പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി.
വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

റാലിയും ധര്‍ണയും താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍ ഉദ്ഘാടനം ചെയ്തു. സാരിപിടിച്ചിരിക്കുന്ന കരങ്ങള്‍ തൂമ്പാപിടിച്ച് തഴമ്പുള്ള കരങ്ങളാണെന്നും ഈ സാരിവേലിക്കൊപ്പം കര്‍ഷകര്‍ മനസില്‍ ഇരുമ്പുകമ്പികൊണ്ടൊരു വേലികൂടി പണിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുനേരെ മുഖംതിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക മനസുകളില്‍നിന്നും പുറത്താകും. മനുഷ്യരായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടിയാണ് ഈ സമരം. മണ്ണിനോട് മല്ലിട്ട് നാടിന്റെ പട്ടിണി മാറ്റിയവരെ കയ്യേറ്റക്കാരായി മുദ്രകുത്തുകയാണെന്ന് മോണ്‍. എബ്രാഹം വയലില്‍ പറഞ്ഞു.
സംഘാടകസമിതി രക്ഷാധികാരി ഫാ. വിന്‍സന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍ മുഖ്യപ്രഭാ ഷണവും കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തുമുള്ളില്‍ വിഷയാവതരണവും നടത്തി.
വന്യമൃഗങ്ങളുടെ അധിനിവേശത്തിനെതിരെ ഫാ. റെജി വള്ളോപ്പള്ളി പ്രമേയം അവതരിപ്പിച്ചു. ഫാ. റോയി കൂന നാ നിക്കല്‍ കര്‍ഷക അതിജീവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈസ്തവ പീഡനത്തിനെതിരെ മാത്യു പേഴത്തിങ്കല്‍ പ്രമേയം അവതരിപ്പിച്ചു. ഫാ. പ്രിയേഷ് തേവടിയില്‍ ക്രൈസ്തവ ഐക്യ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംഘാടകസമിതി ചെയര്‍മാന്‍ ജോഷി കറുകമാലില്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ഫാ. ആന്റോ മൂലയില്‍, ഫാ. ഡോമിനിക് മുട്ടത്തു കുടിയില്‍, ഫാ. ജിനോ ചുണ്ടയില്‍, ഫാ. ജോസഫ് പാലക്കാട്ട്, ഫാ. ജിത്ത് കൊച്ചുകയ്‌പ്പേല്‍, ജോസ് ചെറുവള്ളി, റിച്ചാര്‍ഡ് ജോണ്‍, നിര്‍മ്മല ടീച്ചര്‍, സണ്ണി എമ്പ്രയില്‍, തോമസ് ചിറക്ക ടവില്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കക്കയം എന്നിവര്‍ പ്രസംഗിച്ചു.

വന്യമൃഗളെ തടയാന്‍ സൗരവേലി, കിടങ്ങ് നിര്‍മാണം, ആര്‍ആര്‍ടി സാന്നിധ്യം തുടങ്ങി ഏഴ് മാസങ്ങള്‍ക്കുമുമ്പ് പെരുവണ്ണാംമൂഴിയില് വച്ച് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയാണ് കര്‍ഷകര്‍ സാലിവേലി കെട്ടി പ്രതിഷേധിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *