Follow Us On

06

August

2025

Wednesday

ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ല; യേശുവാണ് നമ്മുടെ പ്രത്യാശ! : ഒരു മില്യന്‍ യുവജനങ്ങളോട് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞത്

ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ല; യേശുവാണ് നമ്മുടെ പ്രത്യാശ! : ഒരു മില്യന്‍ യുവജനങ്ങളോട് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞത്

റോം:  ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന്‍ പാപ്പ. റോമില്‍ നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില്‍ പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്‌നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര്‍ വര്‍ഗാറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളോട് പാപ്പ പറഞ്ഞു.

ഏതെങ്കിലും സൃഷ്ട വസ്തുവിന് നല്‍കാന്‍ കഴിയാവുന്നതിലും ‘കൂടുതല്‍’  നാം നിരന്തരം ആഗ്രഹിക്കുന്നതായി പാപ്പ തുടര്‍ന്നു. ഈ ലോകത്തിലെ ഒരു പാനീയത്തിനും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ആഴമേറിയതും കത്തുന്നതുമായ ദാഹം നമുക്ക് അനുഭവപ്പെടുന്നു. ഇത് മനസിലാക്കി, വിലകുറഞ്ഞ അനുകരണങ്ങള്‍ കൊണ്ട് ഹൃദയങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ച് സ്വയം വഞ്ചിക്കരുതെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി.

വിശുദ്ധ അഗസ്റ്റിന്റെ ദൈവത്തിനായുള്ള തീവ്രമായ അന്വേഷണത്തെക്കുറിച്ച് ഉദ്ധരിച്ചുകൊണ്ട് പാപ്പ ഇപ്രകാരം തുടര്‍ന്നു ‘അപ്പോള്‍ നമ്മുടെ പ്രത്യാശയുടെ ലക്ഷ്യം എന്താണ്? അത് ഈ ലോകമാണോ? അല്ല. സ്വര്‍ണ്ണം, വെള്ളി, മരങ്ങള്‍, വിളകള്‍, വെള്ളം എന്നിങ്ങനെ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളാണോ ? ഇവ മനോഹരമാണ്, ഇവ നല്ലതാണ്’.  എന്നാല്‍ വിശുദ്ധ അഗസ്റ്റിന്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു: ”അവയെ സൃഷ്ടിച്ചവനെ അന്വേഷിക്കുക, അവന്‍ നിങ്ങളുടെ പ്രത്യാശയാണ്”. തുടര്‍ന്ന്  വിശുദ്ധന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ” കര്‍ത്താവേ അങ്ങ് എന്റെ ഉള്ളിലായിരുന്നു, പക്ഷേ ഞാന്‍ പുറത്തായിരുന്നു, അവിടെയാണ് ഞാന്‍ അങ്ങയെ അന്വേഷിച്ചത്. അങ്ങ് വിളിച്ചു. അങ്ങയുടെ നിലവിളി എന്റെ ബധിരതയെ തകര്‍ത്തു. അങ്ങ് പ്രശോഭിച്ചു.  അങ്ങയുടെ പ്രകാശം എന്റെ അന്ധതയെ നീക്കി. അങ്ങയുടെ സുഗന്ധം എന്നില്‍ നിശ്വസിച്ചു; ഞാന്‍ ഉച്ഛ്വസിച്ചു. ഇപ്പോള്‍ നിനക്കായി ഞാന്‍ വാഞ്ചിക്കുന്നു. ഞാന്‍ അങ്ങയെ രുചിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്ക് കൂടുതല്‍ വിശപ്പും ദാഹവും അനുഭവപ്പെടുന്നു. അങ്ങ് എന്നെ തൊട്ടു. ഇപ്പോള്‍ അങ്ങയുടെ സമാധാനത്തിനായി ഞാന്‍ എരിയുന്നു” (വിശുദ്ധ അഗസ്റ്റിന്റെ ഏറ്റുപറച്ചിലുകള്‍, 10, 27).

‘പ്രിയ യുവാക്കളേ, യേശു നമ്മുടെ പ്രത്യാശയാണ്,” മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് അവനോട് ഐക്യപ്പെട്ടിരിക്കാം, അവന്റെ സൗഹൃദത്തില്‍ നിലനില്‍ക്കാം, എപ്പോഴും, പ്രാര്‍ത്ഥന, ആരാധന, ദിവ്യകാരുണ്യ കൂട്ടായ്മ, കുമ്പസാരം, ഉദാരമായ ദാനധര്‍മ്മം എന്നിവയിലൂടെ അത് വളര്‍ത്തിയെടുക്കാം, ഉടന്‍ തന്നെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെയും വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും മാതൃകകള്‍ പിന്തുടരുക. നിങ്ങള്‍ എവിടെയായിരുന്നാലും, മഹത്തായ കാര്യങ്ങള്‍ക്കായി, വിശുദ്ധിക്കായി ആഗ്രഹിക്കുക. കുറഞ്ഞ കാര്യങ്ങള്‍ക്കൊണ്ട് തൃപ്തിപ്പെടരുത്. അപ്പോള്‍ നിങ്ങളിലും നിങ്ങളുടെ ചുറ്റുപാടും സുവിശേഷത്തിന്റെ വെളിച്ചം എല്ലാ ദിവസവും വളരുന്നത് നിങ്ങള്‍ കാണും.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?