Follow Us On

05

May

2024

Sunday

മാരിവില്ലില്‍ ചാരിനിന്ന്…!

മാരിവില്ലില്‍  ചാരിനിന്ന്…!

ബിജു ഡാനിയേല്‍

മഴവില്ലു കാണുമ്പോള്‍ മനം കുളിര്‍ക്കുന്നവരാണ് മനുഷ്യര്‍. മഴവില്ലിന്റെ ചാരുതയില്‍ ലയിക്കാത്തവരായി ആരുംതന്നെയില്ല. മഴവില്ലുകള്‍ പകരുന്ന വിസ്മയങ്ങളിലേക്ക് കടന്നുചെന്നവര്‍ ലോകത്തിലേറെയുണ്ടാകും. മഴവില്ലുകള്‍ എങ്ങനെ ഉടലെടുക്കുന്നുവെന്നും അതിലെ നിറവ്യതിയാനങ്ങളുടെ ആവിര്‍ഭാവം എങ്ങനെയാണെന്നും ഏതൊക്കെ നിറങ്ങളുടെ സമ്മിശ്രണമാണ് മഴവില്ലുകളില്‍ കാണുന്നതെന്നും പതിമൂന്നാം നൂറ്റാണ്ടുവരെ ആര്‍ക്കും വ്യക്തതയില്ലായിരുന്നു. ഇപ്പറഞ്ഞ സംശയങ്ങള്‍ അര്‍ത്ഥശങ്കയില്ലാതെ വിശദീകരിച്ച ശാസ്ത്രജ്ഞനാണ് ഡൊമിനിക്കന്‍ സന്യാസ വൈദികനായ ഫ്രൈബര്‍ഗിലെ ഫാ. തിയോഡോറിക്.
ദൈവശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമാണ് ജര്‍മനിയില്‍നിന്നുള്ള ഡൊമിനിക്കന്‍ സഭാംഗമായ ഫാ. തിയോഡോറിക്. 1293 ല്‍ ഡൊമിനിക്കന്‍ സഭയുടെ പ്രൊവിന്‍ഷ്യാളായിരുന്നു. പഠനവിചിന്തനങ്ങളെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിലെ ശ്രദ്ധേയനായ തത്വശാസ്ത്രജ്ഞനായും ദൈവശാസ്ത്രജ്ഞനായും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 1271-ല്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ ഡൊമിനിക്കന്‍ സന്യാസ സഭയുടെ ഫ്രൈബര്‍ഗിലെ പ്രാദേശിക ആശ്രമത്തില്‍ ചേര്‍ന്നു പഠിക്കുകയും അവിടെത്തന്നെ പരിശീലകനാകുകയും ചെയ്തു.

തിരുസഭയുടെ വേദപാരംഗതനും വിശുദ്ധനുമായ ആല്‍ബര്‍ട്ട്‌സ് മാഗ്നസിന്റെ ആശയങ്ങളില്‍ തിയോഡോറിക്കും ഏറെ ആകൃഷ്ടനായിരുന്നു. അക്കാലഘട്ടത്തിലെ അനേകം തത്വശാസ്ത്രജ്ഞര്‍ മാഗ്നസിന്റെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നു. വിശ്വജ്ഞാനി എന്നറിയപ്പെട്ടിരുന്ന മാഗ്നസിന്റെ സാര്‍വലൗകിക താല്‍പര്യങ്ങളില്‍ തിയോഡോറിക്കും വലിയ ആഭിമുഖ്യമാണ് പുലര്‍ത്തിയിരുന്നത്. മാഗ്നസിന്റെ കാലം അവസാനിക്കാറായപ്പോഴാണ് തിയോഡോറിക്ക് രംഗപ്രവേശം ചെയ്യുന്നത്. അതിനാല്‍തന്നെ ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതിനോ മാഗ്നസിന്റെ കീഴില്‍ അധ്യയനം നടത്തുവാനോ ഉള്ള സാധ്യതകള്‍ വിരളവുമാണ്. സര്‍വകലാശാലകളില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കിയിരുന്നതിനാല്‍ ‘മജിസ്റ്റര്‍’ എന്ന വിശേഷണം തിയോഡോറിക്കിനുണ്ടായിരുന്നു എന്ന് മധ്യകാലരേഖകള്‍ വെളിവാക്കുന്നു.

ഫ്രൈബര്‍ഗില്‍ കുറഞ്ഞ കാലം അധ്യാപനം നടത്തിയതിനുശേഷം അദ്ദേഹം പാരീസിലേക്ക് യാത്രയായി. 1272-74 കാലഘട്ടത്തില്‍ അവിടെ ചെലവഴിച്ച തിയോഡോറിക്കിന്റെ സഹപാഠികള്‍ ആരൊക്കെ ആയിരുന്നുവെന്ന് വ്യക്തമായിട്ടില്ല. പാരീസിലെ ‘ഉദാത്ത ഗുരു’വിനെപ്പറ്റി (Solemn master) തിയോഡോറിക് പരമാര്‍ശിച്ചതായി എം.എല്‍. ഫഹ്‌റര്‍ വിവര്‍ത്തനം ചെയ്ത ‘സാമര്‍ത്ഥ്യത്തെയും ബുദ്ധിശക്തിയെയും കുറിച്ചുള്ള വര്‍ണന’ (Treatise on the Intellect and the Inteligible) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നു. തിയോഡോറിക് എത്രകാലം പാരീസില്‍ ഉണ്ടായിരുന്നുവെന്നും തെളിവില്ല. എന്നാല്‍ 1293ല്‍ ജര്‍മനിയിലെ വുസ്ബര്‍ഗ് ഡൊമിനിക്കന്‍ ആശ്രമത്തിന്റെ അധിപന്‍ തിയോഡോറിക്കായിരുന്നുവെന്നും ട്യൂടോണിയയിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നുവെന്നും പിന്നീട് ജര്‍മന്‍ പ്രൊവിന്‍സിന്റെ സുപ്പീരിയറായി ഉയര്‍ത്തപ്പെട്ടുവെന്നും രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

1296-97 വര്‍ഷങ്ങളില്‍ പാരീസിലെ ദൈവശാസ്ത്ര വിദഗ്ധനായിട്ടാണ് തിയോഡോറിക്ക് അറിയപ്പെട്ടിരുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ മജിസ്റ്റര്‍ എന്ന വിശേഷണം ലഭിച്ചിരുന്ന രണ്ടു ജര്‍മന്‍കാരില്‍ ഒരാള്‍ തിയോഡോറിക്കായിരുന്നു. അപരന്‍ ആല്‍ബര്‍ട്ട് മാഗ്നസും. 1310-ല്‍ ജര്‍മനിയിലെ വികാര്‍ പ്രൊവിന്‍ഷ്യാളായി നിയമിതനായതാണ് തിയോഡോറിന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ട അവസാനത്തെ ഔദ്യോഗിക സ്ഥാനം.
മഴവില്ലിന്റെ വിശദീകരണം നല്‍കുന്നതില്‍ പതിമൂന്നാം നൂറ്റാണ്ടുവരെയുള്ള ശാസ്ത്രകാരന്മാര്‍ ഏറെ ക്ലേശിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ തിയോഡോറിക്കാണ് ഈ പ്രത്യേകതയ്ക്ക് യൂറോപ്പില്‍ ജ്യാമിതീയ വിശകലനം (Geometrical analysis) ആദ്യമായി തയാറാക്കിയത്. പ്രകാശശാസ്ത്ര മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ പഠനമായിരുന്നു തിയോഡോറിക്കിന്റേത്. ഇതിനദ്ദേഹത്തെ സഹായിച്ചത് പ്രകാശത്തെയും നിറങ്ങളെയും ആസ്പദമാക്കി അദ്ദേഹം വളരെ മുമ്പു വരച്ച രണ്ടു ചിത്രങ്ങളായിരുന്നു.

1304-നും 1311-നുമിടയില്‍ ഈ ചിത്രങ്ങളെ ജ്യോമെട്രിയിലൂടെയും പുനരവതരണ പരീക്ഷണങ്ങളിലൂടെയും വിശകലനം നടത്തി കണ്ടെത്തിയ വിശദാംശങ്ങള്‍ അദ്ദേഹം ‘മഴവില്ലില്‍ വികിരണം പ്രദാനം ചെയ്യുന്നത്’ (On the rainbow and the impression created by irradiance) എന്ന പഠനമായി പ്രസിദ്ധീകരിച്ചു. ഇതുകൂടാതെ അദ്ദേഹം വിശദീകരിച്ച ഇതര പ്രത്യേകതകള്‍ ഇവയാണ്: പ്രഥമവും ദ്വിതീയവുമായ (Primary and secondary) മഴവില്ലുകളുടെ നിറങ്ങള്‍, അവയുടെ സ്ഥാനങ്ങള്‍ എന്നിവയും ഓരോ മഴത്തുള്ളിയിലൂടെയുമുള്ള സൂര്യപ്രകാശപാതയുമാണ്.
വെള്ളം നിറച്ച ഗോളാകൃതിയിലുള്ള ഫഌസ്‌കുകളും സ്ഫടിക ഗ്ലോബുകളും ഉപയോഗിച്ച് മഴത്തുള്ളികളിലൂടെ മഴവില്ലുകളെ പുനരവതരിപ്പിക്കാന്‍ തിയോഡോറിക്കിന് കഴിഞ്ഞിരുന്നു. വെള്ളത്തുള്ളികളിലൂടെ കടക്കുന്ന സൂര്യപ്രകാശം ഉളവാക്കുന്ന നിറവ്യതിയാനങ്ങള്‍ കൃത്യമായി നിര്‍വചിക്കാന്‍ ഗ്ലാസ് ഗ്ലോബ് ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.

ആധുനിക ശാസ്ത്രകാരന്മാരും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലികളെ അവലംബിക്കുന്നതായി കാണുന്നുണ്ട്. അമേരിക്കയില്‍ റോഡ് ഐലന്‍ഡ് സ്റ്റേറ്റിലെ പ്രൊവിഡന്‍സിലുള്ള സര്‍വകലാശാലയില്‍ സ്ഫടിക ഗ്ലോബുകളുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ പ്രതിബിംബവും (reflection) കിരണഭിന്നതയും (refraction) ഉളവാക്കുകയും അവര്‍ മഴവില്ല് സൃഷ്ടിക്കുകയും ചെയ്തു. സുതാര്യവും (Transparent) അതാര്യവുമായ (opaque) വസ്തുക്കളിലൂടെയുള്ള പ്രകാശകിരണങ്ങളുടെ പ്രതിബിംബവും അപവര്‍ത്തനവും തിയോഡോറിക്ക് പഠനവിഷയമാക്കിയിരുന്നു. ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ പരീക്ഷണ പഠനപ്രഖ്യാപനങ്ങളാണ്, ആകാശമേഘങ്ങളിലെ വെള്ളത്തുള്ളികളില്‍ പതിക്കുന്ന പ്രകാശത്തിന്റെ പ്രതിബിംബമാണ് മഴവില്ലുകള്‍ ഉണ്ടാക്കാന്‍ കാരണമെന്ന വിശദീകരണത്തിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?