വത്തിക്കാന്‍ സിറ്റി: സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനം ക്രൈസ്തവര്‍ ഒരുമിച്ച് ആഘോഷിക്കണമെന്ന ആഹ്വാനവുമായി ലിയോ 14 ാമന്‍ പാപ്പ. ‘സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകള്‍’ എന്ന പ്രമേയവുമായി സെപ്റ്റംബര്‍ 1 നാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ സൃഷ്ടിയുടെ പരിപാലനത്തിലുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കത്തോലിക്കര്‍ക്കായി സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനദിനം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ചതിന്റെ 10 ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ‘സൃഷ്ടിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നത്തേക്കാളും പ്രസക്തമാണ്’ എന്ന് ലിയോ പാപ്പ പറഞ്ഞു.
എല്ലാ ക്രൈസ്തവരോടും ചേര്‍ന്നാണ് ഇത് ആഘോഷിക്കുന്നതെന്നും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളായ ഒക്ടോബര്‍ 4 വരെ ‘സൃഷ്ടിയുടെ കാലമായി’ ആചരിക്കുമെന്നും ലിയോ പാപ്പ വ്യക്തമാക്കി. 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്ഷണപ്രകാരമാണ് ക്രൈസ്തവ സഭകള്‍ സൃഷ്ടികള്‍ക്കായുള്ള ലോക പ്രാര്‍ത്ഥനാ ദിനം എന്നും അറിയപ്പെടുന്ന ‘സൃഷ്ടി ദിനം’ ആഘോഷിക്കാന്‍ ആരംഭിച്ചത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയില്‍ ഔദ്യോഗികമായി സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാദിനം സ്ഥാപിച്ചു.
2025-ലെ സൃഷ്ടി ദിനത്തിനായി പ്രത്യേക സന്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ലിയോ 14 ാമന്‍ മാര്‍പാപ്പ ഈ വര്‍ഷം തന്റെ മുന്‍ഗാമിയുടെ പാരമ്പര്യം തുടര്‍ന്നു. കൂടാതെ, ലിയോ പാപ്പ അടുത്തിടെ ‘സൃഷ്ടിയുടെ പരിപാലനത്തിനായുള്ള കുര്‍ബാനക്രമവും’ പ്രഖ്യാപിച്ചിരുന്നു. സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാര്‍ത്ഥനാ ദിനത്തില്‍ ഉപയോഗിക്കുന്നതിനായാണ് ഈ കുര്‍ബാനക്രമം എന്ന് ദിവ്യാരാധനയ്ക്കുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *