Follow Us On

23

December

2024

Monday

ഭൂമിയിൽ സ്വർഗം ആസ്വദിക്കാൻ ഏഴ് കുറുക്കുവഴികൾ! അന്നും ഇന്നും എന്നും പ്രസക്തം കോൾബെയുടെ നിർദേശങ്ങൾ

ഫാ. ജയ്‌സൺ കുന്നേൽ എം.സി.ബി.എസ്

ഇന്ന് (ഓഗസ്റ്റ് 14) വിശുദ്ധ മാക്‌സിമില്യൻ കോൾബെയുടെ തിരുനാൾ. സ്വർഗം മുന്നിൽ കണ്ട് ജീവിച്ച വിശുദ്ധ കോൾബെ ഭൂമിയിൽ സ്വർഗരാജ്യത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാൻ പങ്കുവെച്ച കറുക്കുവഴികൾ വായിക്കാം, ഈ അനുഗൃഹീത ദിനത്തിൽ.

ദുരിതം നിറഞ്ഞ നമ്മുടെ നൂറ്റാണ്ടിന്റെ സ്വർഗീയ മധ്യസ്ഥൻ- വിശുദ്ധ മാക്‌സിമില്യൻ കോൾബെയെ ഇപ്രകാരമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശേഷിപ്പിച്ചത്. ചെറുപ്പം മുതൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തീരുമാനിക്കുകയും ഒടുവിൽ മറ്റൊരാൾക്ക് ജീവൻ കൊടുത്ത് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു വിശുദ്ധ മാക്‌സിമില്യൻ കോൾബെ.

ഒരിക്കൽ കോൾബെയുടെ അമ്മ ചോദിച്ചു: ‘മകനെ നിനക്ക് ആരാകാനാണ് ആഗ്രഹം.’ കോൾബെ ഉടനെ പരിശുദ്ധ കന്യകയുടെ തിരുരൂപത്തിനു മുമ്പിൽ പ്രാർത്ഥനാ നിരതനായി. പരിശുദ്ധ കന്യകാമറിയം ദർശനത്തിൽ വെള്ളയും ചുവപ്പും നിറമുള്ള രണ്ട് കിരീടങ്ങൾ കാണിച്ചു കൊടുത്തു. വെള്ള പരിശുദ്ധിയെയും ചുവപ്പ് രക്തസാക്ഷിത്വത്തെയും സൂചിപ്പിക്കുന്നതായിരുന്നു. ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ, രണ്ടും എന്നായിരുന്നു കോൾബെയുടെ മറുപടി.

റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ ഫ്രാൻസിസ്‌കൻ സഭയിൽ ചേരാൻ ഇറങ്ങിത്തിരിച്ചു. മൂന്നു വർഷത്തിനുശേഷം ഫ്രാൻസിസ്‌കൻ നവ സന്യാസിയായി മാക്‌സിമില്യൻ എന്ന പേരു സ്വീകരിച്ചു. പഠനത്തിൽ സമർത്ഥനായ കോൾബേ 1915ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയായ സെന്റ് ബോനവന്തുരായിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.

1918 പൗരോഹിത്വം സ്വീകരിച്ച അദ്ദേഹം പോളണ്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഭക്തി പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്ത്യത്. 1919 മുതൽ 1922 വരെ ക്രാക്കോവിലെ സെമിനാരിയിൽ അധ്യാപകനായിരുന്നു അദ്ദേഹം. 1922 ജനുവരിയിൽ ‘നൈറ്റ്‌സ് ഓഫ് ഗ ഇമ്മാക്കുലേറ്റ്’ എന്ന മാസികയ്ക്ക് തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ ശ്രമങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു നീങ്ങി. 1927ൽ വാഴ്‌സോയ്ക്ക് സമീപം ഒരു ഫ്രാൻസിസ്‌കൻ ആശ്രമം അദേഹം തുടങ്ങി. 726 അംഗങ്ങളുണ്ടായിരുന്ന ഈ ആശ്രമം ആക്കാലത്തെ ഏറ്റവും വലിയ ഫ്രാൻസിസ്‌കൻ ആശ്രമമായിരുന്നു.

1939ൽ ജർമനി പോളണ്ടിനെ ആക്രമിച്ചപ്പോൾ ഈ ആശ്രമം 3000 പോളണ്ടുകാർക്കും 1500 യഹൂദർക്കും അഭയം നൽകി. 1940ലെ പല മാസങ്ങളിലും ഫാ. കോൾബെയെ നാസീ സൈന്യം അറസ്റ്റു ചെയ്യുകയും താൽക്കാലികമായി വിട്ടയക്കുകയും ചെയ്തു. 1941 ഫെബ്രുവരി 17ന് വീണ്ടും അറസ്റ്റു ചെയ്തു. മേയിൽ നാസി തടങ്കൽ പാളയമായ ഓഷ്വിറ്റ്‌സിലേക്ക് മാറ്റി. ‘16670’ ആയിരുന്നു തടങ്കൽ പാളയത്തിൽ ഫാ. കോൾബെയുടെ നമ്പർ.

ദുരിത പൂർണമായ സാഹചര്യത്തിലും പൗരോഹിത്യ കടമകൾ അദ്ദേഹം നിർവഹിച്ചു. സഹതടവുകാർക്ക് ശക്തിയും ധൈര്യവും പകർന്നു. ഒടുവിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണായ കുടുംബനാഥന്റെ ജീവന് പകരമായി സ്വന്തം ജീവൻ നൽകാൻ അവിടെവെച്ച് ഫാ. കോൾബെ സന്നദ്ധനായി. അതേതുടർന്ന് നാസികൾ അദ്ദേഹത്തെ പട്ടിണിക്കിട്ടെങ്കിലും മരിക്കാത്തതിനെ തുടർന്ന് 1941 ഓഗസ്റ്റ് 14ന് മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1982 ഒക്ടോബർ 10ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോൾബെയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

സ്വർഗം മുമ്പിൽ കണ്ടു ജീവിച്ച കോൾബെ, ഭൂമിയിൽ സ്വർഗരാജ്യത്തിന്റെ മുന്നാസ്വാദനം അനുഭവിക്കാൻ നിർദേശിച്ച ചില കറുക്കുവഴികൾ അന്നും ഇന്നും എന്നും പ്രസക്തമാണ്. അവ ചുവടെ കൊടുക്കുന്നു:

1) ആത്മാർത്ഥതയോടും ജാഗ്രതയോടും പാപാപത്തെ കുറിച്ചുള്ള തീവ്രമായ ദുഃഖത്തോടുംകൂടെ ജീവിതം നവീകരിച്ചു കൊള്ളാം എന്ന ദൃഢ പ്രതിജ്ഞയോടെ കുമ്പസാരത്തിനണയുക.

2) പരിപൂർണ ഒരുക്കത്തോടെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുക.

3) പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക

4) സ്വന്തം കടമകൾ കൃത്യമായി നിർവഹിക്കുക.

5) പരിശുദ്ധ കന്യാകാമറിയത്തിന്റെ മധ്യസ്ഥത്തിലൂടെ എളിമയോടും നിരന്തരമായും ദൈവസിംഹാസനത്തിലേക്ക് പ്രാർത്ഥനകൾ ഉയർത്തുക.

6) സ്‌നേഹിക്കുന്ന ഹൃദയത്തോടെ സഹോദരങ്ങളെ സ്വാഗതം ചെയ്യുക. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടകളും ദൈവത്തെപ്രതി സഹിക്കുക.

7) ദൈവസ്‌നേഹത്തെപ്രതി എല്ലാവരോടും നന്മ ചെയ്യുക, ശത്രുക്കളോടും പോലും. അല്ലാതെ മറ്റുള്ളവരുടെ സ്തുതിയും നന്ദിയുമാകരുത് നന്മയുടെ മാനദണ്ഡം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?