റോം: ലിയോ 14 ാമന്‍ മാര്‍പാപ്പ അംഗമായ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍( ഒഎസ്എ) സന്യാസ സഭയുടെ പുതിയ പ്രയര്‍ ജനറലായി ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, തിരഞ്ഞെടുക്കപ്പെട്ടു. 750 വര്‍ഷത്തിലേറെ പഴക്കമുള്ള അഗസ്തീനിയന്‍ കുടുംബത്തിന്റെ 98-ാമത്തെ പ്രയര്‍ ജനറലാണ് ഫാ. ജോസഫ് ഫാരല്‍.
റോമിലെ പൊന്തിഫിക്കല്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് അഗസ്തീനിയാനത്തില്‍ നടന്ന 188-ാമത് ജനറല്‍ ചാപ്റ്ററിലാണ് പുതിയ പ്രയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. ഫാ. ജോസഫ് ഫാരല്‍, സന്യാസ സഭയുടെ വികാരി ജനറലായും വടക്കേ അമേരിക്കയുടെ അസിസ്റ്റന്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രയര്‍ ജനറലായി തന്റെ രണ്ടാമത്തെ കാലാവധിയും പൂര്‍ത്തിയാക്കിയ ഫാ. അലജാന്‍ഡ്രോ മോറല്‍ ആന്റണ്‍ ഒഎസ്എയുടെ പിന്‍ഗാമിയായാണ് ഫാ. ജോസഫ് ഫാരല്‍ തിരഞ്ഞെടുക്കപ്പെട്ടത്.
1963 ജൂലൈ 11-ന് പെന്‍സില്‍വാനിയയിലെ ഡ്രെക്‌സല്‍ ഹില്ലില്‍ ജനിച്ച ഫാ. ഫാരല്‍, സെന്റ് തോമസ് ഓഫ് വില്ലനോവ, അഗസ്തീനിയന്‍ പ്രവിശ്യയിലെ അംഗമാണ്. 1987 ല്‍ അദ്ദേഹം തന്റെ ആദ്യ വ്രതം സ്വീകരിക്കുകയും 1991 ല്‍ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. വില്ലനോവ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനും പിന്നീട് വാഷിംഗ്ടണ്‍ തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് സേക്രഡ് തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. സന്യാസ സഭയുടെ ഉത്തരവാദിത്വതങ്ങള്‍ക്ക് പുറമെ ഇടവക വികാരി, സര്‍വകലാശാല ചാപ്ലെയിന്‍, വിവിധ സ്ഥാപനങ്ങളില്‍ പ്രൊഫസര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *