ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില്‍ മെട്രോ സ്റ്റേഷന്‍ തുറന്നു. തീവ്ര ഇസ്ലാമക്ക് നിലപാടുകള്‍ പിന്തുടരുന്ന ഇറാന്റെ ഭാഗത്ത് നിന്നുള്ള അസാധാരണ നടപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
പേര്‍ഷ്യന്‍ ഭാഷയില്‍ വിര്‍ജിന്‍ മേരി സ്റ്റേഷന്‍ അഥവാ മറിയം മൊഗദ്ദാസ് എന്ന നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഷന്‍, ടെഹ്റാനിലെ സബ്വേ ശൃംഖലയുടെ 7-ാം വരിയിലാണ് തുറന്നത്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ആദരിക്കപ്പെടുന്ന യേശുവിന്റെ അമ്മയായ മറിയത്തോടുള്ള ആദരവിന്റെ പ്രതീകമായാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശുദ്ധ മറിയത്തിന്റെ ഉള്‍പ്പടെയുള്ള ക്രൈസ്തവ ഐക്കണുകളും പേര്‍ഷ്യന്‍ ടൈല്‍ വര്‍ക്കുകളും അലങ്കാര ലൈറ്റിംഗും ഇഴചേര്‍ന്ന സ്റ്റേഷന്‍, അര്‍മേനിയന്‍, അസീറിയന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.
ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഈ നാമകരണത്തെ സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ചിത്രീകരിച്ചു, പുതിയ സ്റ്റേഷന്റെ ചിത്രങ്ങള്‍ പേര്‍ഷ്യന്‍ ഭാഷാ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതായാലും ക്രൈസ്തവ ന്യൂനപക്ഷം നിരന്തരമായി നിരീക്ഷിക്കപെടുകയും, ജയില്‍വാസം ഉള്‍പ്പടെയുള്ള പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന ഇറാനില്‍ നിന്നുള്ള പുതിയ നടപടി പ്രതീക്ഷയോടെയാണ് മതേതരലോകം നോക്കി കാണുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *