വത്തിക്കാൻ സിറ്റി: റഷ്യൻ സൈനികർ പിടിച്ചുകൊണ്ടുപോയ ഉക്രൈനിയൻ കുട്ടികളെ തിരികെകൊണ്ടുവരാൻ വത്തിക്കാൻ കാര്യമായ ഇടപെടൽ നടടത്തുമെന്ന ഉറപ്പുനല്കി ഫ്രാൻസിസ് പാപ്പ. 41മാത് അപ്പസ്‌തോലിക സന്ദർശനം പൂർത്തിയാക്കി ബുഡാപെസ്റ്റിൽ നിന്നും റോമിലേക്കുള്ള യാത്രാ മധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ. രാജ്യത്ത് സമാധാനം സ്ഥാപിതമാകാനുള്ള പ്രതീക്ഷകൾ, മറ്റുരാജ്യങ്ങളുമായുള്ള ഉഷ്മളബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു.
ചില തടവുകാരെ കൈമാറുന്ന സന്ദർഭങ്ങളിൽ വത്തിക്കാൻ ഒരു മദ്ധ്യസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. അത് നന്നായി നടന്നിട്ടുമുണ്ട്. അതിനാൽ കുട്ടികളെ രാജ്യത്തേയ്ക്ക് അനായസം മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി പ്രവർത്തിക്കാൻ വത്തിക്കാൻ തയ്യാറാണ്, എന്തെന്നാൽ അത് ന്യായമായ കാര്യമാണ്. യുദ്ധത്തിന്റെ കൊള്ളയുടെയോ യുദ്ധം മൂലമുണ്ടാകുന്ന കുടിയിറക്കലിന്റെയോ ചോദ്യമാകുന്നതിന് മുമ്പ് ഇത് മനുഷ്യത്വത്തിന്റെ കാര്യമാണ്. മനുഷ്യസാധ്യമായതെല്ലാം നാം ഇത്തരം കാര്യങ്ങൾക്കായി ചെയ്യണമെന്നും പാപ്പ പറഞ്ഞു.
ഇറ്റലി, സ്‌പെയിൻ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികളെയും ഭർത്താക്കന്മാരെയുമായി യുദ്ധത്തിനെതിരെ പോരാടുന്ന എത്രയോ സ്ത്രീകളുണ്ട്. അവരെക്കുറിച്ചും പരാമർശിച്ച പാപ്പ, അവരെ സഹായിക്കുന്നതിലുള്ള നമ്മുടെ ആവേശം നഷ്ടപ്പെടുത്തരുതെന്നും ഓർമ്മിപ്പിച്ചു. പരസ്പരം ബന്ധപ്പെടാനുള്ള ചാലുകൾ തുറക്കുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. അടച്ചുപൂട്ടലിലൂടെ ഒരിക്കലും സമാധാനം സ്ഥാപിക്കാനാവില്ല. തുറന്ന ബന്ധങ്ങളിലേക്കും സൗഹൃദത്തിന്റെ ചാനലുകളിലേക്കും എല്ലാവരെയും ക്ഷണിക്കുന്നു. പ്രയാസകരമെങ്കിലും ഹംഗറി പര്യടനത്തിലുടനീളവും അധികാരികളോടും ഇതേ സന്ദേശം പങ്കുവെച്ചതായും പാപ്പ ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *