കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാന്‍ പദവി നല്‍കി ആദരിച്ചു. കോട്ടയത്തുനടന്ന ആഗോള സുറിയാനി സമ്മേളനത്തില്‍ അന്ത്യോഖ്യ സിറിയന്‍ കത്തോലിക്ക പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് തൃതീയന്‍ യൂഹനാന്‍ ബാവയാണ് പദവി സമ്മാനിച്ചത്.
സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സെന്റ് ഇംഫ്രംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) ആണ് അദ്ദേഹത്തിന് ഈ പദവി നല്‍കിയത്. റൂബി ജൂബിലി (നാല്‍പതാം വാര്‍ഷികം) ആഘോഷിക്കുന്ന സീരിയില്‍ അദ്ദേഹം ദീര്‍ഘകാലം അധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസും ആയിരുന്നു.
1955 നവംബര്‍ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ജനിച്ചത്. പാലാ രൂപതയിലെ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തി ന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്‌സ്‌ഫോര്‍ഡ്, ഉപ്‌സല തുടങ്ങിയ സര്‍വകലാശാലകളിലും, ദമാസ്‌കസ്, ബാഗ്ദാദ്, ജര്‍മനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിന്‍, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം എന്നിവിടങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.
മലയാള ഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപറ്റി ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് തോമാ കത്തനാര്‍. വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്‌റോക്കിന്റെ ശിഷ്യനാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, കാപ്പുംത ലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനാണ്.
Leave a Comment
Your email address will not be published. Required fields are marked with *