Follow Us On

20

May

2024

Monday

റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം

റോമില്‍ വച്ച് ചരിത്രത്തിലാദ്യമായി ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം

ലോകമെമ്പാടുനിന്നുമായുള്ള 32 ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നു. ചരിത്രത്തിലാദ്യമായാണ് ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നത്. സമ്മേളനത്തിനായി റോമിലെത്തിയ കാന്റബറി ആര്‍ച്ചുബിഷപ്പും ആംഗ്ലിക്കന്‍ സഭാ തലവനുമായ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നഗരമായ റോമാ നഗരം സമ്മേളനത്തിനായി തിരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് നന്ദി പറഞ്ഞു. ഐക്യത്തിന്റെ നിര്‍മാതാക്കളാകുവാനാണ് കര്‍ത്താവ് നമ്മെ വിളിച്ചരിക്കുന്നത്. ഇതുവരെ  നാം ഒന്നായി തീര്‍ന്നിട്ടില്ലെങ്കിലും നമ്മുടെ അപൂര്‍ണമായ കൂട്ടായ്മ ഒരുമിച്ച് നടക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കരുത്.

നമ്മുടെ ഇടയിലെ വ്യത്യാസങ്ങള്‍ നമ്മെ ഒരുമിപ്പിക്കുന്ന കാര്യങ്ങളുടെ പ്രാധാന്യത്തെ ഒട്ടും കുറയ്ക്കുന്നില്ല. മാമ്മോദീസാ സ്വികരിച്ച നാം ക്രിസ്തുവില്‍ സഹോദരീസഹോദരങ്ങളാണ്. കഴിഞ്ഞ അമ്പത് വര്‍ഷമായി തുടരുന്ന ആംഗ്ലിക്കന്‍-റോമന്‍ കാത്തലിക്ക് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞു. പിതാവായ ദൈവത്തിലും കര്‍ത്താവായ യേശു ക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള പൊതുവായ വിശ്വാസവും  പൊതുവായ മാമ്മോദീസായിലുള്ള വിശ്വാസവും, വിശുദ്ധ ഗ്രന്ഥഭാഗങ്ങളും, വിശ്വാസപ്രമാണവുമെല്ലാം ഇരുസഭകളുടെയും പൊതുവായ പാരമ്പര്യത്തിന്റെ ഭാഗമാണ്.

ഇന്നത്തെ മുറിവേറ്റ ലോകത്തിന് ക്രിസ്തുവിനെ ആവശ്യമുണ്ട്.  ദൈവാലയകവാടത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനായ വ്യക്തിയോട് പത്രോസ് ശ്ലീഹാ പറഞ്ഞതുപോലെ സ്വര്‍ണമോ വെള്ളിയോ അല്ല ഈ  കാലഘട്ടത്തിന്റെ ആവശ്യം, മറിച്ച് ക്രിസ്തുവും ക്രിസ്തുവിന്റെ സുവിശേഷവുമാണ്. വിഭാഗീയതകള്‍ നിമിത്തം ക്രിസ്തുവിനെ  പ്രഘോഷിക്കുക എന്ന പൊതുവായ ദൗത്യം നാം നിര്‍വഹിച്ചില്ലെങ്കില്‍ അത് വലിയ അപവാദമായി മാറും. മറിച്ച് നമ്മുടെ കാഴ്ചപ്പാടുകള്‍ക്കതീതമായി എളിമയോടെയും സ്‌നേഹത്തോടെയും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചാല്‍ അവിടുന്ന് ഇരു സഭകളെയും കൂടുതല്‍ അടുപ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?