തൃശൂര്‍: തൃശൂര്‍ അതിരൂപത സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസ് സെപ്റ്റംബര്‍ 21ന് തൃശൂരില്‍ നടക്കും. അതിരൂപത തലത്തില്‍ നടത്തുന്ന ജാഗ്രത സദസിന് അനുബന്ധമായി അതിരൂപതയിലെ 240 ഇടവകകളില്‍ ബോധവല്‍ക്കരണ സദസുകള്‍ നടന്നുവരുന്നു.
ജാഗ്രത സദസിന്റെ അതിരൂപതാതല ഉദ്ഘാടനം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചുവന്നമണ്ണ് സെന്റ് ജോസഫ് ദൈവാലയത്തില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചിരുന്നു.
രാജ്യത്ത് മതസ്വാതന്ത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്‍, ജെ.ബി കോശി കമ്മീഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഒളിച്ചുകളി, വിദ്യാഭ്യാസ മേഖലയിലെ മതനിഷേധ ശ്രമങ്ങള്‍, മലയോര – തീരദേശ, ചെറുകിട കച്ചവട മേഖലകളിലെ വെല്ലുവിളികള്‍, സഭാ സ്വത്തുവകകള്‍ കയ്യടക്കാനുള്ള നീക്ക ങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസി സമൂഹത്തെ ബോധവല്ക്കരിക്കാനും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിനുമാണ് ജാഗ്രതാ സദസ് സംഘടിപ്പിക്കുന്നത്.
ഓരോ ഇടവകയില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കുന്ന ജാഗ്രതാ സദസില്‍ മതമേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും. സമുദായ ജാഗ്രത സദസുകള്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപതയിലെ സംഘടന ഏകോപന സമിതിയുടെ യോഗം നടന്നു. അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വികാരി ജനറല്‍ മോണ്‍. ജെയ്‌സണ്‍ കൂനംപ്ലാക്കില്‍, മോണ്‍. ജോസ് കോനിക്കര, ചാന്‍സലര്‍ ഡോ. ഡൊമിനിക് തലക്കോടന്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിജോ വള്ളുപാറ, ഏകോപന സമിതി കണ്‍വീനര്‍ ഡോ. ടോണി ജോസഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ.ജോബി തോമസ് കാക്കശേരി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *