Follow Us On

24

November

2024

Sunday

ജൂലൈ 09: വിശുദ്ധ വെറോണിക്ക ഗിയുലിയാനി

ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി സമര്‍പ്പിക്കുകയും, തങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ തിരുമുറിവില്‍ അഭയം തേടുവാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു.

വെറോണിക്കയായിരുന്നു ഏറ്റവും ഇളയവള്‍. യേശുവിന്റെ പാര്‍ശ്വഭാഗത്തുള്ള മുറിവിലേക്കായിരുന്നു അവളെ സമര്‍പ്പിച്ചിരുന്നത്, ആ സമയം മുതല്‍ അവളുടെ ഹൃദയം കൂടുതല്‍ സംയമനശീലമുള്ളതായി മാറി. ദൈവ മഹത്വത്തിന്റെ സഹായത്തോട് കൂടി അവളുടെ ആത്മാവ് ദിനംപ്രതി ശുദ്ധീകരിക്കപ്പെടുകയും, പില്‍ക്കാലങ്ങളില്‍ അവളുടെ സ്വഭാവം സകലരുടേയും ആദരവിന് പാത്രമാവുകയും ചെയ്തു. വെറോണിക്കക്ക് പ്രായമായപ്പോള്‍ അവളെ വിവാഹം ചെയ്തയക്കുവാനായിരുന്നു അവളുടെ പിതാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെറോണിക്കയാകട്ടെ യുവജനങ്ങളുടെ ഒപ്പം ചേര്‍ന്ന് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനാണ് ആഗ്രഹിച്ചിരുന്നത്.പക്ഷേ മറ്റൊരു ദൈവവിളിയെക്കുറിച്ചുള്ള ബോധ്യവും അവള്‍ക്ക് ഉണ്ടായിരുന്നു, അതിനുള്ള അനുവാദത്തിനായി അവള്‍ തന്റെ പിതാവിനോട് നിരന്തരം അപേക്ഷിച്ചു. അവസാനം ഒരുപാടു എതിര്‍ത്തതിനു ശേഷം അവളുടെ പിതാവ് തന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ജീവിതാവസ്ഥ തിരഞ്ഞെടുക്കുവാന്‍ അവളെ അനുവദിച്ചു. അപ്രകാരം തന്റെ പതിനേഴാമത്തെ വയസ്സില്‍ വെറോണിക്ക ഉംബ്രിയായിലെ സിറ്റാ ഡി കാസ്റ്റെല്ലോയിലുള്ള കപ്പൂച്ചിന്‍ കന്യാസ്ത്രീകളുടെ മഠത്തില്‍ ചേര്‍ന്നു. വിശുദ്ധ ക്ലാരയുടെ പുരാതന നിയമങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ എളിമയാല്‍ വിശുദ്ധ തന്നെത്തന്നെ അവിടത്തെ ഏറ്റവും താഴ്ന്ന അംഗമായി കണക്കാക്കി. അതോടൊപ്പം തന്നെ അനുസരണയും, ദാരിദ്യത്തോടുള്ള സ്നേഹവും, ശാരീരിക സഹനങ്ങളും വഴി അവള്‍ ആത്മീയമായി പക്വതയാര്‍ജിച്ച് കൊണ്ടിരിന്നു. ചില അവസരങ്ങളില്‍ ദൈവവുമായി ആന്തരിക സംവാദത്താല്‍ മുഴുകാനും അവള്‍ക്ക് അവസരം ലഭിച്ചു.

തന്റെ സന്യാസിനീ-സമൂഹത്തിന്റെ നിരവധിയായ ചുമതലകള്‍ ഏതാണ്ട് പതിനേഴ്‌ വര്‍ഷത്തോളം നിര്‍വഹിച്ചതിനു ശേഷം സന്യാസാര്‍ത്ഥിനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ചുമതല വെറോണിക്കയില്‍ വന്നു ചേര്‍ന്നു. ആ നവവിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ എളിമ നിറഞ്ഞ ആത്മീയതയുടേയും, വിനയത്തിന്റേതുമായ ഒരുറച്ച അടിത്തറ പാകുവാന്‍ വിശുദ്ധക്ക് കഴിഞ്ഞു. തങ്ങളുടെ പരിപൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഏറ്റവും സുരക്ഷിത കവചങ്ങളായ വിശ്വാസ-സത്യങ്ങളേയും, സഭാ നിയമങ്ങളേയും കുറിച്ചവള്‍ അവരെ പഠിപ്പിച്ചു. ഇക്കാലയളവില്‍ അസാധാരണമായ പലകാര്യങ്ങളും വിശുദ്ധയുടെ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയിരുന്നു.

ഒരു ദുഃഖവെള്ളിയാഴ്ച അവള്‍ക്ക് യേശുവിന്റെ തിരുമുറിവിന്റെ അടയാളങ്ങള്‍ ലഭിച്ചു. പിന്നീട് വിവരിക്കാനാവാത്ത വേദനകള്‍ക്കിടയില്‍ യേശുവിന്റെ മുള്‍കിരീടത്തിന്റെ പ്രതിച്ഛായ അവളുടെ ശിരസ്സില്‍ പതിപ്പിക്കപ്പെട്ടു. മറ്റൊരിക്കല്‍ നമ്മുടെ രക്ഷകന്റെ കൈകളില്‍ നിന്നും അവള്‍ക്ക് ഒരു നിഗൂഡമായ മോതിരം ലഭിക്കുകയുണ്ടായെന്ന്‍ പറയപ്പെടുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അറിയുവാനിടയായപ്പോള്‍ അവിടുത്തെ മെത്രാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം റോമിലേക്കൊരു റിപ്പോര്‍ട്ട് അയച്ചു. അതിനെ തുടര്‍ന്ന് വിശുദ്ധ, ചെകുത്താന്റെ പ്രലോഭനത്തില്‍പ്പെട്ട വ്യക്തിയാണോ അതോ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണോയെന്ന്‍ പരിശോധിക്കുവാനായി റോമില്‍ നിന്നും ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഇത് വിശുദ്ധയുടെ ക്ഷമയെ ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി.

വിശുദ്ധ വെറോണിക്കയെ അവളുടെ ‘സന്യാസാര്‍ത്ഥിനികളുടെ പരിശീലക’ എന്ന പദവിയില്‍ നിന്നും മേലധികാരികള്‍ ഒഴിവാക്കി. കൂടാതെ തങ്ങളുടെ സന്യാസിനീ-സമൂഹത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ നിന്നെല്ലാം തന്നെ അവള്‍ ഒഴിവാക്കപ്പെട്ടു. അധികം വൈകാതെ തന്നെ ഏകാന്തമായ മുറിയില്‍ അവള്‍ തടവിലാക്കപ്പെട്ടു. ഒരു കന്യകാസ്ത്രീക്കും അവളോടു സംസാരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവളുടെ കാര്യങ്ങള്‍ നോക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്ന അത്മായ സ്ത്രീക്ക് അവളോടു വളരെ പരുഷമായി പെരുമാറുവാനുള്ള നിര്‍ദ്ദേശമാണ് നല്‍കപ്പെട്ടത്.

ഞായറാഴ്ചകളില്‍ ദേവാലയത്തിന്റെ കവാടത്തിനരുകില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള അനുവാദം മാത്രമായിരുന്നു അവള്‍ക്ക് കിട്ടിയിരുന്നത്. ഈ യാതനകളെല്ലാം യാതൊരു മടിയും കൂടാതെ അവള്‍ അനുസരിച്ചുവെന്നും, തന്റെ പരുക്കന്‍ പെരുമാറ്റങ്ങളില്‍ പരാതിയുടേയോ, സങ്കടത്തിന്റേയോ യാതൊരു അടയാളങ്ങളും അവളില്‍ കണ്ടില്ലയെന്നും മറിച്ച് വിവരിക്കാനാവാത്ത വിധം സമാധാനവും ആനന്ദവുമാണ് അവളില്‍ കണ്ടതെന്നും മെത്രാന്‍ റോമിലേക്ക് റിപ്പോര്‍ട്ടയച്ചു. വിശുദ്ധയില്‍ കണ്ട അത്ഭുതകരമായ സംഭവങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പരിശോധനകളിലൂടെ തെളിഞ്ഞു. എന്നാല്‍ താന്‍ ഒരു വിശുദ്ധയാണെന്ന് വെറോണിക്ക ഒരിക്കലും നിരൂപിച്ചില്ല, മറിച്ച് തന്റെ വിശുദ്ധമായ തിരുമുറിവുകളാല്‍ ദൈവം പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിച്ച ഒരു വലിയ പാപിനിയായിട്ടായിരുന്നു അവള്‍ തന്നെത്തന്നെ കണ്ടിരുന്നത്.

ഏതാണ്ട് 22 വര്‍ഷങ്ങളോളം സന്യാസിനീ വിദ്യാര്‍ത്ഥിനികളുടെ മാര്‍ഗ്ഗദര്‍ശിനിയായി സേവനം ചെയ്തതിനു ശേഷം, എല്ലാവരുടേയും ആഗ്രഹപ്രകാരം വിശുദ്ധ ആ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അനുസരണ കൊണ്ട് മാത്രമാണ് വിശുദ്ധ ആ പദവി സ്വീകരിച്ചത്. അവസാനം നിരവധി യാതനകളാല്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ട് 50 വര്‍ഷങ്ങളോളം ആ മഠത്തില്‍ കഴിഞ്ഞതിനു ശേഷം 1727 ജൂലൈ 9ന് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

യേശുവിന്റെ തിരുമുറിവ് ലഭിക്കപ്പെട്ട അപൂര്‍വ്വം വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ വെറോണിക്ക ഗിയുലിയാനി. ഫാദര്‍ സാല്‍വട്ടോറി സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് “എപ്പോഴെല്ലാം ആ മുറിവ് തുറക്കുന്നുവോ അപ്പോഴൊക്കെ അതില്‍ നിന്നും ആ കന്യാസ്ത്രീ മഠമാകെ സുഗന്ധം വ്യാപരിച്ചിരിന്നു”. ഒരു വെള്ളപ്പൊക്കത്തില്‍ നശിക്കപ്പെടുന്നത് വരെ വിശുദ്ധയുടെ ഭൗതീക ശരീരം നിരവധി വര്‍ഷങ്ങളോളം കേടുകൂടാതെ ഇരുന്നു. അവളുടെ ഹൃദയം ഇപ്പോഴും അഴുകാത്തതിനാല്‍ ഒരു പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. വെറോണിക്കയുടെ വീരോചിതമായ നന്മപ്രവര്‍ത്തികളും, അവളുടെ ശവകുടീരത്തില്‍ സംഭവിച്ച നിരവധി അത്ഭുതങ്ങളും കണക്കിലെടുത്ത് 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പാ വെറോണിക്ക ഗിയുലിയാനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?