സാന്റിയാഗോ/ചിലി: നമുക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണെന്ന് സാന്റിയാഗോ ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ ചൊമാലി. ക്രിസ്തുവിലൂടെയാണ് നമുക്ക് മനുഷ്യന്റെ അന്തസ് മനസിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും കഴിയുന്നതെന്ന് സാമൂഹ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കര്‍ദിനാള്‍ പറഞ്ഞു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി രക്തസാക്ഷിയാകും അല്ലെങ്കില്‍ ക്രിസ്ത്യാനിയാകില്ല’ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമായ ‘ക്വാസ് പ്രൈമാസി’-ന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ‘ആന്‍ഡ് ഇന്‍ ഓള്‍ ചാരിറ്റി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമെന്ന സന്ദേശമാണ് സെമിനാര്‍ നല്‍കിയത്.
അധ്യാപകരെക്കാള്‍ കൂടുതലായി ഇന്ന് നമുക്ക് സാക്ഷികളെ ആവശ്യമുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഇടയ്ക്കിടെ മിഷനറി പ്രവര്‍ത്തനം നടത്തുകയല്ല മറിച്ച് മിഷനറി മനോഭാവത്തോടെ ജീവിക്കുകയാണ് വേണ്ടത്. പ്രസംഗങ്ങളല്ല പ്രവൃത്തികളാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. ദൈവകൃപയില്ലെങ്കില്‍ എല്ലാ മാനുഷിക പദ്ധതികളും നിരാശയില്‍ അവസാനിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കേവലം ദാനധര്‍മമായി ചുരുക്കാനാവില്ലെന്നും അത് ക്രൈസ്തവ രാഷ്ട്രീയത്തിന്റെ ആത്മാവാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *