Follow Us On

18

September

2025

Thursday

മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍

മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ  അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന  വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടേതെന്ന്  സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സഹപ്രവര്‍ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്കു ആത്മവിശ്വസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി എന്ന് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  അനുസ്മരിച്ചു.
മലബാറിന്റെ സമഗ്ര പുരോഗതിക്ക്, പ്രത്യേകിച്ച് കണ്ണൂര്‍, വയനാട്, മലപ്പറം ജില്ലകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതക്കും, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട താമരശേരി രൂപതക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കുടിയേറ്റ ജനതയുടെ ഒപ്പം നടന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം.
തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്നനിലയില്‍ അതിരൂപതയുടെ സമഗ്രപുരോഗതിയ്ക്കും വിശ്വസത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി  മാര്‍ ജേക്കബ് തൂങ്കുഴി നല്‍കിയ നേതൃത്വം എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. വൈദിക  പരിശീലനം ജീവിത ഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫല മായിരുന്നു മേരിമാതാ മേജര്‍ സെമിനാരിയെന്നു മാര്‍ തട്ടില്‍ അനുസ്മരിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
2007 മുതല്‍ അദ്ദേഹം സഭാഭരണത്തില്‍നിന്നും വിരമിച്ചെങ്കിലും, വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരില്‍ ഒതുക്കി ക്കൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. എല്ലാ കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ മാര്‍ തൂങ്കുഴി ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനം കൊണ്ടും സ്‌നേഹം കൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ത്ഥമാക്കിയിരുന്നു.
ദൈവസ്‌നേഹത്തിന്റെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി സൗമ്യസാന്നി ധ്യമായി മാറിയ മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?