തൃശൂര്‍: ഛത്തീസ്ഗഡിലെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍ മോചിതരാക്കണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ബിഷപ്‌സ് ഹൗസിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടാണ് മാര്‍ താഴത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ച നടത്തി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് മാര്‍ താഴത്തും രാജീവ് ചന്ദ്രശേഖറും സംയുക്തമായി മാധ്യമങ്ങളോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണം. ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയില്‍ മറ്റൊരു കാലത്തും ഉണ്ടാകാത്തവിധത്തില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുമുള്ള വിവേചനങ്ങളാണ് അനുഭവിക്കുന്നതെന്ന് മാര്‍ താഴത്ത് പറഞ്ഞു.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഡല്‍ഹിയിലെ സിബിസിഐ ഓഫീസ് മുഖാന്തരം എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. സെക്രട്ടറി ജനറലും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്.
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. രാജ്യത്തെ നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നുതന്നെയാണ് ഞങ്ങളും പറയുന്നത്. കന്യാസ്ത്രീകള്‍ക്ക് യുവതികളുമായി ബന്ധമില്ല. അവര്‍ പ്രായപൂര്‍ത്തിയായവരും ക്രൈസ്തവരുമാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *