റോം: റോമിലെ സാന്റ്’എഗിഡിയോ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാസ്റ്റെവെറിലെ സാന്താ മരിയ ദൈവാലയത്തില്‍ ‘ഗാസയുടെ സമാധാനത്തിനായി’ ജാഗരണ പ്രാര്‍ത്ഥന നടത്തി. നിരവധി കത്തോലിക്കാ സംഘടനകള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിയറോ ബാസെറ്റിയും ജറുസലേം പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിന്റെ സന്ദേശങ്ങള്‍ പങ്കുവച്ചു. ഗാസയിലെ ബന്ദികള്‍, യുദ്ധത്തിന്റെ ഇരകള്‍, ഗാസയിലെ കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
യുദ്ധം ഒരു യാദൃശ്ചിക ദുരന്തമല്ലെന്നും അത് നിര്‍ത്തലാക്കാന്‍ കഴിയുന്നതാണെന്നും അത് അവസാനിപ്പിണമെന്നും കര്‍ദിനാള്‍ ഗ്വാര്‍ട്ടിയറോ ബാസെറ്റി പറഞ്ഞു.’എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ദ്ദിഷ്ട തീരുമാനങ്ങളുടെ ഫലമാണ്. യുദ്ധം വിധിയല്ല – അത് ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ വ്യത്യസ്തമായി തിരഞ്ഞെടുക്കണം,’ കര്‍ദിനാള്‍ ബാസെറ്റി പറഞ്ഞു.
ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയും ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി. തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും 35 വര്‍ഷത്തിനിടയില്‍, ഇത്രയും ഇരുണ്ട ഒരു നിമിഷം അഭിമുഖീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവശങ്ങളിലും തീവ്രവാദ നിലപാടുകള്‍ പുലര്‍ത്തുന്നവരുണ്ടെങ്കിലും നീതിക്കും സമാധാനത്തിനും വേണ്ടി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന നിരവധി സൗമ്യഹൃദയരായ ആളുകളില്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി കര്‍ദിനാള്‍ തുടര്‍ന്നു.
‘ശക്തിയുടെ ഭാഷ പരാജയപ്പെടുമ്പോള്‍, അക്രമത്തിന്റെ ഈ ഘടന തകരുമ്പോള്‍, ദൈവം നല്‍കിയ ഭൂമി അതിന്റെ സൗന്ദര്യത്തികവിലും സ്‌നേഹത്തിലും എല്ലാവര്‍ക്കും അവകാശമായി ലഭിക്കുവാന്‍ സൗമ്യതയുടെ ശക്തിയോടെ നാം തയാറായിരിക്കണം,’കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *