Follow Us On

02

August

2025

Saturday

കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്

കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്
കണ്ണൂര്‍: കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നതെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശംപോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
അന്യായമായി അറസ്റ്റ് ചെയ്തിട്ടും കന്യാസ്ത്രീകളെ ജയിലില്‍നിന്നു പുറത്തിറക്കാന്‍ നീതിപീഠത്തിനു കഴിയുന്നില്ല. നീതിനിഷേധം നടന്നാല്‍ ഇനിയും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവരുമെന്ന് മാര്‍ പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് മതപരിവര്‍ത്തന നിരോധനനിയമം. ഈ നിയമത്തിന്റെ ചൂടുപറ്റി തിരുവസ്ത്രം ധരിച്ചവരെയും വൈദികരെയും ഉപദ്രവിക്കാന്‍ സാമൂഹ്യവിരുദ്ധ സംഘടനകളെ അനുവദിക്കില്ല. കന്യാസ്ത്രീമാര്‍ക്ക് ജാമ്യം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ചില സാമൂഹ്യവിരുദ്ധ, തീവ്രവാദ സംഘടനകളാണ്. തീവ്രവാദ സംഘടനകള്‍ക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മാര് പാംപ്ലാനി ആവശ്യപ്പെട്ടു.
ഭരണഘടന നല്‍കുന്ന രാഷ്ട്രീയ-മതസ്വാതന്ത്ര്യം നിഷേധിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി പറഞ്ഞു.  മനുഷ്യന്റെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇവിടെ നടക്കുന്നതെന്ന് ഡോ. കുറുപ്പശേരി പറഞ്ഞു.
സ്‌കൂളുകളിലും കോളജുകളിലും ആതുരശുശ്രൂഷാ രംഗത്തും ഭിന്നശേഷിക്കാര്‍ക്കിടയിലും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവച്ചവരെയാണ് ഇപ്പോള്‍ ജയിലിടച്ചിരിക്കുന്നതെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?