Follow Us On

22

November

2024

Friday

ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: വിശുദ്ധ നാടിനുവേണ്ടി  ആഗോള ക്രൈസ്തവരുടെ സഹായം അഭ്യർത്ഥിച്ച് വത്തിക്കാൻ

ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: വിശുദ്ധ നാടിനുവേണ്ടി  ആഗോള ക്രൈസ്തവരുടെ  സഹായം അഭ്യർത്ഥിച്ച് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: വിശുദ്ധനാടിനുവേണ്ടി ദൈവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷാമധ്യേ നടത്തുന്ന സ്തോത്രക്കാഴ്ചയിൽ വിശ്വാസീസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വത്തിക്കാൻ. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം മുന്നോട്ടുവരണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഓർമിപ്പിച്ച് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിശുദ്ധനാടിനെ സഹായിക്കാൻ ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്ന പേരിൽ സ്തോത്രക്കാഴ്ച സ്വീകരിക്കുന്ന പതിവിന് 1974ൽ പോൾ ആറാമൻ പാപ്പയാണ് തുടക്കം കുറിച്ചത്. വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണം, വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുള്ള സഹായ പദ്ധതികൾ എന്നിവ ഉൾപ്പെടെ വിപുലമായ സഹായ പദ്ധതികൾക്കായാണ്, ദുഃഖവെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ദൈവാലയങ്ങളിൽനിന്ന് സമാഹരിക്കുന്ന സ്തോത്രക്കാഴ്ച വിനിയോഗിക്കുക.

കഴിഞ്ഞ എട്ട് നൂറ്റാണ്ടോളമായി വിശുദ്ധ നാട്ടിലെ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെയും നടത്തിപ്പ് ചുമതലയുള്ള ഫ്രാൻസിസ്‌കൻ വൈദികർക്കാണ് സ്തോത്രക്കാഴ്ചയുടെ 65% കൈമാറുന്നത്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനു പുറമെ സ്‌കോളർഷിപ്പ് വിതരണം, ഭവനരഹിതർക്കായുള്ള വീട് നിർമാണം എന്നിവയ്ക്കും പണം വിനിയോഗിക്കും. ശേഷിക്കുന്ന 35% തുക, സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിനായി പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിക്ക് ലഭ്യമാക്കും.

ജെറുസലേം, പലസ്തീൻ, ഇസ്രായേൽ, ജോർദാൻ, സൈപ്രസ്, സിറിയ, ലെബനോൻ, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുർക്കി, ഇറാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങളാണ് വത്തിക്കാന്റെ മേൽനോട്ടത്തിൽ സമാഹരിക്കുന്ന ഈ സ്തോത്രക്കാഴ്ചയുടെ ഗുണഭോക്താക്കൾ. പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, ബെത്ലഹേം സർവകലാശാല, ജെറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ കീഴിലുള്ള സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനത്തിനും ഈ തുക വിനിയോഗിക്കും. കഴിഞ്ഞ വർഷം ഒൻപത് മില്യൺ ഡോളറാണ് ഇപ്രകാരം സമാഹരിച്ചത്.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് തിരുക്കല്ലറ ദൈവാലയത്തിലെ ക്രൂശിതരൂപത്തിന്റെ ചിത്രം)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?