അങ്കാറ/തുര്‍ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാവായ കോണ്‍സ്റ്റാനിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും.
പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇന്നലെ തുര്‍ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിമാനമിറങ്ങിയ പാപ്പയെ തുര്‍ക്കിയിലെ സാംസ്‌കാരിക, ടൂറിസം മന്ത്രി മെഹ്‌മെത് നൂറി എര്‍സോയ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഔദ്യോഗിക സ്വാഗത ചടങ്ങിനുശേഷം, പരിശുദ്ധ പിതാവ് തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാല്‍ അറ്റാതുര്‍ക്കിന്റെ മൃതകുടീരം സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തി സന്ദര്‍ശിച്ച പാപ്പ പ്രസിഡന്റുമായി സ്വാകാര്യ കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് സിവില്‍ സമൂഹത്തിലെ പ്രതിനിധികള്‍, നയതന്ത്രജ്ഞര്‍ എന്നിവരെ പാപ്പ അഭിസംബോധന ചെയ്തു. വ്യത്യസ്ത സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന പാലം എന്ന നിലയില്‍ തുര്‍ക്കിയുടെ പങ്ക്, പാപ്പ പ്രസംഗത്തില്‍ ചൂണ്ടികാണിച്ചു. തുര്‍ക്കി റിപ്പബ്ലിക്, സ്ഥാപിതമായതുമുതല്‍, ഒരു മതേതര രാഷ്ട്രമാണെങ്കിലും, ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും( 99%-ത്തിലധികവും) ഇസ്ലാം മതസ്ഥരാണ്.
തുര്‍ക്കിയിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ബിഷപ്പുമാര്‍, വൈദികര്‍, ഡീക്കന്മാര്‍, സന്യാസിനികള്‍, എന്നിവരുമായി ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലില്‍ പാപ്പ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ‘ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദ പുവര്‍’ സന്യാസിനി സഭ നടത്തുന്ന വയോജനങ്ങള്‍ക്കായുള്ള പരിചരണ കേന്ദ്രവും പാപ്പ സന്ദര്‍ശിക്കും. തുടര്‍ന്നായിരിക്കും ഈ സന്ദര്‍ശനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ ഇസ്‌നിക്കിലേക്ക് പാപ്പ യാത്രയാവുക.
















Leave a Comment
Your email address will not be published. Required fields are marked with *