Follow Us On

23

December

2024

Monday

ജപമാലരാജ്ഞിയുടെ തിരുനാൾ: അറിയണം, പഠിക്കണം ‘ലെപ്പാന്തോ’യിൽ ദൈവമാതാവ് നേടിത്തന്ന അത്ഭുത വിജയം

മൈക്കിൾ പടമാട്ടുമ്മേൽ

ജപമാലരാജ്ഞിയുടെ തിരുനാൾ (ഒക്ടോബർ ഏഴ്) ആഘോഷിക്കുമ്പോൾ, ജപമാല മാസമായി ഒക്ടോബർ പ്രഖ്യാപിക്കാൻ കാരണമായ ‘ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം മനസിലാക്കാം.

ഓട്ടോമൻ സുൽത്താൻ സുലൈമാൻ-  മഹാനെന്ന് അറിയപ്പെട്ടിരുന്ന തുർക്കി ഭരണാധികാരി. ക്രൈസ്തവർക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സെലിം രാജ്യഭരണമേറ്റു. അധാർമികനും അഹങ്കാരിയും മദ്യാസക്തനുമായിരുന്ന സെലിം II ‘യുദ്ധവിജയി’ എന്ന പേര് സമ്പാദിക്കാൻ അതിയായി ആഗ്രഹിച്ചു.

സെലിമിന്റെ ഒരു ബലഹീനതയായിരുന്നു മാണിക്യക്കല്ലിന്റെ നിറമുള്ള ചുവന്ന സൈപ്രസ് വീഞ്ഞ്. അക്കാലത്ത്, വെനീസിന്റെ അധിനിവേശ പ്രദേശമായിരുന്ന സൈപ്രസ് ദ്വീപ്. വെനീസിന് ചുങ്കം കൊടുക്കാതെതന്നെ സൈപ്രസ് വീഞ്ഞ് വേണ്ടുവോളം ആസ്വദിക്കണമെന്ന് സെലിം ആഗ്രഹിച്ചു. കത്തോലിക്കാ രാജ്യമായ വെനിസും മുസ്‌ലിം രാജ്യമായ തുർക്കിയും തമ്മിൽ ഒരു സമാധാന കരാർ നിലവിലുണ്ടായിരുന്നതിനാൽ, സൈപ്രസിനെ ആക്രമിച്ചു കീഴടക്കാൻ സലീമിന് നിയമ തടസമുണ്ടായിരുന്നു.

മതനേതാവായ മുഫ്തിയോട് ഇക്കാര്യത്തെക്കുറിച്ച് വിവരിച്ച സലിം, പോം വഴി ആവശ്യപ്പെട്ടു. എപ്പോഴെങ്കിലും മുസ്‌ലിം അധീനതയിലുണ്ടായിരുന്ന ഒരു രാജ്യത്ത് പിന്നീട് ആ നില മാറിമറിയുന്ന അവസ്ഥയുണ്ടായാൽ, ആ രാജ്യത്തെ വീണ്ടും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടത് നല്ല മുസ്‌ലിം ഭരണാധികാരിയുടെ കർത്തവ്യമാണെന്ന് സ്ഥാപിക്കുന്ന ഒരു ‘ഫത്‌വാ’യുടെ രൂപീകരണത്തിലാണ് അത് കലാശിച്ചത്. മുഫ്തി ‘ഫത്‌വാ’ നൽകിയതുവഴി സന്ധികരാറിൽനിന്ന് മുക്തനായ സെലിം സൈപ്രസിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ കോപ്പുകൂട്ടി.

യുദ്ധം തുടങ്ങുംമുമ്പ് ഒരൽപ്പം ചരിത്രം

പൗലോസ് അപ്പസ്‌തോലനൊപ്പം സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന വിശുദ്ധ ബർണബാസ് സൈപ്രസ് ദ്വീപുകാരനായിരുന്നു. അതായത് ഒന്നാം നൂറ്റാണ്ടുമുതൽതന്നെ അത് ഒരു ക്രൈസ്തവ രാജ്യമായിരുന്നു. പക്ഷെ എ.ഡി. 649ൽ മുസ്ലീങ്ങൾ ആ രാജ്യം ആക്രമിച്ചു കീഴ്‌പ്പെടുത്തി. 688 മുതൽ 965 വരെ ദ്വീപിന്റെ ഭരണം ഓട്ടോമൻ സുൽത്താന്മാരും ബൈസെന്റൈൻ ചക്രവർത്തിമാരും സംയുക്തമായാണ് നടത്തിയത്. 965ൽ ദ്വീപ് വീണ്ടും ബൈസെന്റൈൻ ഭരണത്തിൻ കീഴിലായി.

രണ്ടാം കുരിശുയുദ്ധത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്ന റിച്ചാർഡ് ദ ലയൻഹാർട്ട് എന്ന ഇംഗ്ലീഷ് രാജാവ് 1191ൽ ദ്വീപിന്റെ ഭരണം പിടിച്ചെടുക്കുകയും പിന്നീടതിനെ ‘നൈറ്റ്‌സ് ടെംപ്ലാർസ്’ എന്ന രാജ്യത്തിന് വിൽക്കുകയും ചെയ്തു. ഈ ദ്വീപ് 1486ൽ മാമലൂക്‌സ് എന്ന മുസ്ലീം ഭരണകൂടത്തിന്റെ അധീനതയിലായെങ്കിലും നാട്ടുരാജാക്കന്മാരാണ് അവർക്കുവേണ്ടി ഭരണം നടത്തിയിരുന്നത്. 1486ൽ കാതറിൻ എന്ന രാജ്ഞിയാണ് ദ്വീപിനെ വെനീസുകാർക്ക് വിറ്റത്.

തുർക്കിപ്പടയ്‌ക്കെതിരെ ‘ഹോളി ലീഗ്’

തുർക്കിയുടെ യുദ്ധഭീഷണി ഉണ്ടായതോടെ, പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തിനായി ഒരു മുന്നണി രൂപീകരിക്കാൻ പിയൂസ് അഞ്ചാമൻ പാപ്പ മുന്നിട്ടിറങ്ങി. സ്പാനിഷ് രാജാവായ ഫിലിപ്പ് രണ്ടാമനും പോർച്ചുഗൽ രാജാവായ സെബാസ്റ്റിയനും ഇതിൽ പങ്കാളികളാകാൻ തയാറായി. എന്നാൽ, കത്തോലിക്ക രാജ്യമായ ഫ്രാൻസിലെ ചാൾസ് ഒമ്പതാമൻ രാജാവ് ഇതിന് വിസമ്മതിച്ചു. തുർക്കികൾക്ക് യുദ്ധസാമഗ്രികൾ വിൽക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു എന്നതുതന്നെ കാരണം. ഹെൻറി എട്ടാമന്റെ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്റ് രാജ്യമായിരുന്നതിനാലും തുർക്കിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാലും അവരും ഈ മുന്നണിയിൽ അംഗമായില്ല.

പാപ്പ ഈ സഖ്യത്തിന് ‘ഹോളിലീഗ്’ അഥവാ ‘വിശുദ്ധ സഖ്യം’ എന്ന പേര് നൽകി. 1571 മാർച്ച് ഏഴിന് ഈ സഖ്യം നിലവിൽ വന്നു. രാജ്യത്തെ പാപ്പ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു. 60,000 തുർക്കി ഭടന്മാർ 1570 ജൂലായിൽ സൈപ്രസിന്റെ തലസ്ഥാനമായ നിക്കോഷ്യ വളഞ്ഞു. രണ്ടു മാസത്തെ ഉപരോധത്തിനുശേഷം രണ്ടു സൈന്യങ്ങളും തമ്മിൽ സന്ധിയിലെത്തി. എന്നാൽ,സന്ധിലംഘനം നടത്തിയ തുർക്കിപ്പട്ടാളം ആയിരക്കണക്കിന് പട്ടാളക്കാരെയും സാധാരണ പൗരന്മാരെയും ബന്ധികളാക്കി. യുവതികളെയും ചെറിയ ആൺകുട്ടികളേയും ലൈംഗിക അടിമകളാക്കി ഇസ്താംബൂളിലേക്കു കപ്പൽ കയറ്റി.

അവിടെ അവരെ ലേലം ചെയ്തു വിറ്റ് കാശുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അമാൽഡ ദെ റോക്കോസ് എന്ന യുവതി മറ്റ് 800 യുവതികൾക്കൊപ്പം ഒരു തുർക്കികപ്പലിൽ അടയ്ക്കപ്പെട്ടിരുന്നു. മുസ്ലീം പുരുഷന്റെ ലൈംഗിക അടിമയായി കഴിയുന്നതിലും ഭേദം മരണം തന്നെയാണെന്ന് അവൾ ഉറപ്പിച്ചു. മറ്റ് സ്ത്രീകളുടെ സഹായത്താൽ കൈയിൽ കരുതിയിരുന്ന അരം ഉപയോഗിച്ച് ചങ്ങലകൾ ഭേദിച്ച അവൾ, കപ്പലിൽ വെടിമരുന്നു കരുതിയിരുന്ന അറയിലെത്തി സ്‌ഫോടനം നടത്തി. ബന്ധികളാക്കപ്പെട്ടിരുന്ന മറ്റ് 800 സ്ത്രീകൾക്കൊപ്പം അവളും കപ്പലും കടലിന്റെ അഗാധങ്ങളിലേക്കു മുങ്ങിത്താണു.

വീണ്ടും സന്ധി, വീണ്ടും ചതി

നിക്കോഷ്യ പട്ടണം പിടിച്ചടക്കിയശേഷം തുർക്കിപ്പട ഫാമഗുസ്ത എന്ന പട്ടണത്തിലേക്കു നീങ്ങി. പട്ടണത്തിനെതിരെ ഉപരോധം ശക്തിപ്പെടുത്താൻ ഒരു ലക്ഷം പേരടങ്ങിയ തുർക്കിപ്പട ലാല മുസ്താപ്പ എന്ന പടനായകന്റെ കീഴിൽ ഏപ്രിൽ 1571ൽ ഫാമഗുസ്തയ്ക്കു മുമ്പിൽ തമ്പടിച്ചു. 1571 മേയ് 27ന് ഫാമഗുസ്ത്തിലുള്ള ചെറിയ ക്രൈസ്തവ സൈന്യത്തെ സഹായിക്കാൻ ‘വിശുദ്ധ സഖ്യ’ സൈന്യത്തെ റോമിലെ പത്രോസ് ശ്ലീഹായുടെ ബസിലിക്കയിൽ വച്ച് പാപ്പ ഭരപ്പെടുത്തി.

സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ അർദ്ധ സഹോദരനും 25 വയസുകാരനുമായ ഓസ്ട്രിയായിലെ ഡോൺ ഹ്യൂവാൻ പ്രഭുവിനെയാണ് മുഖ്യ സൈന്യാധിപനായി നിയമിച്ചത്. 1571 ജൂൺ 16ന് ഡോൺ ഹ്യൂവാൻ സ്‌പെയിനിലെ ബാർസലോന തുറമുഖത്ത് വന്നെത്തി, യുദ്ധസ്ഥലത്തേക്കു പോകാൻ ഒരുക്കങ്ങൾ തുടങ്ങി. വെനീഷ്യൻ സൈന്യത്തിന്റെ കമാൻഡർ മാർക്കാന്റോണിയോ ബ്രാഗഡീനോയ്ക്ക് ആയിരുന്നു ഫാമഗുസ്ത നഗരത്തിന്റെ കോട്ടയ്ക്കകത്തെ സുരക്ഷിത ചുമതല. അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിൽ 4000 സൈനികരും പരിമിതമായ അളവിൽ വെടിക്കോപ്പുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും തുർക്കികളെ ചെറുത്തുനിൽക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

തുടർച്ചയായ നാല് തുർക്കി ആക്രമണങ്ങളെ അതിജീവിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭടന്മാരുടെ എണ്ണം 1800 ആയി ചുരുങ്ങി. വെടിക്കോപ്പുകളിലും വലിയ കുറവുണ്ടായി. നഗരത്തിന്റെ കോട്ടയുടെ ഒരു ഭാഗം നിലംപൊത്തുമെന്ന് ഉറപ്പായ അവസ്ഥയിൽ തുർക്കികളോടു സന്ധി ചെയ്യാൻ അദ്ദേഹം ഒരുങ്ങി. തന്റെ ഭടന്മാരുടെയും നഗരവാസികളുടെയും ജീവനും സ്വത്തിനും എതിരായ ഒരു നീക്കവും തുർക്കികളുടെ പക്ഷത്തുനിന്ന് ഉണ്ടാവില്ലെന്ന് എഴുതിയ വാങ്ങിയശേഷം നഗരകവാടങ്ങൾ തുറന്നുകൊടുത്തു.

കീഴടങ്ങാൻ സമ്മതിച്ച ബ്രഗാഡീനോയോട് തന്നെ വന്നുകാണാൻ മുസ്തഫ ആവശ്യപ്പെട്ടു. തന്റെ സഹായിയായ ഒരു ബാലനെയും 40 ഭടന്മാെേരയും കൂട്ടി ബ്രഗാനീനേ മുസ്തഫയെ മുഖം കാണിക്കാനെത്തി. കോമളവദനനായ ബാലനെ കണ്ട മുസ്തഫ, ബാലനെ തനിക്കു വിട്ടുതരണമെന്ന് ശഠിച്ചു. വെനിഷ്യൻ സൈന്യം, തടവുകാരായ തന്റെ ഏതാനും ഭടന്മാരെ കൊന്നു എന്നതായിരുന്നു ഈ ആവശ്യത്തിന് കാരണമായി പറഞ്ഞത്. ഈ ആവശ്യം അവർ തമ്മിൽ ഏർപ്പെട്ട സന്ധിക്ക് വിരുദ്ധമായതിനാൽ ബ്രഗാഡീനോ അത് നിരസിച്ചു. കോപാകുലരായ തുർക്കികൾ ബ്രഗാഡീനോ ഉൾപ്പെടെയുള്ളവരെ വെട്ടി നുറുക്കി.

അതിക്രമം തുടർന്ന് തുർക്കി

ബ്രഗാഡീനോയുടെ മൂക്കും ചെവികളും ഛേദിച്ചശേഷം രണ്ടാഴ്ചയോളം തടങ്കലിൽ ഇട്ടു. അവശേഷിച്ച ക്രൈസ്തവ സൈന്യത്തെയും നഗരവാസികളെയും തുർക്കികൾ വളഞ്ഞുപിടിച്ചു. ആഗസ്റ്റ് 17ന് ഒരു കഴുതയ്‌ക്കെന്നപോലെ ബ്രഗാഡീനോയുടെ പുറത്തു ജീനിയിടുകയും ഭാരം കയറ്റിവെക്കുകയും ചെയ്തശേഷം അദ്ദേഹത്തെ നഗരത്തിലൂടെ വലിച്ചിഴച്ചു. അദ്ദേഹത്തെ ജീവനോടെ തൊലിയുരിയുവാൻ മുസ്തഫ കൽപ്പിച്ചു. ഈ മൃഗീയമായ ഈ പ്രവർത്തിക്കിടെയായിരുന്നു ബ്രഗാഡീനോയുടെ മരണം.

എന്നാൽ, അദ്ദേഹത്തോടു കാട്ടിയ ക്രൂരത അവിടെയും അവസാനിച്ചില്ല. ഉരിഞ്ഞെടുത്ത തൊലിയിൽ വൈക്കോൽ നിറച്ചു മനുഷ്യകോലമാക്കി, വെനീഷ്യൻ പട്ടാളവേഷം ധരിപ്പിച്ച് ഒരു ഉന്തുവണ്ടിയിൽ ഇരുത്തി മുകളിൽ ഒരു കുടയുംവെച്ച് നഗരപ്രദക്ഷിണം നടത്തി. പിന്നീട് അത് മുസ്തഫയുടെ യുദ്ധക്കപ്പലിന്റെ കൊടിമരത്തിൽ തൂക്കിയിട്ടു. ആ ദിനത്തിന്റെ പരിസമാപ്തിയെന്നോണം തുർക്കികൾ നഗരം കൊള്ളയടിച്ച് 30,000 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു, ശേഷം നഗരത്തെ അഗ്‌നിക്കിരയാക്കി.

അക്കാലത്തെ വാർത്താവിനിമയം മന്ദഗതിയിലായിരുന്നതിനാൽ ഈ സംഭവങ്ങളൊന്നും ‘വിശുദ്ധ സഖ്യ’ ത്തിലുള്ളവർ അറിഞ്ഞിരുന്നില്ല. ഡോൺ ഹ്യൂവാന്റെ നേതൃത്വത്തിലുള്ള ക്രൈസ്തവ സൈന്യം ഇറ്റലിയിലെ സിസിലിയിലെത്തി അടുത്ത നീക്കത്തിനായി കാത്തിരിക്കുകയായിരുന്നു അപ്പോൾ. തുർക്കി സൈന്യത്തിന്റെ പരമോന്നത നേതാവ് ലാല മുസ്തഫ ആയിരുന്നെങ്കിലും അലിപാഷ്യാ ആയിരുന്നു കപ്പൽപ്പടയുടെ നേതാവ്. സൈപ്രസ് ദ്വീപിലെ സംഭവവികാസങ്ങൾക്കു ശേഷം നാവികസേന കിഴക്കൻ മധ്യധാരണാഴി ചുറ്റി സഞ്ചരിക്കുകയും യാത്രാമധ്യേ കാണുന്ന ക്രൈസ്തവ ദ്വീപുകളിലും നഗരങ്ങളിലും നാശം വിതയ്ക്കുകയും ചെയ്തു. ഈ നാവികസേനയിൽ 300 പടക്കപ്പലുകളും 35,000 ഭടന്മാരുമുണ്ടായിരുന്നു. അടിമകളായി പിടികൂടിയ 13,000 ക്രൈസ്തവരെയാണ് തണ്ടു വലിക്കാൻ ഉപയോഗിച്ചത്. അവരവരുടെ സ്ഥാനത്ത് ചങ്ങലകളാൽ ബന്ധിതരായിരുന്നു ഈ അടിമകൾ. തുർക്കി നാവികസേനയുടെ ചലനങ്ങളെപ്പറ്റി ആർക്കും അറിവില്ലായിരുന്നു.

അന്നത്തെ കപ്പലുകൾക്ക് ചലനശേഷി ലഭിച്ചിരുന്നത് കാറ്റ് വഴിയും തണ്ട് വലിക്കുന്ന മനുഷ്യരുടെ പേശീബലം മൂലവുമായിരുന്നു. സ്വന്തം കപ്പൽ കൊണ്ടിടിച്ച് ശത്രുകപ്പലിന് നാശം വരുത്തുക, പീരങ്കി പ്രവർത്തിപ്പിക്കുക, ശത്രുവിന്റെ കപ്പലിൽ കയറിപ്പറ്റി നേർക്കുനേർ പൊരുതുക, തീവയ്ക്കുക എന്നിവയായിരുന്നു അക്കാലത്തെ യുദ്ധമുറകൾ. ‘വിശുദ്ധ സഖ്യ’ത്തിന്റെ നാവികസേനയിൽ 208 യുദ്ധക്കപ്പലുകളും 30,000 ഭടന്മാരും 13,000 നാവികരും ഉണ്ടായിരുന്നു. ഡോൺ ഹ്യൂവാന്റെ കീഴിൽ ആൻഡ്രേയ ഡോറിയാ എന്ന ഇറ്റാലിയൻ ആഡ്മിറലായിരുന്നു നാവിക മേധാവി. കോർഫുവിൽവെച്ചാണ് ഫാമഗുസ്തയിൽ നടന്നകാര്യങ്ങൾ ഒരു വെനീഷ്യൻ കപ്പലിൽനിന്ന് ഡോൺ ഹ്യൂവാൻ അറിയുന്നത്.

പ്രാർത്ഥന ഇന്ധനമായി; ജപമാല ‘ആയുധ’വും!

കത്തോലിക്കാ സൈന്യം 1571 സെപ്തംബർ 16ന് മെസ്സീന തുറമുഖം വിട്ട് ആഴക്കടലിലേക്ക് നീങ്ങിത്തുടങ്ങി. ക്രൈസ്തവ സൈന്യത്തിന്റെ വിജയത്തിനുവേണ്ടി യൂറോപ്പിലെ എല്ലാ ക്രൈസ്തവരും സന്യാസസമൂഹങ്ങളും ഇടതടവില്ലാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് പാപ്പ അഭ്യർത്ഥിച്ചു. ഓരോ കപ്പലും തുറമുഖ കവാടത്തിന്റെ പുറത്തേക്ക് നീങ്ങിയപ്പോൾ അവിടെ നിന്നിരുന്ന പേപ്പൽ പ്രതിനിധി അതിനെയും അതിലുള്ളവരെയും ആശീർവദിച്ചു. എല്ലാവരുടെ കൈയിൽ ജപമാല ഉണ്ടായിരുന്നു. സെപ്തംബർ 27ന് നാവിക വ്യൂഹം ഗ്രീസിന്റെ കോർപ്പ് ദ്വീപിലെത്തി.

അവർക്കുമുമ്പേ തുർക്കികൾ അവിടെ വന്നിരുന്നതായും പതിവുശൈലിയിൽ കൊള്ള, കൊല, ബലാൽക്കാരം എന്നിവ നടത്തുകയും ദൈവാലയങ്ങൾ നശിപ്പിക്കുകയും ചെയ്തശേഷം അവിടം വിട്ടുപോവുകയും ചെയ്തതായി ക്രൈസ്തവ സൈന്യം കണ്ടെത്തി. കത്തോലിക്കാ കപ്പൽ വ്യൂഹത്തിലെ ഏറ്റവും വലിയ രണ്ട് പടക്കപ്പലുകളുടെ കപ്പിത്താന്മാർ മാർക്കന്റോണിയോ ബ്രഗാഡീനോയുടെ സഹോദരന്മാരായിരുന്നു.

തുർക്കികൾ ഗ്രീസിലെ ലെപ്പാന്തോ കടലിടുക്കിൽ ശൈത്യകാലം ചെലവഴിക്കാൻ ഒരുങ്ങുന്നതായി ഡോൺ ഹ്യൂവാസിന് വിവരം ലഭിച്ചു. ശൈത്യകാലത്ത് കടൽക്ഷോഭം രൂക്ഷമാകുന്നതിനാൽ കെട്ടുറപ്പുള്ള തുറമുഖങ്ങളിൽ കപ്പലുകൾ നങ്കൂരമിട്ട് ശിശിരകാലം കഴിയാൻ കാത്തിരിക്കുന്നതായിരുന്നു അന്നത്തെ സമ്പ്രദായം. ഇന്ന് കൊറിന്ത്യൻ ഉൾക്കടൽ എന്ന് വിളിക്കപ്പെടുന്ന സ്ഥലമായിരുന്നു ലെപ്പാന്തോ ഉൾക്കടൽ എന്നു വിളിക്കപ്പെട്ടിരുന്നത്. പാത്രാസ് ഉൾക്കടൽ എന്ന പേരിലും അത് അറിയപ്പെടുന്നുണ്ട്.

ഒക്‌ടോബർ ഏഴ്, ലെപ്പാന്തോയിൽ

1571 ഒക്ടോബർ ഏഴിന് പുലരിയിൽ അനുകൂലമായ കാറ്റിന്റെ ബലത്തിൽ ലെപ്പാന്തോ ഉൾക്കടലിലേക്ക് ക്രൈസ്തവ നാവിക വ്യൂഹം കടന്നുവന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത നീല നിറത്തിലുള്ള ഒരു പതാകയും ഗ്വാഡലൂപ്പാ മാതാവിന്റെ ഒരു ബാനറും ഡോൺ ഹ്യൂവാന്റെ കപ്പലിന്റെ കൊടിമരത്തിൽ പാറിപ്പറന്നു. അന്ന് അതിരാവിൽ ഓരോ കപ്പലിലും ദിവ്യബലി അർപ്പിക്കപ്പെടുകയും എല്ലാവരും അതിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന എല്ലാവർക്കും പൂർണ ദണ്ഡവിമോചനം നൽകപ്പെട്ടു. ആൻഡ്വേയാ ഡോറിയ തന്നെ കപ്പൽവ്യൂഹത്തെ ആക്രമണത്തിനായി കുരിശിന്റെ ആകൃതിയിൽ ഒരുക്കി നിർത്തി. ഡോൺ ഹ്യൂവാൻ ഓരോ കപ്പലിലും കയറി, വിശ്വാസ സംരക്ഷണത്തിനായി പൊരുതാൻ ഭടന്മാരോട് ആഹ്വാനം ചെയ്തു.

ശൈത്യകാലമായിരുന്നതിനാൽ, ക്രൈസ്തവ നാവികസേനയുടെ വരവ് അലിപാഷ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആയതിനാൽ ആവശ്യമായ മുൻകരുതലുകൾ ഒന്നും അദ്ദേഹം എടുത്തിരുന്നുമില്ല. നാവിക വ്യൂഹം അരികിൽ എത്തിയപ്പോഴാണ് അത് ക്രൈസ്തവരുടെ കപ്പൽപ്പടയാണെന്ന് അദ്ദേഹത്തിന് ബോധ്യമായത്. ഒരു ചന്ദ്രക്കലയുടെ രൂപത്തിലാണ് അലിപാഷ തന്റെ നാവികവ്യൂഹത്തെ അണിനിരത്തിയത്. അത് കടലിടുക്കിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഏതാണ്ട് മൂന്ന് മൈൽ നീളമുള്ളതായിരുന്നു.

അലിപാഷയുടെ കപ്പലിന്റെ കൊടിമരത്തിൽ പച്ച നിറത്തിലുള്ള പതാക പാറിക്കളിച്ചു. ആ പതാകയിൽ അള്ളാഹുവിന്റെ പേര് 28,900 തവണ സ്വർണലിപികളിൽ പതിച്ചിരുന്നു. എതിർദിശയിൽനിന്ന് വീശിയിരുന്ന കാറ്റ് തുർക്കിക്കപ്പലുകളുടെ അനായാസ ചലനത്തിന് തടസം സൃഷ്ടിച്ചു.അതിനിടെ തുർക്കിപ്പട വാദ്യാഘോഷങ്ങൾ ആരംഭിച്ചിരുന്നു. ബഹുവിധ വാദ്യോപകരണങ്ങളാലും ഉച്ചസ്വരത്തിലുള്ള മനുഷ്യശബ്ദത്താലും അന്തരീക്ഷം ശബ്ദമുഖരിതമാക്കി. എന്നാൽ, ഡോ ഹ്യൂവാൻ അലിപാഷയുടെ കപ്പലിനുനേരെ ആദ്യ നിറയൊഴിക്കുന്നതുവരെ ക്രൈസ്തവ കപ്പൽ വ്യൂഹം തികഞ്ഞ നിശ്ശബ്ദതയിൽ മുന്നേറി.

തുർക്കി കപ്പലിൽ പാറിപ്പറന്നു ക്രിസ്തുവിന്റെ പതാക

ഡോൺ ഹ്യൂവാന്റെ കപ്പൽ അലി പാഷയുടെ കപ്പലിനെതിരെ പാഞ്ഞു. ‘ഫാമഗുസ്താ, ഫാമഗുസ്താ’ എന്ന വിളി ക്രൈസ്തവ കണ്ഠങ്ങളിൽനിന്നുയർന്നു. ഡോൺ ഹ്യൂവാന്റെ കപ്പലിന്റെ അണിയം, വൻ സ്‌ഫോടന ധ്വനിയോടെ അലിപാഷയുടെ കപ്പലിന്റെ ഒരു വശത്തേക്കു തുളച്ചുകയറി. ഡോൺ ഹ്യൂവനും ഭടന്മാരും അതിലേക്ക് ചാടിക്കയറി. മറ്റു കപ്പലുകളിലും ഇതേ തരത്തിലുള്ള യുദ്ധം നടന്നു. യുദ്ധം രണ്ടു മണിക്കൂർ നീണ്ടുനിന്നു. ഡോൺ ഹ്യൂവാന്റെ കണങ്കാലിനു പരിക്കു പറ്റിയെങ്കിലും അദ്ദേഹം പോരാട്ടം തുടർന്നു. ഒടുവിൽ, ശിരസിൽ വെടിയുണ്ടകളേറ്റ് അലിപാഷ താഴെ വീണു. പച്ച പതാക അലിപാഷയുടെ കപ്പലിന്റെ കൊടിമരത്തിൽനിന്ന് വലിച്ചിറക്കപ്പെട്ടു, പകരം അവിടെ ക്രൂശിതനായ ക്രിസ്തുവിന്റെ പതാക സ്ഥലം പിടിച്ചു.

മുസ്ലീം കപ്പലുകളിൽ തണ്ട് വലിക്കുന്നിടത്ത് ചങ്ങലകളാൽ ബന്ധിതരായിരുന്ന ക്രൈസ്തവ അടിമകൾ, അവർ കരുതിവച്ചിരുന്ന അരങ്ങൾകൊണ്ട് ചങ്ങലകൾ മുറിച്ചു ക്രിസ്തീയ പക്ഷം ചേർന്ന് പൊരുതി. ഒരു സ്പാനിഷ് പടയാളി അലിപാഷയുടെ സ്വന്തം വാൾ ഉപയോഗിച്ച് മൃതദേഹത്തിൽനിന്ന് തല ഛേദിച്ച് അത് എന്തു ചെയ്യണമെന്ന് ഡോൺ ഹ്യൂവനോട് ആരാഞ്ഞു. കടലിലേക്കെറിയൂ എന്ന അദ്ദേഹത്തിന്റെ ഉത്തരവ് ഭടൻ ശിരസാവഹിച്ചു.

എന്നാൽ, വേറൊരു പടയാളി കടലിൽ ചാടി തല വീണ്ടെടുത്തു. ഒരു കുന്തമുനയിൽ കുത്തി അതിനെ കപ്പലിൽ നാട്ടി. വെള്ളത്തിന്മേൽ പടർന്ന എണ്ണയ്ക്ക് തീ പിടിച്ചു. കപ്പലുകൾക്കു ചുറ്റും തീ കത്തുകയായിരുന്നു. മൃതദേഹങ്ങൾകൊണ്ടും കപ്പലുകളും അവശിഷ്ടങ്ങൾ കൊണ്ടും ഉൾക്കടൽ നിറഞ്ഞു. മനുഷ്യരക്തം കൊണ്ടു കടൽ ചുവന്നു. 8000 തുർക്കുകളുടെയും 7500 ക്രൈസ്തവരുടെയും മൃതദേഹങ്ങൾ മറ്റ് അവശിഷ്ടങ്ങൾക്കൊപ്പം കടലിൽ ഒഴുകിനടന്നു. അവരുടെ 117 കപ്പലുകൾ പിടിച്ചെടുക്കപ്പെടുകയും 50 എണ്ണം അഗ്‌നിക്കിരയാകുകയും ചെയ്തു. 50 തുർക്കിക്കപ്പലുകൾക്കു മാത്രമേ അവിടുന്നു രക്ഷപ്പെടാനായുള്ളൂ.

പീയൂസ് അഞ്ചാമൻ പാപ്പ

‘ഒക്‌ടോബർ’ പ്രഖ്യാപനം നിത്യനഗരത്തിൽ

ലെപ്പാന്തോയിൽ ക്രൈസ്തവ സൈന്യം വിജയം കൈവരിച്ച സമയം, പീയൂസ് അഞ്ചാമൻ പാപ്പ നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വത്തിക്കാനിൽ സമ്മേളിച്ച ഒരു ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് ജനലിനരുകിലെത്തി ആകാശത്തേക്ക് നോക്കിക്കൊണ്ടു ഇങ്ങിനെ അരുൾ ചെയ്തു: ‘ഇതാ ഇപ്പോൾ ദൈവത്തിനു നന്ദി സമർപ്പിക്കാനുള്ള സമയം ആഗതമായിരിക്കുന്നു. തുർക്കികൾക്കുമേൽ നമ്മുടെ സൈന്യം വിജയശ്രീലാളിതരായിരിക്കുന്നു.’

പിറ്റേ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദൈവത്തിന് നന്ദിസൂചകമായി ആഘോഷമായ ദിവ്യബലിയർപ്പിക്കുകയും ‘തദേവൂം’ എന്ന സ്‌തോത്രഗീതം ആലപിക്കുകയും ചെയ്തു. ക്രൈസ്തവർക്ക് ഈ മഹാവിജയം നേടിത്തന്ന പരിശുദ്ധ അമ്മയുടെ സ്തുതിക്കായി ഒക്ടോബർ ഏഴ് സാർവത്രിക സഭയിൽ വിജയ മാതാവിന്റെ തിരുനാളായി പാപ്പ പ്രഖ്യാപിച്ചു. ജപമാല അർപ്പണത്തിലൂടെ ക്രൈസ്തവർക്ക് വിജയമുണ്ടാകയാൽ ഒക്ടോബർ മാസം ജപമാല മാസമായി മാറുകയും ലെപ്പാന്തോയിലെ വിജയ ദിവസമായ ഒക്‌ടോബർ ഏഴ് ജപമാലയുടെ തിരുനാളായി ഭവിക്കുകയും ചെയ്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?