പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി.
കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍ ഉണ്ടായിരുന്ന ആത്മബന്ധമാണ് അസൗകര്യങ്ങളുടെ നടുവിലും മലബാറിലേക്ക് പോകാന്‍ ആ സെമിനാരിക്കാരനെ പ്രേരിപ്പിച്ചത്.
എന്നാല്‍, അത് ദൈവത്തിന്റെ വലിയ പദ്ധതിയുടെ തുടക്കമായിരുന്നു എന്നതിന് ചരിത്രം സാക്ഷി. തലശേരിയില്‍നിന്നും പിന്നീട് അദ്ദേഹത്തെ ഉന്നത പഠനത്തിനായി റോമിലേക്ക് അയച്ചു. 1956 ഡിസംബര്‍ 22ന് റോമില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. തിരിച്ചെത്തിയപ്പോള്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ച വള്ളോപ്പിള്ളി പിതാവിന്റെ ജീവിതം ഫാ. ജേക്കബ് തൂങ്കുഴി എന്ന നവവൈദികന് പുതിയൊരു പാഠപുസ്തകമായിരുന്നു. അതുകൊണ്ടായിരിക്കാം കാലംകഴിഞ്ഞപ്പോള്‍ ഫാ. ജേക്കബ് തൂങ്കുഴി, ബിഷപ് തൂങ്കുഴിയും ആര്‍ച്ച്ബിഷപ് തൂങ്കുഴിയുമായപ്പോഴും ജീവിതത്തിലും നിലപാടുകളിലും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞുനിന്നത്.
1973 മെയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ട മാര്‍ തൂങ്കുഴി മലബാര്‍ കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകളൂടെ നടുവിലായിരുന്ന ആ നാടിന് പുതിയ ദിശാബോധം പകര്‍ന്ന് 22 വര്‍ഷങ്ങള്‍ രൂപതയെ നയിച്ചു.
മാനന്തവാടിയില്‍ ഇടവകകള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ചില ഇടവകകളില്‍ ചെല്ലുമ്പോള്‍ കുട്ടികളുടെ പെരുമാറ്റ രീതികള്‍ നല്ല രീതിയിലായിരുന്നു. മറ്റ് ചിലയിടങ്ങളില്‍ നേരെ മറിച്ചും. അതിന്റെ കാരണം പഠിച്ചപ്പോള്‍ ആ ഇടവകകളില്‍ സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഇല്ലെന്ന് മനസിലായി. എല്ലാ ഇടവകകളിലും അടിയന്തിരമായി മഠങ്ങള്‍ ആരംഭിക്കണമെന്ന് തീരുമാനിച്ചു. മാനന്തവാടി രൂപതയില്‍ 100 ല്‍ താഴെ സിസ്റ്റേഴ്‌സാണ് അക്കാലത്ത് ഉണ്ടായിരുന്നത്.
യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള പല സന്യാസസഭകളോടും അന്വേഷിച്ചു. എന്നാല്‍, വയനാട്ടിലേക്കുള്ള അക്കാലത്തെ ദുരിതപൂര്‍ണമായ യാത്രയും തണുപ്പും മറ്റുപ്രതികൂല സാഹചര്യങ്ങളും പലരെയും പിന്തിരിപ്പിച്ചു. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളിലും സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1978ല്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹം സ്ഥാപിച്ചത്.
1995 ജൂലൈയില്‍ താമരശേരി രൂപതയുടെ അധ്യക്ഷനായി സ്ഥലംമാറ്റം ലഭിച്ചു. 1997ല്‍ തൃശൂര്‍ അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട മാര്‍ തൂങ്കുഴി 75 വയസ് തികഞ്ഞതിനെതുടര്‍ന്ന് 2007 മാര്‍ച്ച് 18ന് സ്ഥാനമൊഴിഞ്ഞു.
മാര്‍ ജേക്കബ് തൂങ്കുഴി തലശേരിയിലേക്ക് വന്ന് അധികം കഴിയുന്നതിന് മുമ്പ് അദേഹത്തിന്റെ കുടുംബം പാലായില്‍നിന്നും താമരശേരി രൂപതയിലെ തിരുവമ്പാടിലേക്ക് താമസം മാറി. മാനന്തവാടി രൂപതയില്‍നിന്ന് താമരശേരി രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടപ്പോള്‍ വള്ളോപ്പിള്ളി പിതാവ് പറഞ്ഞത്, ഇടയ്‌ക്കൊക്കെ ഇനി അമ്മയെ കാണാമല്ലോ എന്നായിരുന്നു. അതു വലിയൊരു സന്തോഷം നല്‍കിയെങ്കിലും മാനന്തവാടിയോട് വിടപറയാന്‍ അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടായിരുന്നു.
ക്രിസ്തുദാസി സന്യാസിനീസഭയുടെ സ്ഥാപകന്‍ കൂടിയായ മാര്‍ തൂങ്കുഴി ഔദ്യോഗികമായി തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതത്തിലായിരുന്നെങ്കി ലും പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ 94-ാം വയസിലും പ്രവര്‍ത്തനനിരതനായിരുന്നു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലിയിലേക്ക് പ്രവേശിച്ചപ്പോള്‍ 2022-ല്‍ സണ്‍ഡേ ശാലോമിന് നല്‍കിയ പ്രത്യേക അഭിമുഖം നല്‍കിയിരുന്നു. തന്റെ ഓര്‍മ കുറയുന്നതിനാല്‍ പലരുടെയും പേരുകള്‍ മറന്നുപോകുന്നു എന്ന് പരിഭവംപോലെ അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹം ശുശ്രൂഷ ചെയ്ത രൂപതകളെപ്പറ്റി ചോദിച്ചപ്പോള്‍ അവിടെയുള്ള മനുഷ്യരുടെ നന്മകളെക്കുറിച്ച് അദ്ദേഹം വാചാലനായി. പിതാവിന്റെ ഓര്‍മ വര്‍ധിക്കുകയാണെന്നാണ് അതു കേട്ടപ്പോള്‍ തോന്നിയത്. ഒരു വ്യത്യസ്തത കൂടി ഉണ്ടായിരുന്നു-നന്മയുടെ അനുഭവങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഉണ്ടായിരുന്നത്. മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി.
Leave a Comment
Your email address will not be published. Required fields are marked with *