Follow Us On

24

November

2024

Sunday

ജൂലൈ 10: വിശുദ്ധ ഫെലിസിറ്റാസും രക്തസാക്ഷികളായ ഏഴ് മക്കളും

അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുകയും, ഉപവസിക്കുകയും, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്തു. ഫെലിസിറ്റാസിന്റെയും, അവളുടെ മുഴുവന്‍ കുടുംബത്തിന്റേയും മാതൃകയാല്‍ നിരവധി വിഗ്രഹാരാധകര്‍ തെറ്റായ ദൈവങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും, ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. 

ഇത് അവിശ്വാസികളുടെ പുരോഹിതരുടെ എതിര്‍പ്പിനെ ക്ഷണിച്ചു വരുത്തി. ഫെലിസിറ്റാ പരസ്യമായി ക്രിസ്തീയ വിശ്വാസം ജീവിതത്തില്‍ പ്രകടമാക്കി. തങ്ങളുടെ സാമ്രാജ്യത്തിന്റെ സംരക്ഷകരായ ദൈവങ്ങളിലുള്ള വിശ്വാസത്തില്‍ നിന്നും നിരവധി പേരെ വേര്‍പെടുത്തി അവള്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്തുവെന്നും, അതിനാല്‍ തങ്ങളുടെ ദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും ചില പുരോഹിതന്‍മാര്‍ ചക്രവര്‍ത്തിയായിരുന്ന അന്റോണിനൂസിനോട് പരാതി പറഞ്ഞു. ഒപ്പം കോപിച്ചിരിക്കുന്ന തങ്ങളുടെ ദൈവങ്ങളെ സന്തോഷിപ്പിക്കുന്നതിനായി ഫെലിസിറ്റായേയും അവളുടെ മക്കളേയും തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലികൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഒരു അന്ധവിശ്വാസിയായിരുന്ന അന്റോണിനൂസ് ഈ പരാതികേട്ടമാത്രയില്‍ തന്നെ റോമിലെ മുഖ്യനായിരുന്ന പൂബ്ലിയൂസിനോട് ആ പുരോഹിതരുടെ പരാതികള്‍ തീര്‍ക്കുവാനും ദൈവങ്ങളെ സന്തോഷിപ്പിക്കുവാന്‍ വേണ്ട നടപടിയെടുക്കുവാനും ഉത്തരവിട്ടു. പൂബ്ലിയൂസ് ഉടനടി തന്നെ ഫെലിസിറ്റായേയും അവളുടെ മക്കളേയും പിടികൂടി തന്റെ മുന്‍പില്‍ ഹാജരാക്കുവാന്‍ ഉത്തരവിട്ടു. അവരെ തന്റെ മുന്‍പില്‍ ഹാജരാക്കി കഴിഞ്ഞപ്പോള്‍ പൂബ്ലിയൂസ് ഫെലിസിറ്റായെ മാറ്റി നിര്‍ത്തി അവളോടും, അവളുടെ മക്കളോടും ക്രൂരമായി പെരുമാറാതിരിക്കണമെങ്കില്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ വിശുദ്ധയുടെ മറുപടി ഇപ്രകാരമായിരുന്നു: “എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കാമെന്നോ, നല്ല വാക്കുകള്‍ പറഞ്ഞു എന്നെ പ്രലോഭിപ്പിക്കാമെന്നോ കരുതരുത്‌. എന്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ് സാത്താന് എന്നെ കീഴടക്കുവാന്‍ അനുവദിക്കുകയില്ല, അവന്‍ നിങ്ങളുടെ ആക്രമണങ്ങള്‍ക്ക് മേല്‍ എനിക്ക് വിജയം നല്‍കും.”

അതുകേട്ട് വളരെ ദേഷ്യത്തോടുകൂടി പൂബ്ലിയൂസ് പറഞ്ഞു: “അസന്തുഷ്ടയായ സ്ത്രീയേ, നിന്റെ മക്കളേപോലും ജീവിക്കാന്‍ അനുവദിക്കാതെ മരണത്തെ പുല്‍കുവാന്‍ നീ ആഗ്രഹിക്കുകയാണോ, നീ വളരെ ക്രൂരമായ പീഡനങ്ങളാല്‍ അവരെ ഇല്ലാതാക്കുവാന്‍ പ്രേരിപ്പിക്കുകയാണോ?”അവള്‍ പറഞ്ഞു, “എന്റെ കുട്ടികള്‍ ക്രിസ്തുവിനോട് വിശ്വസ്തതയുള്ളവരാണെങ്കില്‍ അവനോടൊപ്പം എക്കാലവും ജീവിക്കും; എന്നാല്‍ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയാണെങ്കില്‍ അനശ്വരമായ മരണത്തെ അവര്‍ക്ക്‌ പ്രതീക്ഷിക്കേണ്ടതായി വരും.” അടുത്തദിവസം മുഖ്യന്‍ മാര്‍സ് ദേവന്റെ ക്ഷേത്രത്തിനു മുന്‍പില്‍ ഫെലിസിറ്റായെ കൊണ്ട് പോയി ഇരുത്തി കൊണ്ട് പറഞ്ഞു, ”ഫെലിസിറ്റ, നിന്റെ മക്കളില്‍ കരുണ കാണിക്കുക; അവര്‍ യുവത്വത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നവരാണ്, മാത്രമല്ല അവര്‍ ഒരുപക്ഷേ വലിയവരായിതീരുവാന്‍ ആഗ്രഹമുള്ളവരായിരിക്കും.” അതു കേട്ട് കഴിഞ്ഞപ്പോള്‍ ആ അമ്മ പറഞ്ഞു: “നിന്റെ ദയ യഥാര്‍ത്ഥത്തില്‍ ദൈവഭക്തിയില്ലായ്മ തന്നെയാണ്, നീ എന്നോടു കാണിക്കുന്ന അനുകമ്പ ഒരു പക്ഷേ എന്നെ അമ്മമാരില്‍ ഏറ്റവും ക്രൂരയായ അമ്മയാക്കി മാറ്റും” പിന്നീട് തന്റെ മക്കളുടെ നേര്‍ക്ക് തിരിഞ്ഞ് അവരോടായി അവള്‍ പറഞ്ഞു: “എന്റെ മക്കളേ, തന്റെ വിശുദ്ധന്‍മാര്‍ക്കൊപ്പം യേശു നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക് നോക്കുക, അവന്റെ സ്നേഹത്തില്‍ വിശ്വസ്തതയുള്ളവരായിരിക്കുക, ഒപ്പം നിങ്ങളുടെ ആത്മാക്കള്‍ക്കായി ധൈര്യപൂര്‍വ്വം പോരാടുക.”

ഈ പ്രവര്‍ത്തിയില്‍ പ്രകോപിതനായ പൂബ്ലിയൂസ്: “നമ്മുടെ ചക്രവര്‍ത്തിയുടെ ഉത്തരവിനെ നിന്ദിച്ചുകൊണ്ട് എന്റെ സാന്നിധ്യത്തില്‍ ഇത്ര ധിക്കാരപരമായി ഉപദേശം കൊടുക്കുന്ന നീ തീര്‍ച്ചയായും ഒരു ധിക്കാരിയാണ്” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയെ ക്രൂരമായി പ്രഹരിക്കുവാന്‍ ഉത്തരവിട്ടു.

അതിനു ശേഷം മുഖ്യന്‍ വിശുദ്ധയുടെ മക്കളെ ഓരോരുത്തരെയായി തന്റെ പക്കലേക്ക് വിളിപ്പിക്കുകയും, തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ അവരെ പലവിധത്തില്‍ പ്രലോഭിപ്പിക്കുകയും, പ്രേരിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരില്‍ ഏറ്റവും മൂത്തവനായ ജനാരിയൂസാണ് ഈ അവഹേളനത്തെ ആദ്യം നേരിട്ടത്, വളരെ ഉറച്ച തീരുമാനത്തോട് കൂടി അവന്‍ പറഞ്ഞു: “വളരെ ബുദ്ധിശൂന്യവും, സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ ഒരു കാര്യം ചെയ്യുവാനാണ് നീ എന്നെ ഉപദേശിക്കുന്നത്, ഇത്തരമൊരു വിശ്വാസമില്ലായ്മയില്‍ നിന്നുമെന്റെ കര്‍ത്താവായ യേശു എന്നെ സംരക്ഷിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്‌.” അവനെ നഗ്നനാക്കി ചമ്മട്ടികൊണ്ടടിക്കുവാന്‍ പൂബ്ലിയൂസ് ഉത്തരവിട്ടു. അപ്രകാരം ചെയ്തതിനു ശേഷം അവനെ തിരികെ തടവറയിലേക്കയച്ചു.

അടുത്തതായി രണ്ടാമത്തവനായ ഫെലിക്സിനേയാണ് വിളിപ്പിച്ചത്, തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കുവാന്‍ അവനോടു ആവശ്യപ്പെട്ടപ്പോള്‍ ഇപ്രകാരമായിരുന്നു അവന്റെ മറുപടി: “ഒരേ ഒരു ദൈവമാണ് ഉള്ളത്. അവനുവേണ്ടി ഞങ്ങള്‍ ഹൃദയങ്ങള്‍ കൊണ്ട് ബലിയര്‍പ്പിക്കുന്നു. ഞങ്ങള്‍ യേശുവിനോടു കടപ്പെട്ടിരിക്കുന്ന സ്നേഹത്തെ ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല, നീ നിന്റെ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുക, ക്രൂരതയുടെ എല്ലാ കണ്ട്പിടിത്തങ്ങളും പരീക്ഷിക്കുക; നിനക്ക് ഒരിക്കലും ഞങ്ങളുടെ വിശ്വാസത്തെ മറികടക്കുവാന്‍ കഴിയുകയില്ല.” മറ്റുള്ള സഹോദരന്‍മാരും തങ്ങളുടെ മറുപടികള്‍ പ്രത്യേകം പ്രത്യേകമായാണ് നല്‍കിയത്. തങ്ങള്‍ക്ക് കടന്നു പോകേണ്ടിയിരുന്ന മരണത്തെ അവര്‍ ഭയപ്പെട്ടിരുന്നില്ല, പക്ഷേ എക്കാലവും നിലനില്‍ക്കുന്ന അനശ്വരമായ പീഡനങ്ങളേയായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്, അതിനാല്‍ അവര്‍ മനുഷ്യരുടെ ഭീഷണികളെ നിന്ദിച്ചു.

അവസാനം വിളിപ്പിക്കപ്പെട്ട മാര്‍ഷ്യാലിസ് ഇപ്രകാരം പറഞ്ഞു: “യേശു യഥാര്‍ത്ഥദൈവമാണെന്ന് ഏറ്റു പറയാത്ത എല്ലാവരും ഉറപ്പായും എക്കാലവും നിലനില്‍ക്കുന്ന തീജ്വാലകളില്‍ എറിയപ്പെടും.” ഇത് കേട്ട കോപാകുലനായ ന്യായാധിപന്‍ അവരെ ചമ്മട്ടികൊണ്ടടിപ്പിച്ച ശേഷം ആ സഹോദരന്‍മാരെ തിരികെ തടവറയില്‍ അടച്ചു. തന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട നൈരാശ്യത്തോട് കൂടി മുഖ്യന്‍ ഇക്കാര്യങ്ങളെല്ലാം ചക്രവര്‍ത്തിയെ ധരിപ്പിച്ചു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ അന്റോണിനൂസ് അവരെ വിവിധ ന്യായാധിപന്‍മാരുടെ പക്കലേക്ക് അയക്കുവാനും, വധശിക്ഷക്ക് വിധേയരാക്കുവാനും ഉത്തരവിട്ടു. ഈയം കൊണ്ടുള്ള ആണികകള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ടുള്ള ക്രൂരമായ പീഡനമേറ്റാണ് ജനാരിയൂസ് മരണപ്പെടുന്നത്.

അടുത്ത രണ്ടുപേരായ ഫെലിക്സും, ഫിലിപ്പും വടികൊണ്ടുള്ള മര്‍ദ്ദനത്താല്‍ മരണപ്പെട്ടു. നാലാമനായ സില്‍വാനൂസിനെ തല കീഴായി ഒരു ഗര്‍ത്തത്തിലെറിഞ്ഞു കൊന്നു. താഴെയുള്ള മൂന്ന് പേരായ അലെക്സാണ്ടര്‍, വിറ്റാലിസ്, മാര്‍ഷ്യാലിസ് എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാല് മാസങ്ങള്‍ക്ക് ശേഷം അവരുടെ മാതാവിനും ഇതേ ശിക്ഷാവിധി തന്നെയാണ് നല്‍കിയത്. റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ ഫെലിസിറ്റായുടെ ഓര്‍മ്മതിരുനാള്‍ നവംബര്‍ 23നും വിശുദ്ധയുടെ മക്കളുടേത് ജൂലൈ 10നുമാണ്. ബുച്ചേരിയൂസ് പ്രസിദ്ധീകരിച്ച പഴയ റോമന്‍ ദിനസൂചികയില്‍ ഈ വിശുദ്ധരുടെ തിരുനാള്‍ ദിനമായി അടയാളപ്പെടുത്തിയിരുന്നതും ജൂലൈ 10 തന്നെയായിരുന്നു.

സലാരിയന്‍ റോഡില്‍ വിശുദ്ധയുടെ ശവകുടീരത്തിന് മുകളിലായി നിര്‍മ്മിച്ചിട്ടുള്ള ദേവാലയത്തില്‍ വെച്ചാണ് മഹാനായ വിശുദ്ധ ഗ്രിഗറി തന്റെ മൂന്നാമത്തെ സുവിശേഷ പ്രഘോഷണം നടത്തിയത്. തന്റെ ആ പ്രസംഗത്തില്‍ വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട് “മറ്റുള്ള അമ്മമാരെ പോലെ ഏഴ് മക്കളുണ്ടായിരുന്ന ഈ വിശുദ്ധ അവരെ തനിച്ചാക്കി ഭൂമിയില്‍ നിന്നും പോകുവാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നിരിക്കാം. അവള്‍ ഒരു രക്തസാക്ഷിയേക്കാളും ഉന്നതയാണ്, തന്റെ ഏഴ് മക്കളും തന്റെ കണ്‍മുന്‍പില്‍ കൊല്ലപ്പെടുന്നത് അവള്‍ കണ്ടു, ഒരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ ഓരോരുത്തരിലേയും രക്തസാക്ഷി അവള്‍ തന്നെയാണ്. ആ നിരയിലെ എട്ടാമത്തവള്‍ അവളായിരുന്നു, പക്ഷേ വേദനയില്‍ ഒന്നു മുതല്‍ അവസാനം വരെ അവള്‍ ഉണ്ടായിരുന്നു. തന്റെ മൂത്തമകനെ വധിച്ചപ്പോള്‍ മുതല്‍ അവളുടെ രക്തസാക്ഷിത്വം ആരംഭിച്ചു. അത് അവളുടെ മരണത്തോട് കൂടിയായിരുന്നു അവസാനിച്ചത്. അവള്‍ കിരീടം ചൂടിയത് അവള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല, അവളുടെ മക്കള്‍ക്കും കൂടിയായിരുന്നു.

തന്റെ മക്കളുടെ പീഡനങ്ങള്‍ കണ്ടുവെങ്കിലും അവള്‍ പതറിയില്ല. അവരുടെ വേദനകള്‍ തന്റെ വേദനകളായി കണ്ടു അവള്‍ സഹിച്ചു, എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാല്‍ തന്റെ ഹൃദയത്തിനുള്ളില്‍ ആനന്ദിക്കുകയും ചെയ്തു. അവളിലെ വിശ്വാസം ശരീരത്തിനും, രക്തത്തിനും മുകളില്‍ വിജയം വരിച്ചു; മരണത്തിനോ, ക്രൂരമായ പീഡനങ്ങള്‍ക്കോ അവളുടെ ശക്തമായ ആത്മാവിനെ ഇളക്കുവാന്‍ പോലും കഴിഞ്ഞില്ല. ദൈവം നമുക്ക് തന്നിട്ടുള്ള മക്കളെ അവന്‍ തിരികെയെടുക്കുമ്പോള്‍ നാം വിലപിക്കുന്നു. പക്ഷേ വിശുദ്ധയാകട്ടെ തന്റെ മക്കള്‍ യേശുവിന് വേണ്ടി മരിച്ചില്ലെങ്കിലാണ് വിലപിക്കുന്നതെന്ന്‍ ഏറ്റുപറയുന്നു. യേശുവിന് വേണ്ടി അവര്‍ മരിക്കുമ്പോള്‍ അവള്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്.” നമ്മള്‍ തന്നെ നമ്മുടെ മക്കള്‍ക്ക് കാണിച്ചുകൊടുത്തിട്ടുള്ള തെറ്റായ മാതൃകകാരണം അവര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ എന്ത് മാത്രമാണ് ദിവസവും നമ്മെ അലോസരപ്പെടുത്തുന്നത്. നമ്മുടെ മക്കള്‍ ഈ വിശുദ്ധയെ മാതൃകയാക്കേണ്ടിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?