Follow Us On

03

September

2025

Wednesday

മൊസൂളിലെ ചരിത്രപ്രസിദ്ധമായ രണ്ട് കത്തോലിക്ക ദൈവാലയങ്ങള്‍ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി

മൊസൂളിലെ ചരിത്രപ്രസിദ്ധമായ രണ്ട് കത്തോലിക്ക ദൈവാലയങ്ങള്‍ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി

മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച്  എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദൈവാലയവും, ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട ഔവര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭ നാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു. ഇറാഖ് ഗവണ്‍മെന്റ് ഇറാഖി പൈതൃകത്തോട് കാണിക്കുന്ന അതേ കരുതല്‍ ക്രൈസ്തവ സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതിലും കാണിക്കണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച മൊസൂളിലെയും സമീപ പ്രദേശങ്ങളിലെയും സിറിയക്ക് ക്രൈസ്തവരുടെ ആര്‍ച്ചുബിഷപ് ബനഡിക്റ്റസ് യൂനാന്‍ ഹന്നോ, ഇറാഖ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഇറാഖിലെ ഏകദേശം 80% ക്രിസ്ത്യാനികളും അവകാശ ലംഘനങ്ങളും അവകാശ നിഷേധവും അനുഭവിക്കുന്നതായും പലരും നാടുവിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി ദൈവാലയ മുറ്റത്ത് ഒരു ഒലിവ് മരം നട്ടു.
2014-2017 കാലഘട്ടത്തില്‍ നടന്ന ഐഎസ് അധിനിവേശത്തിലാണ് മൊസൂളിന്റെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അമലോത്ഭവനാഥ ദൈവാലയത്തിനും, ഔര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയത്തിനും  വ്യാപകമായ നാശഷ്ടങ്ങള്‍ സംഭവിച്ചത്. ഐഎസ് പിടിയില്‍ നിന്ന് മൊസൂള്‍ മോചിതമായ ശേഷം യുനെസ്‌കോയാണ്  ‘മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക’ എന്ന സംരംഭത്തിന്റെ ഭാഗമായി ഈ ദൈവാലയങ്ങളുടെ പുനഃസ്ഥാപനം ഏറ്റെടുത്തത്. യുഎഇയും യൂറോപ്യന്‍ യൂണിയനും  ദൈവാലയങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം നല്‍കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?