Follow Us On

28

August

2025

Thursday

സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; അദിലാബാദ്, ബല്‍ത്തങ്ങാടി, കല്യാണ്‍ രൂപതകളില്‍ പുതിയ മെത്രാന്മാര്‍

സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; അദിലാബാദ്, ബല്‍ത്തങ്ങാടി, കല്യാണ്‍ രൂപതകളില്‍ പുതിയ മെത്രാന്മാര്‍
കാക്കനാട്: സീറോ മലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി.മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമാരായി നിയമിച്ചു.
 ബല്‍ത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പട്ടേലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ തട്ടില്‍ കല്പന പുറപ്പെടുവിച്ചു.
സീറോ മലബാര്‍ സഭാകേന്ദ്രത്തില്‍ ഓഗസ്റ്റ് 18ന് ആരംഭിച്ച മുപ്പത്തിമൂന്നാമത് മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആര്‍ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
സിനഡു തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ചുബിഷപ് ഇതുസംബന്ധിച്ച കല്പനകള്‍ പുറപ്പെടുവിച്ചു. ~ഓഗസ്റ്റ് 28 ന് സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സിനഡു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും നടന്നു.
നാലു പുതിയ അതിരൂപതകള്‍
 ഫരീദാബാദ് രൂപതാധ്യക്ഷനായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്.  ഉജ്ജയിന്‍ രൂപതാധ്യക്ഷനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്.  കല്യാണ്‍ രൂപതാ മെത്രാനായ മാര്‍ തോമസ് ഇലവനാല്‍ 75 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രാജി സമര്‍പ്പിച്ചതിനാല്‍, നിലവില്‍ സീറോ മലബാര്‍ സഭയുടെ കൂരിയാമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു. ഷംഷാബാദിലെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനാണ് പ്രൊവിന്‍സിന്റെ മെത്രാപ്പോലീത്ത.
അദിലാബാദ്, ബല്‍ത്തങ്ങാടി രൂപതകളില്‍
പുതിയ മെത്രാന്മാര്‍
ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്ന ഫാ. ജെയിംസ് പട്ടേരിയിലിനെ ബല്‍ത്തങ്ങാടി രൂപതയുടെ മെത്രാനായി നിയമിച്ചു. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴിആരോഗ്യകാരണങ്ങളാല്‍ രാജിവച്ച ഒഴിവിലേക്കാണ് ജയിംസ് പട്ടേരിലച്ചന്‍ നിയമിതനായിരിക്കുന്നത്.
ഛാന്ദാ സിഎംഐ മാര്‍തോമാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് തച്ചാപറമ്പത്തിനെ അദിലാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചു. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഷംഷാബാദ് അതിരൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ഈ നിയമനം.
ഫാ. ജെയിംസ് പട്ടേരില്‍ സിഎംഎഫ്
ബല്‍ത്തങ്ങാടി രൂപതയില്‍ ബട്ടിയാല്‍ സെന്റ് മേരീസ് ഇടവക പട്ടേരില്‍ എബ്രഹാമിന്റെയും റോസമ്മയുടെയും മകനായി 1962 ജൂലൈ 27 നാണ് ജെയിംസ് പട്ടേരില്‍ അച്ചന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ക്ലരീഷ്യന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. 1990 ഏപ്രില്‍ 26 ന് പൗരോഹിത്യം സ്വീകരിച്ചശേഷം ബല്‍ത്തങ്ങാടി രൂപതയിലെ ഊദിനെ, ഷിരാടി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു.
ജര്‍മനിയിലെ ഫ്രൈബുര്‍ഗ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പാസ്റ്ററല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തി. ഇപ്പോള്‍ ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്ന അദ്ദേഹം വുര്‍സ്ബുര്‍ഗ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനചുമതലയും നിര്‍വഹിക്കുന്നു. മലയാളം, കന്നട, തുളു, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാന്‍.
ഫാ. ജോസഫ് തയ്യാപറമ്പത്ത് സിഎംഐ
ഇടുക്കി രൂപതയിലെ നാലുമുക്ക്-നസ്രത്ത്‌വാലി ഇടവകയില്‍ തച്ചാപറമ്പത്ത് ലൂക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി 1969 ഫെബ്രുവരി 24 നാണ് ജോസഫ് തച്ചാപറമ്പത്ത് അച്ചന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സിഎംഐ ഛാന്ദാ മാര്‍തോമാ പ്രൊവിന്‍സില്‍ ചേര്‍ന്നു. 1997 ജനുവരി ഒന്നിന് മാര്‍ വിജയാനന്ദ് നെടുംപുറത്തില്‍നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഛാന്ദാ രൂപതയില്‍ ബാലാപൂര്‍, ചിന്‍ചോളി, ദേവാപൂര്‍, ദുര്‍ഗാപൂര്‍ എന്നീ ഇടവകകളില്‍ അജപാലനശുശ്രൂഷകള്‍ നിര്‍വഹിച്ചു.
 അദിലാബാദ് രൂപതയുടെ ഫിനാന്‍സ് ഓഫീസറായി 2005 മുതല്‍ 2008 വരെയും 2017 മുതല്‍ 2023 വരെയും ശുശ്രൂഷ നിര്‍വഹിച്ചു. 2023 മുതല്‍ ഛാന്ദാ മാര്‍തോമാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. ബിഎഡും എംഎഡും പാസായ അദ്ദേഹം രാജസ്ഥാന്‍ സണ്‍റൈസ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?