കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)
സ്‌നേഹംപോലെതന്നെ, എല്ലാ മനുഷ്യരെയും അവര്‍ പുറമേ എത്ര ധീരരായി കാണപ്പെട്ടാലും, സ്വാധീനിക്കുന്ന ഒരു വികാരമാണ് ഭയം. പല രൂപങ്ങളിലും ഭാവങ്ങളിലും ഭയം മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാറുണ്ട്. രോഗഭയം, മരണഭയം, ജീവികളോടുള്ള ഭയം തുടങ്ങി പ്രത്യേകിച്ച് കാരണമൊന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത അകാരണഭയവും മനുഷ്യരെ ഗ്രസിക്കുന്നു. ഭയം മനുഷ്യനെ നിരുന്മേഷനാക്കുകയും അവന്റെ കര്‍മശേഷി പൂര്‍ണമായി ചോര്‍ത്തിക്കളയുകയും ചെയ്യുന്നു.
ഉള്ളില്‍നിന്ന് ഭയം എടുത്തുമാറ്റി അവിടെ സമാധാനം നിറയ്ക്കുവാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല. അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ. യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാരുടെ മധ്യത്തില്‍ പ്രത്യക്ഷനായ ഉത്ഥിതനായ യേശു ആശംസിക്കുന്നത് ”നിങ്ങള്‍ക്ക് സമാധാനം” എന്നാണ്. ഭയം നമ്മെ വന്ന് മൂടുമ്പോള്‍ ഉള്ളില്‍നിന്ന്, ‘ഭയപ്പെടേണ്ട’ എന്ന് മന്ത്രിക്കുന്ന യേശുവിന്റെ സ്വരം കേള്‍ക്കുവാന്‍ ശ്രദ്ധിക്കുക. ആ സ്വരം നമുക്ക് എന്തെന്നില്ലാത്ത ആന്തരികബലം പകരും.
അസാധാരണമായ മറ്റൊരു ഭയത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഫോബിയ എന്ന ഇംഗ്ലീഷ് വാക്കിന് ഡിക്ഷനറി നല്‍കുന്ന അര്‍ത്ഥം നോര്‍മല്‍ അല്ലാത്ത ഭയം അല്ലെങ്കില്‍ വെറുപ്പ് എന്നാണ്. ഇക്കാലത്ത് ചില മതവിഭാഗങ്ങളോട് ഇത്തരത്തിലുള്ള ഒരു നീരസം വളര്‍ന്നുവന്ന് അതൊരു വല്ലാത്ത ഭയമായി രൂപാന്തരപ്പെടുന്നത് കാണാം. അവരുടെയിടയിലുള്ള തീവ്രവാദികള്‍ നടത്തുന്ന നിഷ്ഠൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ഇപ്രകാരമുള്ള ഫോബിയ രൂപപ്പെടുവാനുള്ള കാരണം. അത്തരത്തിലുള്ള ഭയം വളര്‍ന്ന് ആ മതവിഭാഗങ്ങളെ മൊത്തം അകറ്റിനിര്‍ത്തുവാനുള്ള ശക്തമായ പ്രേരണയായി മാറുന്നു. ഇന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും ഇത്തരത്തിലുള്ള ഫോബിയായില്‍നിന്ന് ഉടലെടുക്കുന്നതാണ്.
ഇതൊരു കെണിയാണ്. കാരണം ഇത് യേശുക്രിസ്തു നമുക്ക് നല്‍കിയ ഏറ്റവും അടിസ്ഥാന പ്രമാണമായ സ്‌നേഹത്തിന്റെ കല്പനയ്ക്ക് എതിരാണ് എന്നതുതന്നെ. ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” (മര്‍ക്കോസ് 12:31). ഈ മാറ്റിനിര്‍ത്തലും സ്‌നേഹത്തിന്റെ കല്പനയും എങ്ങനെ പൊരുത്തപ്പെട്ടുപോകും? ദൈവം സ്‌നേഹമാണെന്ന് വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന നമുക്ക് ഒരു വിഭാഗത്തെ എങ്ങനെ വെറുത്ത് അകറ്റി നിര്‍ത്തുവാനാകും? ”സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്ന് നിങ്ങള്‍ക്കറിയാമല്ലോ.” സ്‌നേഹത്തിന്റെ പ്രവാചകനായ വിശുദ്ധ യോഹന്നാന്റെ വാക്കുകള്‍ നാം നടക്കുന്ന വഴി തിരിച്ചറിയുവാന്‍ വെളിച്ചം പകരും. നമ്മെ ഉപദ്രവിക്കുന്നരെപ്പോലും വെറുക്കുവാന്‍ നമുക്ക് അവകാശമില്ലല്ലോ. ”എന്തെന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ”ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 5:44). ശത്രുക്കളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നംകണ്ട യേശുക്രിസ്തുവിന്റെ അനുയായികള്‍ക്ക് എങ്ങനെ ഇത് ചെയ്യാനാകും? ചില മതവിഭാഗങ്ങളെ ഇങ്ങനെ മൊത്തം മാറ്റിനിര്‍ത്തിയാല്‍ എങ്ങനെ അവരോട് സുവിശേഷം പ്രസംഗിക്കും?
അതിക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും നടത്തുന്ന തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. പക്ഷേ, എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്യുന്നു? ”നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിന് ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇത് ചെയ്യും” ( യോഹന്നാന്‍ 16:2-3). പിതാവിന്റെ യഥാര്‍ത്ഥ സ്‌നേഹത്തെയും അവിടുന്ന് അയച്ച ഏകരക്ഷകനായ യേശുക്രിസ്തുവിനെയും അവര്‍ അറിഞ്ഞിട്ടില്ല. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍? അവരോ, നമ്മളോ? രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സകല ജനതകള്‍ക്കും അവകാശപ്പെട്ട സദ്‌വാര്‍ത്ത വേണ്ടവിധം അറിയിക്കുവാന്‍ പരാജയപ്പെട്ട നമ്മെ അവരിലൂടെ കുറ്റപ്പെടുത്തുകയാണ് ദൈവം ചെയ്യുന്നത് എന്നുവേണം മനസിലാക്കുവാന്‍. അന്ത്യകാലഘട്ടത്തിന്റെ ഒരു സൂചനകൂടിയാവാം യേശു ഇതിലൂടെ നല്‍കുന്നത് (‘സമയം വരുന്നു’ എന്നത് ശ്രദ്ധിക്കുക). കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിഞ്ഞ് എത്രയും അടിയന്തരമായി സുവിശേഷം പകരുവാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്. അല്ലാതെ ഭയത്തിനടിമകളാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനല്ല.
ഇതൊരു കെണിയാകുവാനുള്ള മറ്റൊരു കാരണം ഇതിലൂടെ ശത്രു നമ്മുടെ ഫോക്കസ് മാറ്റുന്നു എന്നതാണ്. യഥാര്‍ത്ഥലക്ഷ്യം മറന്ന്, നാം നിഴലുകള്‍ക്ക് പിറകേ പായുകയാണ്. നിഴലുകളോടാണ് നാം ഇപ്പോള്‍ യുദ്ധം ചെയ്യുന്നത്. അതുവഴി നമ്മുടെ വളരെ അമൂല്യമായ സമയവും ഊര്‍ജവും നാം പാഴാക്കിക്കളയുന്നു. ഈ വഴിതെറ്റലും അവസാന കാലഘട്ടത്തിന്റെ ഒരു അടയാളമാണ്. നിങ്ങളുടെ ശ്രദ്ധയെ പ്രശസ്ത ആംഗലേയ കവിയായ യേറ്റ്‌സ് എഴുതിയ പ്രവാചകാത്മകമായ ‘സെക്കന്‍ഡ് കമിംഗ്’ (രണ്ടാം വരവ്) എന്ന കവിതയിലേക്ക് ക്ഷണിക്കുന്നു. അതില്‍ ഈ വരികള്‍ ശ്രദ്ധേയമാണ്:
The best lack all conviction, while the worst
Are full of passionate intensity.
അരാജകത്വം അഴിഞ്ഞാടുന്ന ഒരു കാലഘട്ടം, നിഷ്‌കളങ്കത തീര്‍ത്തും മുങ്ങിപ്പോയിരിക്കുന്നു. വഴി കാണിക്കേണ്ട ഉത്തമ വ്യക്തികള്‍ക്കുപോലും ബോധ്യം നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ത്തും വഴിതെറ്റിയവര്‍ അധമവികാരങ്ങളാല്‍ നിറഞ്ഞ് ഉറഞ്ഞുതുള്ളുന്നു. അന്ധകാരം പല രൂപങ്ങളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ നാം ഉണര്‍ന്ന് പ്രാര്‍ത്ഥിക്കണം, സുബോധമുള്ളവരാകുവാന്‍, യേശു കാണിച്ച യഥാര്‍ത്ഥ വഴി നഷ്ടപ്പെടാതിരിക്കുവാന്‍. നിഴലുകളെ നോക്കിക്കൊണ്ടിരുന്നാല്‍ ഭയം വര്‍ധിക്കുകയേയുള്ളൂ. നമ്മുടെ ലക്ഷ്യവും മറന്നുപോകും. അതിനാല്‍ പ്രകാശമായ ക്രിസ്തുവിലേക്ക് നമുക്ക് തിരിയാം. അവിടുത്തെ മുഖത്തേക്കുമാത്രം നോക്കാം. ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹ. 8:12). പ്രകാശത്തെ അനുഗമിച്ച്, പ്രകാശം പകര്‍ന്നു നല്‍കി, പ്രകാശത്തിന്റെ പ്രവൃത്തികള്‍ ചെയ്ത് നമുക്ക് ധീരസാക്ഷികളാകാം.
Leave a Comment
Your email address will not be published. Required fields are marked with *