ത്രേസ്യാകുട്ടി ജോണ്‍ മുണ്ടക്കത്തറപ്പേല്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ യുപിഎസ് വെള്ളാട്).
സംസ്‌കാരം ഇന്ന് (ജൂലൈ 21) ഉച്ചകഴിഞ്ഞ് രണ്ടിന് തലശേരി അതിരൂപതയിലെ കരുവഞ്ചാലടുത്ത് വെള്ളാട് ഇടവക ദൈവാലയ സെമിത്തേരിയില്‍ നടക്കും. ബിഷപ് മാര്‍ അലക്‌സ് താരാമംഗലം ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
Leave a Comment
Your email address will not be published. Required fields are marked with *