ഭുവനേശ്വര്‍: ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവരുടെ ഒപ്പം ഉണ്ടായിരുന്ന മതബോധന അധ്യാപകനും നേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്.
ബുധനാഴ്ച (ഓഗസ്റ്റ് 6) വൈകുന്നേരമാണ് സംഭവം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ ബുധനാഴ്ച വൈകുന്നേരം വൈദികരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്.
ആരാധന കഴിഞ്ഞു മടങ്ങുന്ന സമയത്ത് 70 ഓളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി വൈദികരെയും കൂടെ ഉണ്ടായിരുന്ന ഡ്രൈവറെയും മര്‍ദിക്കുകയായിരുന്നു. ‘ഒഡീഷ ബിജെപിയാണ് ഭരിക്കുന്നത്. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.’ എന്നു പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങള്‍ നടത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ വൈദികര്‍ പ്രാര്‍ത്ഥനക്ക് വന്നതാണെന്നു പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. മതബോധന അധ്യാപകന്റെ ബൈക്ക് നശിപ്പിക്കുകയും വൈദികരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
45 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികള്‍ അവരുടെ മുമ്പിലും അഴിഞ്ഞാടി. വൈദികരെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് അക്രമികളില്‍നിന്നും പോലീസ് അവരെ രക്ഷപ്പെടുത്തിയത്. വൈദികര്‍ ഗ്രാമത്തില്‍ നിന്നു തിരിച്ചുപോകുന്ന വഴിയില്‍ കാത്തുനിന്നായിരുന്നു അക്രമം നടത്തിയത്. സംഭവം ആസൂത്രിതമാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *