വിശുദ്ധ ഫിലിപ്പോസ്
ഫിലിപ്പോസ് നഥാനിയേലിനെ കണ്ട് അവനോടു പറഞ്ഞു : മോശയുടെ നിയമപുസ്തകത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരേപ്പറ്റി എഴുതിയിരിക്കുന്നുവോ ഞങ്ങള്‍ അവനെ കണ്ടു, നസറേത്തിലെ ജോസഫിന്റെ മകനായ യേശുവിനെ. അപ്പോള്‍ നഥാനിയേല്‍ അവനോട് പറഞ്ഞു. ‘നസറേത്തില്‍ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകുമോ?’ അപ്പോള്‍ ഫിലിപ്പോസ് അവനോട് പറഞ്ഞു : “വന്ന് കാണുക” (യോഹന്നാന്‍ 1:43-46). വിശുദ്ധ ഫിലിപ്പോസിനെ പറ്റി ഇത്രയും വിവരങ്ങളെ ലഭ്യമുള്ളൂ. റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
വിശുദ്ധ യാക്കോബ്
യൂദായുടെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് ഗലീലിയിലെ കാനാ സ്വദേശിയാണ്. പുതിയനിയമത്തിലെ അപ്പസ്തോലിക ലേഖനങ്ങളില്‍ ഒന്നിന്റെ രചയിതാവുമാണ് വിശുദ്ധ യാക്കോബ്. ഉത്ഥിതനായ യേശുവിനെ കാണുവാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഒരാള്‍ കൂടിയാണ് വിശുദ്ധ യാക്കോബ് (1 കോറി. 15:7). അപ്പസ്തോലന്‍മാര്‍ നാലുപാടും ചിതറിപോയപ്പോള്‍ വിശുദ്ധ യാക്കോബ് ജെറൂസലേമിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധ പൗലോസ് യാക്കോബിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട് (ഗലാ. 1:19).
അപ്പസ്തോലന്‍മാരുടെ കൂടികാഴ്ചയില്‍ പത്രോസിനു ശേഷം സംസാരിച്ചത് യാക്കോബാണെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലും സൂചിപ്പിക്കുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:13). യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുവാന്‍ വിശുദ്ധന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് ദേവാലയത്തിന്റെ ഗോപുരത്തില്‍ നിന്നും വിശുദ്ധനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തുകയായിരിന്നു.
ആരാധനക്രമത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ വിവരണമാണ് ഇതിനേപ്പറ്റി നല്‍കിയിട്ടുള്ളത്. “അവനു 96 വയസ്സായപ്പോഴേക്കും അവന്‍ സഭയെ 36 വര്‍ഷത്തോളം വളരെ നല്ല രീതിയില്‍ ഭരിച്ചുകഴിഞ്ഞിരുന്നു. അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ജൂതന്‍മാര്‍ പദ്ധതിയിടുകയും, ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കൊണ്ട് പോയി തലകീഴായി താഴത്തേക്ക് ഏറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ കാലുകള്‍ ഒടിഞ്ഞ് അവന്‍ അര്‍ദ്ധപ്രാണനായി കിടക്കുമ്പോള്‍, അവന്‍ തന്റെ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി തന്റെ ശത്രുക്കളുടെ മോക്ഷത്തിനായി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ദൈവമേ അവരോടു ക്ഷമിക്കണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല’ അപ്പസ്തോലന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, മാരകമായ ഒരു മര്‍ദ്ദനം കൊണ്ട് അവന്റെ തലപിളര്‍ന്നു”.
റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധ ഫിലിപ്പോസിന്റെ തിരുശേഷിപ്പുകള്‍ക്ക് സമീപത്തായിട്ടാണ് വിശുദ്ധ യാക്കോബിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ആരാധന നിയമത്തില്‍ ഈ വിശുദ്ധരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *