Follow Us On

05

November

2025

Wednesday

ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ

ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന്‍ പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ കത്തോലിക്കരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ ഔദ്യോഗിക ഇന്റര്‍വ്യൂവില്‍ ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്‌സിന്റെ  സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലന് നല്‍കിയ വിശദമായ ഇന്റര്‍വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച  പാപ്പയുടെ ജീവചരിത്രമായ ‘ലിയോ പതിനാലാമന്‍: ലോകപൗരന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി’ സ്പാനിഷ്  ഭാഷയില്‍ പുറത്തിറങ്ങി. ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അടുത്തവര്‍ഷം പുറത്തിറങ്ങും.

മറ്റ് മതങ്ങളോട് ബഹുമാനം പുലര്‍ത്തേണ്ടത് പ്രധാനപ്പെട്ടതാണെങ്കിലും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് പാപ്പ പറഞ്ഞു. മറ്റു മതങ്ങളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍, ‘ഞാന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്നും അവന്‍ കുരിശില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റുവെന്നും പറയാന്‍ ഞാന്‍ ഭയപ്പെടുന്നില്ല, ആ സന്ദേശം ഒരുമിച്ച് പങ്കിടാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു,’ പാപ്പ വിശദീകരിച്ചു.

എല്‍ജിബിടി ആശയങ്ങളോടുള്ള തന്റെ സമീപനം, വനിതാ ഡീക്കന്മാരുടെ സാധ്യത, സിനഡാലിറ്റി, പരമ്പരാഗത ലാറ്റിന്‍ കുര്‍ബാന തുടങ്ങിയ വിവാദ വിഷയങ്ങളിലടക്കം  സഭയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പാപ്പ നിലപാട് വ്യക്തമാക്കി. എല്ലാവരോടും തുറവിയുള്ള സമീപനം പുലര്‍ത്തുമെന്ന് വ്യക്തമാക്കിയ പാപ്പ  സഭയുടെ പഠനങ്ങളില്‍ ഉടനെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞു. അതേസമയം ജീവിതത്തില്‍ വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ആളുകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പാപ്പ ആവര്‍ത്തിച്ചു.
സഭയുടെ വിവിധ തലങ്ങളിലുള്ള ചില നേതൃത്വ റോളുകളിലേക്ക് സ്ത്രീകളെ നിയമിക്കുന്നത് ഉള്‍പ്പെടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാല്‍ച്ചുവടുകള്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി പാപ്പ വ്യക്തമാക്കി. പരമ്പരാഗത ലാറ്റിന്‍ കുര്‍ബാനയുടെ വക്താക്കള്‍ ഉള്‍പ്പെടെ ആരുടെയും കാഴ്ചപ്പാടിനൊപ്പം ഇരിക്കാനും കേള്‍ക്കാനുമുള്ള തന്റെ സന്നദ്ധത അദ്ദേഹം അഭിമുഖത്തിലുടനീളം പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?