Follow Us On

17

May

2024

Friday

മേയ് 01: തൊഴിലാളി മധ്യസ്ഥൻ വിശുദ്ധ യൗസേപ്പിതാവ്

ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം.

സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. മനുഷ്യന്‍റെ പരിത്രാണ പരിപാടിയില്‍ തൊഴിലിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്.

രക്ഷാകര പദ്ധതിയില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വി. യൗസേപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശ്ശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വി. യൗസേപ്പ് രക്ഷാകരകര്‍മ്മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ്‌ ഏറെ കഠിനാദ്ധ്വാനം ചെയ്തു.

രേഖകളിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ വിവരണമനുസരിച്ച് അദ്ദേഹം ഒരു അനുകമ്പയുള്ള മനുഷ്യനും സര്‍വ്വോപരി ദൈവേഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവനുമായിരിന്നു. തിരുകുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം സദാ സന്നദ്ധനായിരിന്നു. യേശുവിന്റെ പരസ്യ ജീവിത കാലത്തും, മരണസമയത്തും, ഉത്ഥാനസമയത്തും വിശുദ്ധ യൗസേപ്പിതാവിനെ നമുക്ക് കാണുവാന്‍ കഴിയുന്നില്ലെന്നതിനാല്‍, യേശു തന്റെ പൊതുജീവിതം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ യൗസേപ്പിതാവ് മരിച്ചിരിക്കാമെന്ന് നിരവധി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

നിരവധി കാര്യങ്ങളുടെ മദ്ധ്യസ്ഥ സഹായകന്‍ കൂടിയാണ് വിശുദ്ധ യൗസേപ്പിതാവ്. ആഗോള സഭയുടെ, മരണശയ്യയില്‍ കിടക്കുന്നവരുടെ, പ്രേഷിത ദൗത്യങ്ങളുടെ, മധ്യസ്ഥനായി അദ്ദേഹത്തെ വണങ്ങുന്നു. കാലകാലങ്ങളായി ‘മെയ് ദിനം’ അദ്ധ്വാനിക്കുന്നവര്‍ക്കും, പണിയെടുക്കുന്നവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു. വിശുദ്ധ യൌസേപ്പ് പിതാവിന്റെ ഈ തിരുനാള്‍ തൊഴിലിന്റെ അന്തസ്സിനെ ഊന്നിപ്പറയുകയും, തൊഴിലാളി സംഘടനകള്‍ക്ക് ഒരു ആത്മീയമായ വശം നല്‍കുകയും ചെയ്യുമെന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ട്.

യേശുവിന്റെ വളര്‍ത്തച്ചനും, ആഗോള സഭയുടെ മാദ്ധ്യസ്ഥനുമായി തീര്‍ന്ന ഒരു തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനെ ഈ ദിനത്തില്‍ ആദരിക്കുന്നത് ഏറെ അനുഗ്രഹദായകമാണ്. ആരാധനാക്രമ സൂചികയില്‍ വിശുദ്ധ യൗസേപ്പിന്റെ പേരില്‍ രണ്ട് തിരുനാളുകള്‍ ഉണ്ട്. ഒന്നാമത്തേത്, പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവെന്നനിലയില്‍ മാര്‍ച്ച് 19 നും രണ്ടാമത്തേത് മേയ് 1ന് തൊഴിലാളിയെന്ന നിലയിലും തിരുനാള്‍ ആഘോഷിക്കുന്നു.

“വളരെയേറെ ആത്മീയതയുള്ള ഒരു മനുഷ്യനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. അടിയുറച്ച വിശ്വാസമുള്ള ഒരു മനുഷ്യന്‍, അതിന്റെ കാരണം വിശുദ്ധന്റെ സ്വന്തം വാക്കുകളല്ല മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകള്‍ അദ്ദേഹം ശ്രവിച്ചതു മൂലമാണ്. നിശബ്ദതയില്‍ ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ള സത്യത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്റെ ഹൃദയം സദാ സന്നദ്ധമായിരുന്നു” ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യൌസേപ്പ് പിതാവിനെ അനുസ്മരിച്ച് പറഞ്ഞ വാക്കുകളാണിത്.

വിശുദ്ധകുര്‍ബ്ബാനയിലും, ആരാധനാക്രമങ്ങളിലും, വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മനുഷ്യ അദ്ധ്വാനത്തിന്റെ പ്രാധാന്യത്തെ എടുത്ത് കാട്ടുന്ന മതപ്രബോധനങ്ങളുടെ ഒരു സമന്വയം തന്നെ കാണാവുന്നതാണ്. ആധുനിക ലോകത്തെ സഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലെ പ്രാരംഭ പ്രാര്‍ത്ഥനയില്‍ തന്നെ, പ്രപഞ്ചത്തിന്റെ സൃഷ്ടാവും പാലകനുമായ ദൈവം, എല്ലാ പ്രായത്തിലുള്ള പുരുഷനേയും, സ്ത്രീയേയും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുവാനും മറ്റുള്ളവരുടെ ഉപകാരത്തിനായി ഉപയോഗിക്കുവാനും ആവശ്യപ്പെടുന്നതായി പ്രസ്താവിച്ചിരിക്കുന്നു.

പ്രാരംഭ പ്രാര്‍ത്ഥനയുടെ രണ്ടാംഭാഗത്തില്‍, ‘ദൈവം നമ്മോടു പറഞ്ഞ ജോലി പൂര്‍ത്തിയാക്കുമെന്നും, ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലം സ്വീകരിക്കുമെന്നു പറയുന്നുണ്ട്. സക്കറിയായുടെ ലഘു സ്തോത്ര പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയുന്നു, “വിശുദ്ധ യൗസേപ്പ് വിശ്വസ്തതാപൂര്‍വ്വം തന്റെ മരപ്പണി ചെയ്തു വന്നു. എല്ലാ തൊഴിലാളികള്‍ക്കും അദ്ദേഹം ഒരു തിളങ്ങുന്ന മാതൃകയാണ്.”

വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളിന് വേണ്ടിയുള്ള ആരാധനാക്രമങ്ങള്‍, ജോലി ചെയ്യുവാനുള്ള അവകാശത്തെ സമര്‍ത്ഥിക്കുന്നവയാണ്.ഈ ആധുനിക സമൂഹത്തില്‍ കേള്‍ക്കേണ്ടതും, മനസ്സിലാക്കേണ്ടതുമായ ഒരു സന്ദേശമാണത്.

മാര്‍പാപ്പാമാരായ ജോണ്‍ പോള്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവര്‍ പുറത്തിറക്കിയ രേഖകളിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലും, വിശുദ്ധ യൗസേപ്പിന്റെ മാതൃകയെ അവലംബിച്ച് ഒരാളുടെ തൊഴിലിലേക്ക് ഊറിയിറങ്ങേണ്ട ക്രിസ്തീയ ആത്മീയതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് തൊഴില്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അന്തസ്സ് ഉണ്ടെന്നും രേഖകള്‍ കൂട്ടി ചേര്‍ക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?