കാസര്‍ഗോഡ്: കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയാറാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’ പാണത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ അധ്യാപകരുടെ നിയമന അംഗീകാരം സമരം ആരംഭിച്ച ദിവസംതന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. അക്രമകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാനുള്ള ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സജീവമായി ഇടപെട്ട വിഷയങ്ങളായിരുന്നു രണ്ടുമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ഈ രണ്ടു വിഷയങ്ങളിലും മുഖ്യമന്ത്രി കാണിച്ച ആര്‍ജവത്തെ അദ്ദേഹം അഭിനന്ദിച്ചു. വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല ക്രൈസ്തവരെന്ന് മാര്‍ പാംപ്ലാനി സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഓര്‍മ്മിപ്പിച്ചു.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം ലഭിച്ചേ മതിയാകൂ എന്ന അദ്ദേഹം പറഞ്ഞു. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂള്‍ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. തീവ്രവാദ നിലപാടുകള്‍ സഭാ സ്ഥാപനങ്ങളില്‍ അംഗീകരിക്കാനാകില്ലെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസി ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. തോമസ് ആനിമൂട്ടില്‍, തലശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ബിജു പറയനിലം, പ്രഫ. കെ.എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്‌നങ്ങളും അവസാനിപ്പിക്കുക, റബര്‍, നെല്ല് ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള അധ്യാപക നിയമന നിരോധനം, ഇഡബ്യൂഎസ് സംവരണം, ഭൂപതിവു ചട്ട ഭേദഗതി, മുനമ്പം പ്രശ്‌നത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ തുടങ്ങിയ യാത്രയുടെ പ്രധാന വിഷയങ്ങളാണ്.
14 ജില്ലകളിലൂടെ കടന്നുപോകുന്ന ജാഥ 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *